Tuesday, November 28, 2017

വേദവും വൈദികാചരണങ്ങളുമാണ് ശബരിമലയുടെയും മണ്ഡലകാലവ്രതങ്ങളുടെയും അടിസ്ഥാനം. ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്റെ വ്രതങ്ങളെല്ലാം ശബരിമലയാത്രയ്ക്ക് പുറപ്പെടുന്ന അയ്യപ്പനും ബാധകമാണെന്നു കാണാം. ഉത്തരായണത്തിന്റെ ആരംഭത്തെയാണല്ലോ മകരസംക്രമമായി കണക്കാക്കുന്നത്. ശബരിമലയിലെ ‘ആഴി’ യില്‍ നെയ്‌ത്തേങ്ങ ആഹുതിയായി അര്‍പ്പിക്കുന്ന ‘മഹായജ്ഞം’ നമ്മുടെ മനസ്സിലേക്കു കടന്നുവരും യാഗമെന്ന പദം കേള്‍ക്കുമ്പോള്‍. വ്രതങ്ങള്‍ ആണ് മണ്ഡലകാലത്ത് നാം ഏറ്റവും കൂടുതല്‍ അനുഷ്ഠിച്ചുപോരുന്നത്. എന്താണ് വ്രതം? ‘വിശേഷ ഋതം വ്രതം’ എന്നാണ് ആ വാക്കിന്റെ നിഷ്പത്തി.
വിശേഷമായ ഋതം. ഋതമെന്നാല്‍ സത്യത്തിലൂന്നിയ പ്രപഞ്ചത്തിന്റെ താളബോധമാണ്. ഒരു മനുഷ്യനില്‍ നിര്‍ലീനമായിരിക്കുന്ന സത്യമാണ് ഈ താളം. ‘ഞവ്യവോ’ എന്ന് നാം ഇംഗ്ലീഷിലും ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത് ഋതമാണ്. മനുഷ്യജീവിതത്തില്‍ ഏറ്റവും നഷ്ടപ്പെട്ടുപോകുന്നത് ഈ താളമാണ്. ജീവനതാളത്തെ തിരിച്ചുകൊണ്ടുവരുന്ന വിശേഷമായ ഋതമാണ് വ്രതമായി മാറുന്നത്. 41 ദിവസമെന്ന വ്രതകാലസംഖ്യയ്ക്കും ഒരു പ്രത്യേകതയുണ്ട്. ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടുകൊണ്ടാണ് എല്ലാ വിധത്തിലുളള ഉത്സവങ്ങളും ആചാരങ്ങളും ഭാരതത്തില്‍ നടന്നുപോന്നിരുന്നത്. ഭാരതത്തില്‍ രണ്ടു തരത്തിലുള്ള കലണ്ടറുകളുണ്ട്, ഒന്ന് സൗരവര്‍ഷം.
ഇത് 365 ദിവസമാണ്. ചാന്ദ്രവര്‍ഷം എന്ന് പറയുന്ന ഒരു വാര്‍ഷിക കാലഗണന കൂടി ഇവിടെ ഉണ്ടായിരുന്നു. 27 നക്ഷത്രങ്ങളെ 12 മാസംകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ നോക്കുക. 324 ആയിരിക്കും ആ സംഖ്യ. ഈ സംഖ്യ 365 ദിവസങ്ങള്‍ അടങ്ങുന്ന സൗരവര്‍ഷത്തില്‍ നിന്ന് കുറച്ച് നോക്കുക; കിട്ടുന്ന സംഖ്യ 41 ആയിരിക്കും.  ഒരു സാധകന്‍ മുന്നോട്ടുപോകുന്നതിന് അനുസരിച്ച് സൗരവര്‍ഷത്തിന്റെയും ചാന്ദ്രവര്‍ഷത്തിന്റെയും ഇടയില്‍ വരുന്ന 41 ദിവസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്നൊരു ചോദ്യം ഉയര്‍ന്നുവരും. ഈ 41 ദിവസം സൗരചാന്ദ്രവര്‍ഷങ്ങളുടെ ഇടയിലുള്ള സമയമായതുകൊണ്ട് ഒരു വൃത്തം ഉപയോഗിച്ചുവേണം ഇതിനെ പരസ്പരം യോജിപ്പിക്കാന്‍.
അതാണ് 41 ദിവസങ്ങള്‍. വൃത്തം എന്ന് പറയുന്നത് മണ്ഡലമാണ്, ഇതാണ് മണ്ഡലവ്രതമായ 41 ദിവസം. ഋഗ്വേദത്തിലെ ഒരു മന്ത്രമിങ്ങനെയാണ്: ഓം സ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ.  പുനര്ദദതാഘ്‌നതാ ജാനതാ സം ഗമേമഹി. (ഋഗ്വേദം 5. 51.15)അര്‍ഥം: സൂര്യചന്ദ്രന്മാരെപ്പോലെ ഞാനും ധര്‍മ്മവഴിയില്‍ സഞ്ചരിക്കട്ടെ. ആ സൂര്യചന്ദ്രന്മാരേപ്പോലെ ഇളകാതെ വ്രതത്തെ പാലിക്കുന്നവരുമായി സഖ്യമുണ്ടാകട്ടെ.സൂര്യന്റെ വ്രതസംഖ്യയായ 365 ല്‍ നിന്നും ചന്ദ്രന്റെ വ്രതസംഖ്യയായ 324 കുറച്ചാല്‍ അവശേഷിക്കുന്ന 41 ദിവസങ്ങള്‍ ഓരോ അയ്യപ്പനും തങ്ങളുടെ വ്രതം പൂര്‍ത്തിയാക്കാനുള്ള കാലമായി കൊണ്ടാടുന്നു.
ഋഗ്വേദമന്ത്രം പറയും പ്രകാരം ഓരോ അയ്യപ്പനും സൂര്യചന്ദ്രന്മാരെപ്പോലെ ധര്‍മ്മവഴിയില്‍ സഞ്ചരിക്കുന്നു. മണ്ഡലവ്രതങ്ങള്‍ക്കൊടുവിലുള്ള അയ്യപ്പദര്‍ശനം യജ്ഞമായി കണക്കാക്കാം. ആ യജ്ഞത്തിന് യോഗ്യത നേടുകയാണ് വ്രതങ്ങള്‍കൊണ്ട്. ഈശ്വരോന്മുഖമായി ശരീരത്തെ മാറ്റാന്‍ നാം പ്രതിദിനം സ്വാധ്യായവും വ്രതങ്ങളും ഹോമങ്ങളും ചെയ്യണമെന്ന് വേദങ്ങളും ഋഷിമുനിമാരും പറയുന്നു. ഒരു അയ്യപ്പസ്വാമി ചെയ്യുന്നതും ഇതുതന്നെ. ശരണംവിളിയും ഭജനയും സ്വാധ്യായമാണ്.
ബ്രഹ്മചര്യവും ദീക്ഷയും സസ്യാഹാരവും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിയും മറ്റും വ്രതങ്ങളാണ്. കര്‍പ്പൂരാരാധനയാകട്ടെ ഹോമവും. വ്രതം പാലിക്കുന്ന സാധകന്‍ ദേവത്വം പ്രാപിക്കുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് മാലയിട്ട് വ്രതം നോല്‍ക്കുന്ന സ്വാമിമാരെ ‘അയ്യപ്പന്‍മാര്‍’ എന്നു വിളിക്കുന്നത്. മണ്ഡലകാലത്ത് സത്യം ഒരു വ്രതമായി അയ്യപ്പന്‍മാര്‍ സ്വീകരിക്കാറുണ്ട്. അഥവാ തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ ‘സ്വാമി ശരണം’ എന്ന് ഉച്ചരിച്ച് പ്രായശ്ചിത്തം ചെയ്യാറുണ്ട്. ‘വ്രതം ചരിഷ്യാമി…ഇദമഹം അനൃതാത് സത്യമുപൈമി’ അതായത് ‘ഞാന്‍ വ്രതത്തില്‍ ചരിക്കുകയാണ്, അങ്ങനെ അസത്യത്തെവിട്ട് സത്യത്തെ പ്രാപിക്കുകയാണ്’ എന്നാണ് യജുര്‍വേദത്തിലെ പ്രാര്‍ഥന. ‘ദേവന്മാര്‍ സത്യം പറയുന്നു; മനുഷ്യരാകട്ടെ അനൃതവും’ എന്ന പ്രസ്താവം പ്രാചീന യജുര്‍വേദവ്യാഖ്യാനമായ ശതപഥബ്രാഹ്മണത്തിലുള്ളതാണ്. ശബരിമലവ്രതങ്ങളില്‍ പ്രധാനമാണ് ബ്രഹ്മചര്യം.
അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്മചര്യസൂക്തമാണ് ഈ ബ്രഹ്മചര്യവ്രതത്തിന് ആധാരം. വ്രതമനുഷ്ഠിക്കുന്ന ബ്രഹ്മചാരിയില്‍ സമസ്തദേവതകളും ഒരേ മനസ്സായി സുപ്രതിഷ്ഠരായിരിക്കുന്നുവെന്നും, ബ്രഹ്മചാരിയില്‍ പിതൃക്കളും ദേവന്മാരും സംപ്രീതരാകുന്നുവെന്നും സമസ്തക്രിയാനുഷ്ഠാനങ്ങളും സഫലമാകാന്‍ ബ്രഹ്മചര്യം പാലിക്കണമെന്നും അഥര്‍വവേദത്തില്‍ അനുശാസിച്ചിട്ടുണ്ട്. യജ്ഞത്തില്‍ അറിവില്ലാത്തവനും ബ്രഹ്മചര്യം പാലിക്കാത്തവനും രാഗിയും വിഷയിയുമായ ഋത്വിജന്‍ ചെയ്യുന്ന യജ്ഞം നാശത്തിനു കാരണമാകുമെന്ന് ഗോപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്. യജ്ഞദിനങ്ങളില്‍ ഭൂമിയില്‍ ശയിക്കണം യജമാനന്‍ എന്നാണ് വിധി. അതായത് താഴെ കിടക്കുക എന്ന് ശതപഥബ്രാഹ്മണത്തില്‍ ഉപദേശിച്ചതുകാണാം.
