Sunday, November 26, 2017

മഹാതപസ്വിയായ ഗര്‍ഗമുനി യാദവപുരോഹിതനാണ്. ദിവസവും അദ്ദേഹം കൊട്ടാരത്തിലെത്തും. പൂജനീയനായ മഹാതന്ത്രിയായി. മാസത്തിലൊരിക്കല്‍ അദ്ദേഹം ഗോപനാഥ മഹാദേവ സന്നിധിയിലെത്തും. ദര്‍ശനത്തിന്. അന്നേരം അദ്ദേഹത്തെ ദര്‍ശിക്കാന്‍ നന്ദനെത്തും.
ഒരു ദിവസം ദര്‍ശനത്തിനെത്തിയപ്പോള്‍ നന്ദരാജന്‍ കുട്ടികളുടെ നാമകരണം നടത്തേണ്ട കാര്യം മുനിവര്യനെ ധരിപ്പിച്ചു. ആഹിണേയനും യശോദാ നന്ദനനുമായി വളരുന്ന അവര്‍ യാദവകുലത്തില്‍ പിറന്ന വസുദേവാത്മജരാണെന്ന കഥ ആചാര്യനറിയാമല്ലോ. ആ സാഹചര്യത്തില്‍ അവര്‍ക്ക് നാമകരണം ചെയ്യേണ്ടത് യദുകുലാചാര്യനാണല്ലോ. നന്ദന്‍ അക്കാര്യം ആചാര്യനോടു പറഞ്ഞു.
‘നന്ദന്‍ പറയുന്നതു ശരിയാണ്’-ആചാര്യന്‍ സമ്മതിച്ചു: ‘പക്ഷേ, അതങ്ങനെ വേണ്ടാ എന്നാണ് വസുദേവരുടെ അഭിപ്രായം.’
‘അതെന്താ?’ നന്ദന്‍ തിരക്കി.
‘ഞാനിവിടെ വന്ന്, ആചാരപ്രകാരം അവര്‍ക്ക് പേരിട്ടു എന്നു കംസനറിഞ്ഞാല്‍ എന്താവുംകഥ? രൗഹിണേയന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. പക്ഷേ, യശോദാ നന്ദനനെ യാദവ പുരോഹിതന്‍ വന്നു പേരു മണി കെട്ടിയെന്നു കേട്ടാല്‍, കംസനില്‍ സംശയമുളവാകില്ലേ? ഇപ്പോഴേ അയാളില്‍ സംശയമുണ്ട്; ആ സംശയം തീര്‍പ്പായാല്‍പ്പിന്നെ എന്താവും കഥ? വസുദേവരുടെ മനസ്സില്‍ ആ പരിണാമം അസഹ്യതയുണര്‍ത്തുന്നു-ഗാഥയില്‍ എങ്ങനെയാണതെന്നു കേള്‍ക്കട്ടെ”
മുത്തശ്ശി ചൊല്ലി-
വാട്ടമറ്റീടുന്ന യാദവന്മാരുടെ
വാധ്യായനായ ഞാന്‍ പേരിടുമ്പോള്‍
ആനകദുന്ദുഭി തന്നുടെ സൂനുവെ-
ന്നൂനമറ്റോര്‍ക്കുമപ്പാവി കംസന്‍
കന്യക ചൊല്ലിന ചൊല്ലിനെക്കേള്‍ക്കയാല്‍
മുന്നമേയുണ്ടവനോര്‍ച്ച പാരം
മെല്ലവേ വന്നവന്‍ കൊന്നുവന്നീടിലോ
വല്ലായ്മയാമല്ലോ പാരമെന്നും
‘കിളിപ്പാട്ടില്‍ തുഞ്ചത്താചാര്യന്‍ ഈ കഥാ സന്ദര്‍ഭം ഏറെ കാവ്യാത്മകമാക്കി ചെയ്തിട്ടുണ്ട്. ഒന്നു ചൊല്ലിത്തരൂ-‘
ബാലകന്മാര്‍ക്കിരുപേര്‍ക്കു മഴകൊടു
കാലം കളാതെ നാമകരണങ്ങള്‍
ചെയ്തരുളേണം വിശേഷിച്ചവരുടെ
ജാതകവും വിചാരിച്ചരുള്‍ ചെയ്യണം
മോദം കലര്‍ന്നിവണ്ണം പശുപാധിപ-
നാദരപൂര്‍വം വിനീതനായെത്രയും
ഭക്ത്യാതൊഴുതുണര്‍ത്തിച്ചതു കേട്ടു ത-
ദ്വക്ത്രാരവിന്ദമാലോക്യ മന്ദസ്മിതം
കൃത്വാ വസുദേവര്‍ തന്മനസ്സംഗതി
മത്വാ മറച്ചരുള്‍ ചെയ്തിതു ഗര്‍ഗ്ഗനും
നന്നു നന്നിനു നീ ചൊന്നതുചിതമി-
തെന്നുള്ളിലും മടിയില്ലിതിനേതുമേ
നിന്നുടെ വാഞ്ഛിതമേവമനുസരി-
ക്കെന്നുവന്നാലതിനുണ്ടൊരു ദണ്ഡവും
ചെമ്മേ പുനരതെന്തെന്നും തെളിവിനോ-
ടുണ്മതന്നേ പറഞ്ഞീടുവന്‍ കേള്‍ക്ക നീ.
ഞാനിച്ചെറിയവറ്റിനു കുതൂഹലാല്‍
നൂനമുടനഭിധാനം വിളിക്കിലോ
മാനസേ കംസനു സംശയമായ് വരു-
മാനകദുന്ദുഭി ദേവകീ പുത്രനെ-
ത്താനിങ്ങുടന്‍ കടത്തീടിനാനെന്നഭി-
മാനി തനിക്കുള്ളിലുണ്ടല്ലോ മുന്നമേ
ശങ്ക, സഹോദരി പെറ്റതെട്ടാമതു
പെണ്‍കിടാവായതുമെന്തശരീരിതാന്‍-
ചൊന്നതസത്യമാവാനും നിമിത്തമി-
ല്ലെന്നുള്ള ചാഞ്ചല്യമുള്‍ക്കലര്‍ന്നങ്ങവന്‍
തന്നുടെ ഭൃത്യഗണത്തെയങ്ങും നട-
ന്നന്വേഷണം ചെയ്വതിന്നയച്ചീടിനാന്‍
ചെന്നവര്‍ നീളെ നടന്നു ശിശുക്കളെ-
ക്കൊന്നുതുടങ്ങിനാരെന്നതിലുള്ളവര്‍
വന്നുചിലര്‍ മരിച്ചാരിവിടത്തില്‍ നി-
ന്നെന്നതില്‍ മൂലമെന്തെന്നറിയാത്തവന്‍-
തന്നുള്ളിലീഷല്‍ പ്രസംഗതി ചേര്‍ന്നതും
ഇന്നഴകോടു ഞാനിങ്ങനെ സാദരം
നാമകരണമമ്പോടു ചെയ്താലുടന്‍
തൂമവരുമവനില്ലൊരു സംശയം
നന്ദരാജന്‍ അതിനൊരു പോംവഴി കണ്ടെത്തി: ഇവിടെ, മറ്റാരുമറിയാതെ ഞാന്‍ ഒരു ചടങ്ങ് ഒരുക്കാം. അങ്ങ് നാമകരണ സംസ്‌കാരം നടത്തുക. ആരും അറിയില്ല.
അലക്ഷിതോളസ്മിന്‍ രഹസി മാമകൈരപിഗോവ്രജേ
കുരുദ്വിജാതി സംസ്‌കാരം സ്വസ്തിവാചന പൂര്‍വകം
നന്ദരാജന്റെ നിര്‍ദ്ദേശം ആചാര്യനു സ്വീകാര്യമായി. അതിന്‍പടി അദ്ദേഹം നാമകരണ കര്‍മ്മം നടത്തി.
പൂരില്‍ നിന്നീടുന്നോരാരുമേ കാണാതെ
പേരിട്ടുകൊള്ളുനാമെന്നേ വേണ്ടൂ
ഇങ്ങനെ ചൊന്നവനങ്ങൊരു കോണില്‍ പോയ്
മംഗലവാദവും ചെയ്തു ചെമ്മേ
നേരറ്റുനിന്നുള്ള ബാലകര്‍ക്കന്നേരം
പേരിട്ടുനല്‍കിനാന്‍ പേടി പോക്കി
രാമനെന്നുള്ളൊരു നാമത്തെച്ചൊന്നാന-
മ്മാമുനി രോഹിണിസൂനുവിനായ്
ബന്ധുക്കളെ സന്തോഷിപ്പിക്കുന്നവനാണിവന്‍. രാമന്‍ എന്നപേര് ഇവന് അന്വര്‍ത്ഥമാകുന്നു. ഏറ്റവും ശക്തനായിത്തീരും എന്നതിനാല്‍ ഇവന്‍ ബലന്‍ എന്ന പേരിലും അറിയപ്പെടും. ദേവകീ ഗര്‍ഭത്തില്‍ നിന്നു കര്‍ഷണം ചെയ്യപ്പെട്ടവനാകയാല്‍ സങ്കര്‍ഷണന്‍ എന്ന പേരും ഇവനു ലഭിക്കാനിരിക്കുന്നു…
യശോദാ നന്ദനനെ മടിയിലിരുത്തിക്കൊണ്ട് ആചാര്യന്‍ മൊഴിഞ്ഞു: യുഗംതോറും സ്വരൂപങ്ങള്‍ സ്വീകരിക്കുന്ന ഈ ദേവകീപുത്രന് വെളുപ്പ്, ചുവപ്പ്, മഞ്ഞ-ഇങ്ങനെ മൂന്നുനിറങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു. ഈ ജന്മത്തില്‍ കൃഷ്ണവര്‍ണമാണ് സ്വീകരിച്ചിരിക്കുന്നത്.
ആസന്‍ വര്‍ണാസ്ത്രയോഹ്യസ്യ ഗൃഹ്ണതോളനുയുഗം തനുഃ
ശുക്ലോ രക്തസ്തഥാ പീത ഇദാനിം കൃഷ്ണതാംഗതഃ
ദ്വാപരയുഗത്തില്‍ കൃഷ്ണവര്‍ണം സ്വീകരിക്കുന്ന ഈ യുഗപുരുഷന് കൃഷ്ണന്‍ എന്നുപേര് വിളിക്കുന്നു.
വിസ്മയമാണ്ട ഗുണങ്ങളെ കേള്‍ക്കുമ്പോള്‍
വിഷ്ണുവെന്നിങ്ങനെ ചൊല്ലാമത്രേ
വന്നുനിന്നീടുന്ന വൈരികളെല്ലാര്‍ക്കും
വഹ്നിയായ് നിന്നു ദഹിക്കുമിവന്‍
നിന്നുടെ ചിന്തിതമെല്ലാമെ സാധിക്കും
ഇന്നിവന്‍ തന്നെ ലഭിക്കയാലെ
‘വൃന്ദാവനത്തില്‍ വസിക്കുന്ന നന്ദന്റെ അനിയത്തിയായ കീര്‍ത്തിയ്ക്ക് നദിയൊഴുക്കില്‍നിന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടിയെന്നു നേരത്തെ പറഞ്ഞിരുന്നു.’
‘ഉവ്വ്’
‘യശോദ പ്രസവിച്ച കുഞ്ഞായിരുന്നു അത്. ദേവകീ നന്ദനനുപകരമായി നന്ദന്‍ വസുദേവനെ ഏല്‍പ്പിച്ച ആ കുഞ്ഞാണ് കംസന്റെ കയ്യില്‍നിന്നു വഴുതി, ആകാശത്തേയ്ക്കുയര്‍ന്ന് മായാരൂപം പൂണ്ടത്. പിന്നീട്, സ്വന്തം രൂപമേറ്റ്, നദിയൊഴുക്കിലൂടെ, നന്ദസോദരിയുടെ കൈകളിലെത്തി, ആ കുഞ്ഞിനും ഗര്‍ഗാചാര്യന്‍ പേരു വിളിച്ചു എന്നു ഗര്‍ഗഭാഗവതത്തില്‍ കാണാം.’
‘എന്തു പേരാണ് വിളിച്ചത്?’ മുത്തശ്ശി തിരക്കി.
‘രാധ’- മുത്തശ്ശന്‍ പറഞ്ഞു.


ജന്മഭൂമി: http://www.janmabhumidaily.com/news743051#ixzz4zY77GYLc

No comments: