Saturday, February 17, 2018

നല്ല മനുഷ്യനും ദുഷ്ടനും



ഒരിക്കൽ ദുര്യോധനൻ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു. 

"കൃഷ്ണാ, ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. അതേ സമയം, ധർമ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?" 
"ദുര്യോധനാ, നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്തരം നൽകാം. പക്ഷെ നാളെ വരുമ്പോൾ നീ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെക്കൂടി കുട്ടികൊണ്ടുവരണം ." 
ശ്രീകൃഷ്ണൻ പറഞ്ഞു 
അങ്ങനെ ചെയ്യാം എന്നു പറഞ്ഞു ദുര്യോധനൻ പോയി. അപ്പോൾത്തന്നെ കൃഷ്ണൻ ധർമ്മപുത്രരെയും വിളിച്ചു. നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെകൂടെ കൂട്ടികൊണ്ടു വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. 
പിറ്റേ ദിവസം ദുര്യോധനനും ധർമപുത്രനും ശ്രീകൃഷ്ണന്റെ മുമ്പിലെത്തി. പക്ഷെ കൂടെ ആരുമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു. 
"ഇതെന്തു പറ്റി? ഒരു നല്ല മനുഷ്യനെക്കൂടി കൂടെകൂട്ടണമെന്നല്ലേ ഞാൻ താങ്കളോടു പറഞ്ഞത് എവിടെ നല്ല മനുഷ്യൻ " 
"കൃഷ്ണാ ഞാനെന്തു ചെയ്യാൻ? ഈ ഹസ്തിനപുരിയിലാകെ ഞാൻ ഇന്നലെ മുഴുവൻ തിരഞ്ഞു. പക്ഷേ ഒരൊറ്റ നല്ല മനുഷ്യനെ കാണേണ്ടേ? എല്ലാം ദുഷ്ടന്മാർ. പിന്നെ ഞാനെന്തു ചെയ്യും?" 
ദുര്യോധനൻ പരിഭവത്തോടെ പറഞ്ഞു. കൃഷ്ണൻ ധർമപുത്രരുടെ നേരേ തിരിഞ്ഞു 
"താങ്കൾക്കെന്തുപറ്റി?" 
"എൻറെ കാര്യവും അങ്ങനെ തന്നെ കൃഷ്ണാ. എത്ര തിരഞ്ഞു നടന്നിട്ടും ഈ ഹസ്തിനപുരിയിലെങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെപോലും കാണാനായില്ല. ഞാനെന്തു ചെയ്യും?" 
ശ്രീകൃഷ്ണൻ ദുര്യോധനനോട് പറഞ്ഞു. 
"ദുര്യോധന, താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ? ഹസ്തിനപുരിയിലെല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ കണ്ടെത്താൻ താങ്കൾക്കു കഴിഞ്ഞില്ല കാരണം താങ്കൾക്കു മറ്റുള്ളവരിൽ നന്മ കാണുന്നില്ല തിന്മ മാത്രമേ കാണുന്നുള്ളൂ, അതുകൊണ്ട് എല്ലാവരും താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് ഗണിക്കുന്നത്. നേരെ മറിച്ച് ധർമപുത്രരെ നോക്കൂ. അദ്ദേഹത്തിന് ഒരൊറ്റ ചീത്ത മനുഷ്യനെയും ഈ രാജ്യത്ത് കാണാനാകുന്നില്ല. കാരണം അദ്ദേഹത്തിൻറെ കണ്ണിൽ എല്ലാവരും നല്ലവരാണ്. അതുകൊണ്ട് അദ്ദേഹത്തെയും എല്ലാവരും നല്ലവനായി കാണുന്നു. അതായത് നമ്മുടെ മനസിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തും കാണുന്നത്". 
ശ്രീകൃഷ്ണൻറെ മറുപടി കേട്ട് ദുര്യോധനൻറെ തലകുനിഞ്ഞു. 
ഈ കഥയിലെ ദുര്യോധനനെ പോലെയാണ് നമ്മൾ ഏറെയും. അതുകൊണ്ട് നമ്മൾ പലരുടെയും ചിന്തകൾ നിഷോധാത്മകമായി തീരുന്നു. 
ഇത്തരം നിഷേധചിന്തകൾ ഒഴിവാക്കിയാൽ സ്വന്തം വ്യക്തിത്വത്തെ നല്ല രീതിയിൽ രൂപപ്പെടുത്താൻ സാധിക്കൂ 
"ഭാരത സംസ്കാരം".
whatsapp

No comments: