നട്ടെല്ലിന്നടിയിലെ മൂലാധാരത്തിലെ (സുഷുമ്നാ നാഡിയില്‍ വര്‍ത്തിക്കുന്ന പ്രാണകേന്ദ്രം) വിശ്രമകേന്ദ്രത്തില്‍ മൂന്നരച്ചുറ്റായി കിടക്കുന്ന സര്‍പ്പത്തെപ്പോലെ ഇത് കുടികൊള്ളുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹ്രസാരം എന്നീ കേന്ദ്രങ്ങളില്ക്കൂടിയും ഈ ശക്തി വ്യാപരിക്കുന്നു. ശിരസ്സിലെ സഹസ്രാര പത്മത്തില്‍ വസിക്കുന്ന ശിവനുമായി ചേരാന്‍ ഈ ശക്തിവിശേഷം സദാ ഉദ്യുക്തയാണ്. (ഈ സന്ധികേന്ദ്രങ്ങള്‍ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളില്‍ പ്രവൃത്തമാനമായിരിക്കുന്നു). സൂക്ഷ്മമായ പ്രപഞ്ചത്തിന്നും അപ്പുറത്തുള്ള ശുദ്ധബോധമാണ് ശിവന്. ബ്രഹ്മാണ്ഡത്തിലും ഇപ്രകാരം സ്ഥിതിചെയ്യുന്ന ഒരു ശക്തിയുണ്ട്. അതിനെ ത്രിപുരസുന്ദരിയായി ഉപാസിക്കുന്നു. സകല ജഗത്തിന്റെയും ഉത്ഭവ കാരണയായ ഈ ദേവി ബ്രഹ്മാണ്ഡത്തില’ശ്രീമാതാ’ എന്നറിയപ്പെടുന്നു. അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ ജനനിയായ ഈ അമ്മയെ അ’മുതല്‍ ഹ വരെയുള്ള’മാതൃകാക്ഷര സ്പന്ദനങ്ങളുടെ ആകത്തുകയായി പ്രകീര്‍ത്തിക്കുന്നു. ദേവിയുടെ മാത്രമായ 'ശ്രീവിദ്യ' ഈ കുണ്ഡലീനി ശക്തിയെ ദ്യോതിപ്പിക്കുന്നു. പതിനഞ്ചക്ഷരങ്ങള്‍ ഉള്ളതാണ് ഈ ശ്രീവിദ്യാമന്ത്രം. ആദ്യത്തെ അഞ്ച് അക്ഷരങ്ങളെ വാക്വേകൂടമെന്നും പിന്നത്തെ ആറക്ഷരങ്ങളെ കാമരാജ കൂടമെന്നും അവസാനത്തെ നാല് അക്ഷരങ്ങളെ ശക്തികൂടം എന്നു പറയുന്നു. പ്രളയാഗ്നിനിഭം പ്രഥമംമൂലാധാരാദ്യനാഹതം സ്പൃശതി തസ്മാദാജ്ഞാ ചക്രം ദ്വിതീയ കൂടന്തു സൂര്യാഭം തസ്മാല്ലലാട മധ്യംതാര്ത്തീയം കോടി ചന്ദ്രാഭം (വരിവസ്യാ രഹസ്യം) പ്രളയാഗ്നിയുടെ പ്രകാശമുള്ള പ്രഥമകൂടം മൂലാധാരം മുതല്‍ അനാഹതം വരെയും (ഹൃദയസ്ഥാനം) അവിടെ നിന്നും കോടി സൂര്യ പ്രകാശമുള്ള ദ്വിതീയ കൂടം ആജ്ഞാ ചക്രം വരെയും (ഭ്രൂമധ്യം) അവിടെ നിന്നും കോടി ചന്ദ്രപ്രഭയോടുകൂടിയ തൃതീയ കൂടം മുകളില്‍ സഹസ്രാരപത്മം വരെയും (ലലാടമധ്യം) സുഷുമ്നയില്‍ അനുഭവപ്പെടുന്നു .
No comments:
Post a Comment