Thursday, November 30, 2017

ഗൃഹസ്ഥാശ്രമം
~~~~~~~~~~~~
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു. ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം*
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
*പിതൃയജ്ഞം*
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
*നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം*.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"*മാതൃദേവോഭവ*
*പിതൃദേവോഭവ*,
*ആചാര്യദേവോ ഭവ*"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"*ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ*"
(*ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്*)
*ദേവയജ്ഞം*
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു
ഭൂത യജ്ഞം*
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു....rajeev kunnekkaat

No comments: