ശുചിത്വം തന്നെ ഈശ്വരത്വം
എത്രയോ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക്കും കുപ്പികളും കോടാനുകോടി തീര്‍ത്ഥാടകര്‍ എറിഞ്ഞുപേക്ഷിച്ചു പോയ തുണികളടക്കമുള്ള മാലിന്യങ്ങളുമെല്ലാം ചേര്‍ന്ന് അയ്യന്റെ പൂങ്കാവനത്തില്‍ പുതിയ മലകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലം അത്ര പഴയതൊന്നുമല്ല. ഏഴു വര്‍ഷം മുന്‍പു വരെ ദേവസ്വവും അധികാരികളും സന്നിധാനത്തെ മാലിന്യമലകള്‍ കണ്ട് പ്രതിവിധികള്‍ പലതും അന്വേഷിക്കുകയുണ്ടായി. മാലിന്യ സംസ്ക്കരണ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്നു. ധനവിനിയോഗത്തിലെ വകയിരിപ്പുകള് മാത്രം കൂടി. ഇരുമുടിക്കെട്ടിലെ കര്‍പ്പൂരം, സാമ്പ്രാണി, മുന്തിരി, മഞ്ഞള്‍, പനിനീര്, അവല്, മലര്, കല്‍ക്കണ്ടം, വെറ്റില, പാക്ക് എന്നുവേണ്ട നെയ്യടക്കമുള്ള വേറെയും വഴിപാട് സാധനങ്ങളെല്ലാം അയ്യപ്പന്മാര് കാലാകാലങ്ങളായി കൊണ്ടുവന്നിരുന്നത് പ്ളാസ്റ്റിക് കുപ്പികളിലും കവറുകളിലും തന്നെയായിരുന്നു.
ചിരട്ടയും തോര്‍ത്തും ബെഡ്ഷീറ്റും മുണ്ടുകളും വസ്ത്രങ്ങളും കൂടാതെ ചുറ്റുമുള്ള കടകളും താമസസ്ഥലങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിങ്ങനെ എല്ലാം കൂടിയായപ്പോള്‍ ദേവസ്വത്തിനോ അയ്യപ്പസേവാസംഘത്തിനോ അനുബന്ധ അധികാരികള്‍ക്കോ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമായിത്തീര്‍ന്നു. സംസ്ക്കരണ സംവിധാനങ്ങള്‍ പലപ്പോഴും താറുമാറായി. യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായി. പിന്നെ വര്‍ഷത്തിലൊരിക്കല്‍ കുഴികളെടുത്ത് മൂടാമെന്ന ഗതിയായി. അങ്ങനെ മലയില്‍ പലയിടത്തും മണ്ണൊന്നു തട്ടിനോക്കിയാല്‍ അടിയില്‍ പ്ളാസ്റ്റിക് പാളികളായിത്തീര്ന്നു. കാടും മാലിന്യ നിക്ഷേപങ്ങളുമെല്ലാം ചേര്‍ന്ന് കൂട്ടമായി അലയുന്ന പന്നികള്‍ സന്നിധാനത്തെ സ്ഥിര കാഴ്ചയായി. ഭസ്മതീര്ത്ഥക്കുളം മൂത്രക്കുളമായി. കരകളിലെല്ലാം മാലിന്യവും കുറ്റിക്കാടും വിഷപ്പാമ്പുകളുംകൊണ്ട് നിറഞ്ഞു. അങ്ങനെയാണ് കേരളത്തിലെ ആശ്രമങ്ങളെയും സന്നദ്ധ സംഘങ്ങളെയും ദേവസ്വം സമീപിക്കുന്നത്. തുടര്‍ന്ന്, ഒരുപാട് പേര് സ്ഥലം സന്ദര്‍ശിച്ചു. പലരും പിന്‍വാങ്ങി. എങ്കിലും ചില സംഘടനകള്‍ ആവുന്ന സഹായം നല്‍കാമെന്ന് അറിയിച്ചു.
അക്കാലത്ത്, രണ്ടായിരത്തി പത്തിലാണ്, മാതാ അമൃതാനന്ദമയി ദേവിയുടെ അന്പത്തേഴാം പിറന്നാള്‍ വേളയില്‍, മാതാ അമൃതാനന്ദമയി മഠം രാജ്യത്തെ പല ഭാഗങ്ങളിലായി നടത്തിവരാറുള്ള പതിവു ശുചീകരണ പരിപാടികളെ ഏകോപിപ്പിച്ച് ‘അമലഭാരതം’ എന്ന ശുചീകരണ പദ്ധതി അവതരിപ്പിക്കുന്നത്. പിന്നീട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ലോകമാകമാനമുള്ള ഭക്തസമൂഹത്തെയും ശുചീകരണത്തിന്റെ പ്രാധാന്യവും അതിന്റെ രീതികളും പരിശീലിപ്പിച്ച് പദ്ധതിയുടെ പങ്കാളികളാക്കി. പദ്ധതിയുടെ രാജ്യവ്യാപകമായ സ്വീകാര്യത കേരളത്തിലും ദേവസ്വം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കാര്‍ പ്രതിനിധിയുടെ ഇടപെടല്‍ ശബരിമലയുടെ ശാപമോക്ഷത്തിന് വഴിയൊരുക്കി.
2011 നവംബര്‍ അഞ്ച് മുതല്‍ ശബരിമലയില്‍ ശുചീകരണം തുടങ്ങാന്‍ തീരുമാനമായി. അമ്മയുടെ ശുചീകരണയജ്ഞത്തിനായുള്ള ആഹ്വാനം ഉള്‍ക്കൊണ്ട് ആശ്രമാന്തേവാസികള്ക്കൊപ്പം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും വൈസ്ചാന്‍സലര്‍ അടക്കമുള്ളവരും, കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുനിന്നു ഭക്തരും എല്ലാം ചേര്‍ന്ന് നാലായിരത്തിലധികം സന്നദ്ധ സേവകര്‍ അയ്യപ്പ സവിധത്തില്‍ വന്നെത്തുകയുണ്ടായി. ഇതില്‍ ഇരുന്നൂറിലധികം പേര് അന്യരാജ്യക്കാരായിരുന്നു! സത്യസായി സേവാ കേന്ദ്രം, ആര്‍ട്ട് ഓഫ് ലിവിങ്, സൗഹൃദ ക്ലബ്ബ്, നാഷണല്‍ സര്‍വീസ് സ്കീം തുടങ്ങിയ ഇതര സന്നദ്ധസംഘടനകളെല്ലാം ചേര്‍ന്ന് ഇരുന്നൂറോളം പേരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. അയ്യപ്പ സേവാസംഘവും പങ്കുചേര്‍ന്നു.
മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളായ ബ്രഹ്മചാരികള്‍ ഒരാഴ്ച മുന്‍പേ വന്ന് സൗകര്യങ്ങള്‍ ഒരുക്കിവച്ചിരുന്നു. സന്നിധാനത്തും പമ്പയിലുമെല്ലാം വന്നെത്തുന്ന സേവകര്‍ക്ക് വൃത്തിയുള്ള താമസ, ഭക്ഷണ, ചികില്‍സാ സൗകര്യങ്ങളും, അധികാരികളുടെ സഹകരണങ്ങളും ശുചീകരണ ഉപകരണങ്ങളും, നേരത്തെ വന്നെത്തിയവര്‍ ഒരുക്കിവച്ചു. സാധനങ്ങളെല്ലാം മലകയറ്റി മുകളില്‍ എത്തിക്കുന്നത് ഭഗീരഥപ്രയത്നമായി. നവംബര്‍ അഞ്ചു മുതല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമയക്രമം വച്ച് തയ്യാറാക്കി. സന്നിധാനത്ത് പന്ത്രണ്ടും പമ്പയില്‍ ആറും ഭാഗങ്ങളാക്കി തിരിച്ചു. ഇവയെ വീണ്ടും ഉപവിഭാഗങ്ങളാക്കി വിഭജിച്ച് ചെറു സേവാ സംഘങ്ങളെ ഏല്‍പ്പിച്ചു നല്കി. അതതു സംഘങ്ങള്‍ക്കു കിട്ടിയ ചെറു പ്രദേശം അവരവര്‍ വൃത്തിയാക്കാന്‍ മല്‍സരിച്ചു. ഒറ്റനോക്കില്‍ കണ്ട മാലിന്യങ്ങള്‍ വേഗമെടുത്തു കഴിഞ്ഞപ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അടുത്ത മാലിന്യ കൂമ്പാരങ്ങള്‍ പാളികളായി പുറത്തു വന്നത്. പരമാവധി കിളച്ചെടുത്തു. സേവനം യജഞമായി കാണാന്‍ പഠിപ്പിച്ച അമ്മയുടെ വാക്കുകള്‍ വിയര്‍പ്പുതുള്ളികളായി പുണ്യഭൂമിയില്‍ ഇറ്റുവീണു.
പല വിധത്തിലുള്ള പ്ളാസ്റ്റിക്, തുണി, കുപ്പികള്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു മാലിന്യ സംഭരണം. വിദേശപരിപാടികളിലായിരുന്ന മാതാ അമൃതാനന്ദമയി ദേവി ഫോണിലും മറ്റും മക്കളുമായി പല തവണ ബന്ധപ്പെട്ടുകൊണ്ടിരുന്നത് സേവകര്‍ക്കെല്ലാം ആവേശം നിറച്ചു. സേവന വീഡിയോകള്‍ ശബരിമലയില്‍ നിന്ന് അമ്മയ്ക്ക് അയച്ചുകൊണ്ടിരുന്നു. നവംബര്‍ ഏഴിനു ചൊവ്വാഴ്ച വൈകുന്നേരത്തോടെ മാലിന്യങ്ങള്‍ സംഭരിച്ചുകെട്ടിയ വലിയ ചാക്കുകള്‍ അന്‍പതിനായിരം എണ്ണവും കവിഞ്ഞിരുന്നു. ഇവയെല്ലാം സന്നിധാനത്തും പമ്പയിലുമായുള്ള ദേവസ്വം വക ഇന്‍സിനറേറ്ററുകളിലേക്ക്, തരമനുസരിച്ച് സംസ്ക്കരിച്ചു മാറ്റുവാന്‍ സജ്ജമാക്കി വച്ചിട്ടാണ് സന്നദ്ധ സേവകരുടെ ആദ്യ സംഘം മലയിറങ്ങിയത്.
പിന്നീട്, 2012 ല്‍ അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പി. വേണുഗോപാല്‍ അമ്മയെ നേരില്‍ സന്ദര്‍ശിച്ച് സഹായമഭ്യര്ത്ഥിക്കുകയുണ്ടായി. ആ വര്‍ഷം പമ്പാ നദിക്ക് പ്രാധാന്യം നല്കി ശുചീകരണം തുടരാനായിരുന്നു അമ്മയുടെ നിര്‍ദ്ദേശം. അങ്ങനെ മാര്‍ച്ച് 25, 26 തീയതികളില്‍ നടന്ന ശുചീകരണയജ്ഞത്തില്‍ മുന്‍ വര്‍ഷത്തെപ്പോലെ മക്കളെല്ലാം വന്നെത്തി. കൂടുതല്‍ ഒരുക്കങ്ങളും സംവിധാനങ്ങളുമായി നടന്ന ശുചീകരണത്തില്‍ പമ്പാനദിയില്‍ നിന്ന് തുണികളും പ്ലാസ്റ്റിക്കും മനുഷ്യവിസര്‍ജ്യവുമെല്ലാം എടുത്തുമാറ്റി. രാവും പകലും നദിയിലിറങ്ങിയ പ്രവര്‍ത്തകരോടൊപ്പം മൂന്ന് എസ്കവേറ്ററുകളും മൂന്ന് ട്രാക്ടറുകളും പ്രവര്‍ത്തന നിരതമായി. അണയുപയോഗിച്ച് ജലപ്രവാഹം തടഞ്ഞായിരുന്നു ശുചീകരണം. തൊണ്ണൂറ്റിയെട്ട് ട്രക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
അതേവര്‍ഷം തീര്‍ത്ഥാടന കാലത്തോടടുപ്പിച്ച് നവംബര്‍ മൂന്നും നാലും തീയ്യതികളില്‍ വീണ്ടും ഒരു ശുചീകരണം കൂടി സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളില്‍ക്കൂടി തീര്‍ത്ഥാടനകാലത്തിനു മുന്‍പുള്ള ശുചീകരണം വിപുലമായിത്തന്നെ തുടര്‍ന്നു പോന്നു.