മണ്ഡലകാലവ്രതകാലത്ത് അയ്യപ്പന്മാരും ഇതേപോലെ കിടക്കയില്‍ കിടക്കരുതെന്ന് ഗുരുസ്വാമിമാര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അയ്യപ്പദര്‍ശനം യജ്ഞസമാനമാണെന്ന് സാരം. ദീക്ഷ എടുക്കുന്നതോടെ താടിയും മുടിയും വെട്ടരുതെന്ന് ഗുരുസ്വാമി നിര്‍ദ്ദേശിക്കുന്നു. ബ്രഹ്മചാരി താടിവളര്‍ത്തുന്നു എന്നത് അഥര്‍വവേദത്തിലെ പ്രസ്താവമാണ്. യജ്ഞദിനങ്ങളിലും ക്ഷൗരകര്‍മം ചെയ്യാന്‍ പാടില്ലെന്ന വിധിയുണ്ട്. അയ്യപ്പന്മാര്‍ രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ഭസ്മധാരണം ചെയ്ത് ശരണം വിളിക്കുന്നു. തുടര്‍ന്ന് ഹോമമായ കര്‍പ്പൂരാരാധനയും നടത്തും. ശരണം എന്നാല്‍ ആശ്രയം എന്നാണര്‍ഥം. ‘ഇന്ദ്ര ത്രിധാതു ശരണം’ എന്നു തുടങ്ങി ഋഗ്വേദത്തില്‍ പല ഇടങ്ങളില്‍ ശരണം എന്ന വാക്ക് വന്നിട്ടുള്ളത് കാണാം.
അയ്യപ്പന്‍മാര്‍ കറുപ്പുവസ്ത്രമാണ് ധരിക്കാറ്. കറുപ്പ് അഗ്‌നിതത്ത്വപ്രധാനമാണെന്നത് യജുര്‍വേദത്തിലെ ‘കൃഷ്ണഗ്രീവാ ആഗ്നേയഃ’ തുടങ്ങിയ വചനങ്ങളില്‍നിന്നും വ്യക്തമാകുന്നു. ‘അഗ്നേ വ്രതപതേ’ എന്നും യജുര്‍വേദത്തില്‍ കാണാം. അതായത് വ്രതപാലകനാണ് അഗ്നിയെന്നര്‍ഥം. അപ്പോള്‍ കറുപ്പും ഈ വ്രതപാലനത്തിന്റെ ചിഹ്നമാകുന്നു. എന്തിനാണ് ശബരിമലയിലെ ആഴിയില്‍ ഹവിസ്സായി നെയ്‌ത്തേങ്ങ അര്‍പ്പിക്കുന്നത്? എന്താണ് നാളികേരത്തിന്റെ പ്രാധാന്യം? ഈ രഹസ്യമറിയാന്‍ അഥര്‍വവേദം പഠിക്കണം. യജ്ഞത്തില്‍ ഹോമകുണ്ഡത്തിനു ചുറ്റും നാലുകോണില്‍ കലശം വെയ്ക്കും. പാല്, ജലം, തൈര് എന്നിവ നിറച്ചാണ് കലശങ്ങള്‍ വെയ്‌ക്കേണ്ടത്. ജലപൂര്‍ണമായ കുടം മനുഷ്യനിര്‍മ്മിതമാണ്. പ്രകൃതിയിലും ഇത്തരത്തിലൊരു കുടമുണ്ട്. അതാണ് നാളികേരം. ക്ഷീരപൂര്‍ണവും ജലം നിറഞ്ഞതും തൈരിനൊത്ത കാമ്പുള്ളതുമായ കുടം നാളികേരമാണെന്ന് (‘ക്ഷീരേണ പൂര്‍ണാ ഉദകേന ദധ്‌നാ’) അഥര്‍വമന്ത്രത്തില്‍നിന്ന് മനസ്സിലാക്കാം. കൂടാതെ ഹോമത്തിന് ‘സാമഗ്രി’യായി നാളികേരവും കൂടെ നെയ്യും ഹോമിക്കുന്നു. ശബരിമലയിലെ ‘ആഴി’യില്‍ ഈ മഹായാഗത്തിലെ ആഹുതി ഓരോ അയ്യപ്പനും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news743941#ixzz4zlqG8SKC

No comments: