Thursday, November 23, 2017

മോക്ഷസാധനമായ ശ്രേയസ്സ് വേറെയാണ്; ലൗകികസുഖഹേതുവായ പ്രേയസ്സ്‌ വേറെയാണ്. രണ്ടിനും വ്യത്യസ്ത പ്രയോജനമാണ്. വിദ്യാരൂപമാണ് ശ്രേയസ്; പ്രേയസ്സ്‌ അവിദ്യാരൂപവും. പ്രേയസ്സ്‌ കൈക്കൊള്ളുന്നവന്‍ പരമമായ പുരുഷാര്‍ത്ഥത്തില്‍ നിന്നുമകലുന്നു.
ബുദ്ധിമാന്‍ ആലോചിച്ച് ശ്രേയസ്സും പ്രേയസ്സും തിരിച്ചറിയുന്നു. അവന്‍ പ്രേയസ്സിനേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞു ശ്രേയസ്സിനെ കൈക്കൊള്ളുന്നു. ലൗകികകാര്യങ്ങളിലെ താല്‍പര്യത്താല്‍ മൂഡബുദ്ധികള്‍ പ്രേയസ്സില്‍ കുടുങ്ങുന്നു.
ഹേ നചികേതസ്സ്, ഏറെ പ്രലോഭിപ്പിച്ചിട്ടും നീ കാമ്യവസ്തുക്കളെല്ല‍ാം അവയുടെ അനിത്യവും അസാരത്വവും മനസ്സിലാക്കി ഉപേക്ഷിച്ചു. മിക്ക ജനങ്ങളും ആസക്തരായിത്തീരുന്ന ഇന്ദ്രിയസുഖാദികളെ നീ കൈക്കൊണ്ടില്ല.
അവിദ്യയായ പ്രയോമാര്‍ഗ്ഗവും വിദ്യയായ ശ്രേയോമാര്‍ഗ്ഗവും വിരുദ്ധസ്വഭാവവും വിരുദ്ധഫലം ചെയ്യുന്നതുമാണ്. നചികേതസ്സ് വിദ്യപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവനാണെന്ന് ഞാന്‍ അറിയുന്നു. കാമ്യവസ്തുക്കളൊന്നും അവനെ പ്രലോഭിപ്പിച്ചിട്ടില്ല.

No comments: