Sunday, October 01, 2017

നാം പലപ്പോഴും ഒന്നു ചെയ്തിട്ട് മറ്റൊന്ന് ആഗ്രഹിക്കും. എന്താണോ ചെയ്യുന്നത് അതിന്‍റെ ഫലമല്ലേ നമുക്ക് കിട്ടു! നാം ലൗകികന്‍റെ കര്‍മ്മങ്ങളില്‍ സുഖം കണ്ടെത്തുകയും സന്ന്യാസിയുടെ ഫലത്തെ ആഗ്രഹിക്കുകയും ചെയ്യും. എന്നിട്ട് നാം എന്താണ് പറയുക? ഇതു തന്നെയാണ് സന്ന്യാസം. നാമരൂപങ്ങളിലും ഭക്ഷണരുചിയിലും സുഖം കണ്ടെത്തുന്നയാളിന്‍റെ ഭോഗസുഖം എവിടെ! ക്ഷണികമായ ലൗകികസുഖങ്ങളില്‍ ആസക്തി നഷ്ടപ്പെട്ട സന്ന്യാസിയുടെ യോഗ സുഖം എവിടെ! അവനവന്‍റെ ധര്‍മ്മത്തില്‍ അവനവന്‍ ശ്രേഷ്ഠന്‍ എന്ന് വിവേകാനന്ദസ്വാമികള്‍ പറയാറുണ്ട്. ഒരാള്‍ മറ്റൊരാളിന്‍റെ ധര്‍മ്മത്തെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. അവര്‍ സ്വയം അധഃപതിക്കുക മാത്രമല്ല മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുകയാണ്. വളരെ ലളിതമായ ഒരു ഉദാഹരണം നോക്കാം. നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാര്യം നോക്കു. കഴിക്കുന്ന ആഹാരത്തില്‍ നിന്ന് സൂക്ഷ്മരൂപത്തില്‍ എന്തുഗുണമാണോ നമുക്ക് ലഭിക്കുക അതല്ലേ നമുക്ക് അതില്‍നിന്ന് ആഗ്രഹിക്കാനും സാധിക്കു. സത്വം രജസ്സ് തമസ്സ് എന്നിങ്ങനെ ഗുണപ്രകൃതം അനുസരിച്ച് ഭക്ഷണപദാര്‍ത്ഥങ്ങളെ ആചാര്യന്മാര്‍ വകതിരിച്ചിട്ടുണ്ട്. എന്നുള്ളതുകൊണ്ടാണ് പറഞ്ഞത് എന്തു കഴിക്കുന്നുവോ അതില്‍ ഉള്ളതു മാത്രമേ നാം ആഗ്രഹിച്ചിട്ടു കാര്യമുള്ളു എന്ന്. തമോഗുണത്തെ പ്രദാനം ചെയ്യുന്ന ആഹാരം കഴിച്ചിട്ട് സത്വഗുണത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ജ്ഞാനത്തെ ആഗ്രഹിക്കാമോ? ഇവിടെയാണ് ശാസ്ത്രജ്ഞാനവും ഗുരുവിന്‍റെ ഉപദേശവും പ്രസക്തമാകുന്നത്. അവനവന്‍റെ ധര്‍മ്മം എന്താണെന്ന് അറിഞ്ഞ് അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യണം. അതിന് ആചാര്യന്മാര്‍ ശാസ്ത്രീയമായി പറഞ്ഞുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ അനുസരിച്ച് ജീവിക്കേണ്ടതുണ്ട്. ഓം..krishnakumar

No comments: