ഒരേ അനുഭൂതിയില്‍ കഴിയുന്നവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അവിടെ സത്സംഗമാണ് നടക്കുക, വാദപ്രതിവാദമല്ല. അതിനാല്‍ വാദപ്രതിവാദത്തിനുള്ള അവസരങ്ങളെ ഉപേക്ഷിച്ച് സത്സംഗത്തിന് അവസരങ്ങള്‍ കണ്ടെത്തുന്നതാകും നല്ലത്. നമുക്ക് പരസ്പരം മനസ്സിലാകുന്നത് നാം ഒന്നുപോലെ ചിന്തിക്കുന്നതുകൊണ്ടുമാത്രമാണ്. പറഞ്ഞുമനസ്സിലാക്കിക്കുക എന്ന അഹങ്കാരത്തിന് ഇവിടെ പ്രസക്തി ഇല്ലാതെയാകുന്നു. പറഞ്ഞതില്‍ നിന്ന് എന്തു മനസ്സിലാക്കുന്നു എന്നത് ഓരോരുത്തരുടേയും അര്‍ഹതയാണ്. നമ്മുടെ ഉള്ളില്‍ ഉണര്‍ന്നതാണ് നാം മനസ്സിലാക്കുന്നത്. രണ്ടുപേര്‍ ഒരേ കാര്യം ചിന്തിക്കുമ്പോള്‍ അവിടെ അവര്‍ ഒരു മനസ്സായി മാറുന്നു. അങ്ങനെയാണ് അറിയുന്നത്, പരസ്പരം കണ്ടെത്തുന്നത്. ഒന്നാകുമ്പോഴാണ് ഏതു അനുഭൂതിയും ഏത് അറിവും അറിയുന്നത്. എന്നില്‍ കടലറിയുമ്പോഴും കാറ്ററിയുമ്പോഴും മഴയറിയുമ്പോഴും ഞാന്‍ എന്ന വ്യക്തിഭാവം മാറി ഞാന്‍ പ്രകൃതിയായി അനുഭവിച്ചറിയുന്നുണ്ട്. പ്രകൃതിയുമായുള്ള ഈ സത്സംഗം ഇടതടവില്ലാതെ സംഭവിക്കുന്നതിന് അവസരം നല്‍കണം. ഓം
No comments:
Post a Comment