2017 നവംബര്‍ 11, 12 വരെ നടന്നത് എട്ടാം ഘട്ട ശുചീകരണമാണ്. ഏഴു വര്‍ഷം മുന്‍പുള്ള അവസ്ഥയല്ല ഇന്നുള്ളത്. മാലിന്യക്കുന്നുകളും കൂമ്പാരങ്ങളുമെല്ലാം നീക്കിക്കഴിഞ്ഞു. സംസ്ക്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തന നിരതമായി. ബോധവല്‍ക്കരണ ബോര്‍ഡുകളും പരസ്യങ്ങളും സന്ദേശങ്ങളുമൊക്കെ മാലിന്യത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചു. അതാതു വര്‍ഷങ്ങളിലെ മാലിന്യങ്ങളാണ് ഇപ്പോള്‍ നീക്കാനുള്ളത്.
2017 നവംബര്‍ 11, 12 വരെ നടന്നത് എട്ടാം ഘട്ട ശുചീകരണമാണ്. ഏഴു വര്‍ഷം മുന്‍പുള്ള അവസ്ഥയല്ല ഇന്നുള്ളത്. മാലിന്യക്കുന്നുകളും കൂമ്പാരങ്ങളുമെല്ലാം നീക്കിക്കഴിഞ്ഞു. സംസ്ക്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തന നിരതമായി. ബോധവല്‍ക്കരണ ബോര്‍ഡുകളും പരസ്യങ്ങളും സന്ദേശങ്ങളുമൊക്കെ മാലിന്യത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചു. അതാതു വര്‍ഷങ്ങളിലെ മാലിന്യങ്ങളാണ് ഇപ്പോള്‍ നീക്കാനുള്ളത്.
ഇന്നാലോചിക്കുമ്പോള്‍ ചിലര്‍ക്കു മാത്രം കിട്ടിയ സൗഭാഗ്യമായിരുന്നു അത്. പ്രകൃതിയുടെ കുളിരിലും പകലു മുഴുവന്‍ വിയര്‍ത്തൊലിച്ചുള്ള ശുചീകരണം, വൈകുന്നേരങ്ങളില്‍ സന്നിധാനത്തെ ഭാവസാന്ദ്രമായഭജന, പുല്‍മേട്ടിലും നടപ്പന്തലിലും ശരംകുത്തിയിലും പമ്പയാറ്റിന് തീരത്തും കാറ്റില്‍പ്പോലും അയ്യപ്പസാന്നിദ്ധ്യം, ഇടവേളകളിലൊക്കെ മക്കളെ അന്വേഷിച്ചെത്താറുള്ള അമ്മയുടെ ഫോണ്‍കോളുകള്‍,.. കൂട്ടായ്മയുടെ ഉല്‍സവമായിരുന്നു ശബരിമല ശുചീകരണം. അയ്യനെ കാണാനെത്തുന്ന ചിത്തശുദ്ധിയോടെ നൂറുകണക്കിന് ഭക്തരോടൊപ്പം ഈയുള്ളവനും ശുചീകരണത്തെ യജ്ഞമാക്കി മാറ്റാന്‍ കാത്തിരുന്ന്, ഇനിയും മല കയറുകയാണ്, ശുചിത്വം തന്നെയാണ് ഈശ്വരത്വം എന്ന തിരിച്ചറിവില്‍ നിന്ന്.
No comments:
Post a Comment