ഇതില്‍ നിവേദ്യത്തിന്റെ സ്ഥാനത്താണ് ജലം ഉള്ളതെന്നും മനസ്സിലാക്കുക. കേരളീയാചാരപ്രകാരം ആദ്യമായി വം അബാത്മനേ ജലം കല്പയാമി നമഃ എന്നു തുടങ്ങി മറ്റു മന്ത്രങ്ങള്‍ അതിനുശേഷം ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. ആദ്യംജലത്തില്‍നിന്നു തുടങ്ങുന്നു എന്നര്‍ത്ഥം. അപ്പോള്‍ അമൃതമായ നിവേദ്യം ഈശ്വരൈക്യം എന്ന യോഗിക പ്രക്രിയയുടെ അവസാനത്തില്‍ ഉണ്ടാകുന്ന അമൃതംതന്നെ ആയിത്തീരുന്നു. അതാണല്ലോ കാരണജലം.
അപ്പോള്‍ ഠ്വം അമൃതാത്മാനേ നൈവേദ്യം എന്നുള്ളത് സാധാരണ ജലമല്ല എന്നു വരുന്നു. ആദ്യം ജലം, പൃഥ്വി, ആകാശം, വായു, അഗ്‌നി എന്നീ ക്രമത്തില്‍ പഞ്ചഭൂതങ്ങളെയും പിന്നീട് അമൃതത്തെയും ഈശ്വരാര്‍പ്പണമായി കല്‍പ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പഞ്ചഭൂതങ്ങളുടെ ക്രമം താഴെനിന്നും മുകളിലേക്കാണെങ്കില്‍, സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കാണെങ്കില്‍, പൃഥ്വി, ജലം, അഗ്‌നി, വായു, ആകാശം എന്ന ക്രമമാണല്ലോ വേണ്ടത്. ഇവിടെ ആ ക്രമം തെറ്റിയിരിക്കുന്നു. പൃത്ഥാത്മ്യകമായ സ്ഥൂലദേഹത്തില്‍നിന്നാണല്ലോ സാധനയുടെ ആരംഭം. അതാണല്ലോ പൃഥ്വിയെ കൊടുക്കുന്നത്. സാധനയുടെ ആരംഭത്തില്‍ സാധകന്റെ ഊന്നല്‍ മന്ത്രപത്തിലാണ്. മന്ത്രം ശബ്ദമയയാണ്, ശബ്ദം ആകാശഭൂതത്തിന്റെ തന്മാത്രയാണല്ലോ.
അതുകൊണ്ട് സാധകനാദ്യം പ്രവേശിക്കുന്ന മന്ത്രജപമാകുന്ന സാധനയുടെ പ്രതീകമായി ആകാശത്മകമായ പുഷ്പം സമര്‍പ്പിക്കുന്നു. സാധന പുരോഗമിക്കുമ്പോള്‍ അല്‍പം യോഗവുകൂടി ചെയ്യേണ്ടതായിവരുന്നു. ഈ യോഗസാധനയുടെ ആദ്യപടി പ്രാണായാമ പ്രക്രിയയിലൂടെയുള്ള പ്രാണജയമാണല്ലോ. ഈ പ്രാണന്‍ പഞ്ചഭൂതത്തില്‍പ്പെട്ട വായുതന്നെയാണല്ലോ. അതുകൊണ്ട് വായുവിന്റെ പ്രതീകമായ ധൂപം ആകാശത്തിനുശേഷം വരുന്നു. അങ്ങിനെ മുന്നോട്ടു പോരുമ്പോള്‍ സാധകന് കുണ്ഡലിനി ഉത്ഥാപനം കൈവരുന്നു. അത് ആദ്ധ്യാത്മികമാണ്. അതിനാല്‍ അടുത്തപടിയായി അഗ്‌നി വരുന്നു. ആ അഗ്‌നിയുടെ പരിസമാപ്തിയായി അമൃതവര്‍ഷണം ഉണ്ടാകുന്നു. അത് മാധുര്യാദിരസങ്ങള്‍ കലര്‍ന്ന നിവേദ്യം എന്ന പ്രതീകമാണ്. ഈ പ്രക്രിയയുടെ ആരംഭമായി ആദ്യമായി തന്നെ ഗുരുവിന്റെ കടാക്ഷം, അഥവാ ഈശ്വരകൃപ സാധകദേഹത്തില്‍ പതിയേണ്ടതുണ്ട്. അത് തന്നെയാണ് ആദ്യത്തെ ജലം. ആദ്യത്തേത് അമൃതപ്രതീകവും അവസാനത്തേത് സാക്ഷാല്‍ അമൃതവും ആകേണ്ടിയിരിക്കുന്നു.
മന്ത്രസാധനയുടെ പ്രാരംഭത്തില്‍ സ്‌നാനശുദ്ധിയോടുകൂടിയാണ് ജപം ആരംഭിക്കേണ്ടത്. അതാണ് ഇതിനെ സാധാരണ ജലമായി കല്‍പ്പിച്ചിട്ടുള്ളത്. ‘ആപോഹിഷ്ഠാദി’ പുണ്യാഹവാചകത്തോടുകൂടി ജലം തലയില്‍ തര്‍പ്പിച്ചുകൊണ്ടാണ് സ്‌നാനകര്‍മ്മം നിര്‍വഹിക്കുന്നതെന്നോര്‍ക്കുക. അങ്ങനെ ഈ ജലാദി നൈവേദ്യമെന്ന ആറ് ഉപചാരങ്ങള്‍ സാധകന്റെ സാധനാപന്ഥാവിനെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നു. ഭാരതീയ മന്ത്രശാസ്ത്രങ്ങളില്‍ കാണുന്ന പഞ്ചപൂജാ മന്ത്രങ്ങള്‍ പൃഥ്വ്യാദി നൈവേദ്യാന്തമാണെങ്കിലും ക്രമം ഇതുതന്നെയാണ്. അവിടെ കാരണജലത്തെയും പഞ്ചഭൂതത്തില്‍പ്പെട്ട ജലത്തെയും ഒരുമിച്ച് ആ ജലംകൊണ്ട് സമര്‍പ്പിക്കുന്നു എന്നേ പറയാവൂ. ഇതിനെ പഞ്ചോപചാരപൂജ എന്നാണ് വ്യവഹരിക്കാറുള്ളത്.
മാനസികമായും മുദ്ര മാത്രം ഉപയോഗിച്ചുകൊണ്ടും ബാഹ്യമായ ചന്ദനാദി വസ്തുക്കള്‍ കൂടാതെയും ഈ പൂജ നിര്‍വ്വഹിക്കാവുന്നതുകൊണ്ട് ഇതിനെ മാനസപൂജ എന്ന് പറയുന്നു. കേരളീയാചാരപ്രകാരം ഇതേ മാനസപൂജ പൃഥ്വ്യാദി നൈവേദ്യമായിട്ടല്ല പ്രത്യുത ജലാദി നൈവേദ്യാന്തകമായ ആറ് ഉപചാരങ്ങളോടുകൂടിയാണ് എന്നു മനസ്സിലാക്കേണ്ടതാണ്. പഞ്ചഭൂതാന്തര്‍ഗ്ഗമായ ജലവും സാധനാന്തേത്താടുകൂടി ഉണ്ടാകുന്ന അമൃതവര്‍ഷണവും ഇവിടെ ശരിക്കും വ്യതിരിക്തമാകുന്നു എന്നതുകൊണ്ട് ഈ സമ്പ്രദായത്തെ കൂടുതല്‍ ശാസ്ത്രീയമെന്നേ പറയാവൂ.
ഇങ്ങനെ സര്‍വ്വസ്വവും ഈശ്വരനില്‍ സമര്‍പ്പിക്കുന്ന യോഗി ഈശ്വരന്‍തന്നെയായിത്തീരുന്നു. അങ്ങനെ ആയിത്തീരുന്ന സാധകനാണ്, ദേവതയുടെ സൂക്ഷ്മരൂപമായ മന്ത്രസ്പന്ദനങ്ങള്‍ അനേകംതവണ ഉരുവിട്ടുകൊണ്ട് ആ സ്പന്ദനങ്ങളെ അതേ ജീവസ്പന്ദനങ്ങള്‍ ആക്കുന്നത്. അതോടെ സാധകന്റെ വ്യക്തിത്വം ദേവതാമയമായിത്തീരുന്നു എന്നു മനസ്സിലാക്കുവാന്‍ ഇപ്പോള്‍ പ്രയാസമില്ലല്ലോ. അങ്ങനെ മന്ത്രജപമെന്ന പ്രക്രിയ പൂജാസങ്കല്‍പത്തെ ഉപയോഗിച്ചാണ് ചെയ്യാറുള്ളത് എന്നു മനസ്സിലാക്കേണ്ടതാണ്. ഈ ലഘുവായ മാനസോപചാര പൂജയാണ് ഉപചാരങ്ങളെ വര്‍ധിപ്പിച്ച് ബാഹ്യപൂജയായി തീരുന്നത്.
ജന്മഭൂമി: http://www.janmabhumidaily.com/news713727#ixzz4uITDFdhB
No comments:
Post a Comment