സകല ജീവാത്മക്കളും സ്വീകരിച്ചിട്ടുള്ള ശരീരങ്ങള്‍ പഞ്ചഭൂതമയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നതുമാണ്. ഈ ശരീരത്തില്‍ സ്ഥിതിചെയ്തുകൊണ്ട്, ഞാന്‍ ദേവനാണ്, മനുഷ്യനാണ്, ഞാന്‍ തടിച്ചവനാണ്, മെലിഞ്ഞവനാണ് എന്നിങ്ങനെ ഈ ദേഹം തന്നെയാണ് ഞാന്‍ എന്ന തെറ്റായ അവബോധത്തോടെ സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നു. പക്ഷേ ഈ ശരീരം കാലക്രമത്തില്‍ നശിച്ചുപോകാത്തതാണ്. 'ശീര്യതേ' നശിച്ചുപോകുന്നത്-എന്ന അര്‍ത്ഥമാണ്, ശരീരം എന്ന വാക്കിനുള്ളത്. ഈ ശരീരത്തെ 'ക്ഷേത്രം' എന്നാണ്, ശരീരത്തെ വേണ്ടതുപോലെ അറിയുന്നവര്‍ പറയുന്നത്. ക്ഷേത്രം എന്നത് സംസ്‌കൃതപദമാണ്. പാടം (വയല്‍)എന്നാണ് സാഹിത്യപരമായ അര്‍ത്ഥം. പാടത്തില്‍ വിത്ത് വിതയ്ക്കുന്ന കര്‍ഷകന്, വിത്തു മുളച്ച് സസ്യമായി വളര്‍ന്ന് ധാന്യം കൊയ്ത്, ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്നു. അതുപോലെ ശുഭങ്ങളും അശുഭങ്ങളുമായ കര്‍മ്മങ്ങള്‍ കര്‍ത്താവായ ജീവന്‍ ഈ ശരീരംകൊണ്ട് ചെയ്യുന്നു. സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ ക്ഷേത്രം എന്ന നാമം ശരീരത്തിന് യോജിച്ചതു തന്നെ എന്നുപറയാം.
'ക്ഷേത്രം'- എന്ന പദത്തിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ''ക്ഷിണോതി ആത്മാനം അവിദ്യയാ'' ജീവാത്മാവിനെ അജ്ഞതയില്‍ മൂടി, ഭൗതിക സുഖങ്ങള്‍ കിട്ടാന്‍വേണ്ടി ഓടിച്ച് ക്ഷീണിപ്പിക്കുന്നു എന്നും, ഭഗവതത്ത്വവിജ്ഞാനം നേടാനും സംസാരത്തില്‍ നിന്ന് രക്ഷപ്പെടാനും സഹായിക്കുന്നത് എന്നും 'ക്ഷേത്ര' ശബ്ദത്തിന് അര്‍ത്ഥം നല്‍കിയിട്ടുണ്ട്. 'ക്ഷതാത് ത്രായതേ' എന്ന് വ്യുത്പത്തി.
ക്ഷേത്രം എന്ന പദത്തിന് വേറൊരു അര്‍ത്ഥം കൂടിപ്പറയുന്നുണ്ട്. അമ്പലം ദേവാലയം എന്ന് നമ്മള്‍ പറയുന്ന അര്‍ത്ഥം തന്നെയാണത്. ശില്‍പശാസ്ത്രവിധി പ്രകാരം ഒരു മാറ്റവും വരാതെ നിര്‍മിക്കുന്ന ക്ഷേത്രം. ശ്രീകോവിലില്‍ ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ, ആ പേരില്‍ അറിയപ്പെടാന്‍ പൂര്‍ണ്ണ യോഗ്യതയുള്ളൂ. അതുവരെ അത് ഒരു എടുപ്പ് മാത്രമാണ്. അതുപോലെ നമ്മുടെ ശരീരമാകുന്ന ക്ഷേത്രത്തിലെ ഹൃദയമാകുന്ന ശ്രീകോവിലില്‍ ഭഗവാന്റെ സച്ചിദാനന്ദ സ്വരൂപം ധ്യാനിക്കാനും ഭഗവാന്റെ കഥകളും നാമങ്ങളും അവതാരങ്ങളും കേള്‍ക്കാനും കീര്‍ത്തിക്കാനും ആരംഭിച്ചാല്‍ മാത്രമേ, നമ്മുടെ ശരീരത്തെ ക്ഷേത്രം എന്ന് പറയാന്‍ കഴിയൂ എന്ന കാര്യം മറക്കരുത്.
ക്ഷേത്രജ്ഞന്‍- മേല്‍വിവരിച്ച വസ്തുതകള്‍ അറിയുന്ന ജീവനെ ക്ഷേത്രജ്ഞന്‍ എന്ന് ക്ഷേത്രക്ഷേത്ര ജ്ഞാനതത്വം അറിയുന്ന വിദ്വാന്മാര്‍ പറയുന്നു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതലായ പല സാധനങ്ങളും നമ്മള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. നാം ആ സാധനങ്ങളില്‍നിന്ന് വ്യത്യസ്തമാണല്ലോ. അതുപോലെ നമ്മുടെ ശരീരങ്ങളില്‍നിന്ന് നാം വ്യത്യസ്തരാണെന്ന് മനസ്സിലാക്കണം. പക്ഷേ, നമ്മള്‍ മനുഷ്യര്‍-ശരീരവും അതുമായി ബന്ധപ്പെട്ട സകലതുമായും അഭേദ്യമായ ബന്ധം തുടരുകയാണ്.
kanapram
No comments:
Post a Comment