മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത്
സ്വാമി വിവേകാനന്ദന്
പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്കു നേര്‍വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന് വളരെ ദുര്‍ല്ലഭമായിരിക്കും. ലോകം അത്രമാത്രം ദുഷിച്ചുപോയിട്ടില്ല. മൃഗീയസ്വഭാവക്കാരായ ഭര്‍ത്താക്കന്മാരെപ്പറ്റിയും പുരുഷന്മാരുടെ ചാരിത്രവിഹീനതയെപ്പറ്റിയും ലോകത്തിലെല്ലായിടവും ധാരാളം പറഞ്ഞുകേള്‍ക്കുന്നുണ്ട്: എന്നാല്‍ മൃഗീയസ്വഭാവക്കാരും ചാരിത്രശൂന്യരുമായ സ്ത്രീകളും പുരുഷന്മാരോളംതന്നെ ഉണ്ടെന്നുള്ളതു പരമാര്‍ത്ഥമല്ലേ? സ്ത്രീകളെല്ലാം, അവര്‍തന്നെ നിരന്തരം ഘോഷിക്കുന്നതില്‍നിന്നു വിശ്വസിക്കേണ്ടതുപോലെ, സാദ്ധ്വി കളും പവിത്രകളും ആയിരുന്നുവെങ്കില്‍, ലോകത്തില്‍ അപവിത്രനായ ഒരു പുരുഷന്‍പോലും ഉണ്ടായിരിക്കയില്ല എന്ന് എനിക്കു പൂര്‍ണ്ണ ബോധ്യമുണ്ട്. ചാരിത്രത്തിനും പവിത്രതയ്ക്കും കീഴടക്കാന്‍ കഴിയാത്ത എന്തു മൃഗീയതയാണുള്ളത്? തന്റെ ഭര്‍ത്താവൊഴികെയുള്ള മറ്റെല്ലാ പുരുഷന്മാരേയും പുത്രതുല്യം കരുതി, അവരോടെല്ലാം അമ്മയുടെ മനോഭാവം പുലര്‍ത്തിപ്പോരുന്ന, മനസ്വിനിയും ചാരിത്രവതിയുമായ ഒരു സ്ത്രീയുടെ മുമ്പില്‍ വരുന്ന ഏതൊരു പുരുഷനും അയാള്‍ എത്രതന്നെ മൃഗതുല്യനായിരുന്നാലും, താന്‍ ഒരു ദിവ്യ സന്നിധിയിലെ പാവനമായ വായുശ്വസിക്കുന്നതായി തോന്നാതിരിക്കയില്ല. ആ സ്ത്രീയുടെ നൈര്‍മ്മല്യശക്തി അത്ര വര്‍ദ്ധിച്ചിരിക്കും. അതുപോലെതന്നെ, ഏതൊരു പുരുഷനും തന്റെ ഭാര്യയല്ലാത്ത ഏതൊരു സ്ത്രീയേയും തന്റെ അമ്മയെപ്പോലെയോ പുത്രിയെപ്പോലെയോ സഹോദരിയെപ്പോലെയോ കരുതേണ്ടതാകുന്നു. ഒരു ധര്‍മ്മോപദേഷ്ടാവാകാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് എല്ലാ സ്ത്രീകളേയും തന്റെ അമ്മയെപ്പോലെ വിചാരിച്ച് അവരോട് എല്ലായ്പോഴും ആ വിധം പെരുമാറേണ്ടതാകുന്നു.
മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത്. എന്തു കൊണ്ടെന്നാല്‍ അതത്രേ ഏറ്റവും കൂടിയ നിഃസ്വാര്‍ത്ഥത അഭ്യസിക്കാനും പ്രയോഗിക്കാനും ഉള്ള ഏകസ്ഥാനം. ഒരമ്മയുടെ പ്രേമത്തേക്കാള്‍ ഉപരിയായിട്ടുള്ളത് ഈശ്വരന്റെ പ്രേമം ഒന്നുമാത്രമേയുള്ളു. മറ്റു പ്രേമങ്ങളെല്ലാം അതിനു താഴെ നില്ക്കും. മക്കളുടെ കാര്യം ആദ്യം ചിന്തിച്ചിട്ട് പിന്നീടുമാത്രം സ്വന്തം കാര്യം ചിന്തിക്കുകയെന്നത് അമ്മയുടെ ധര്‍മ്മമാകുന്നു. അങ്ങനെയല്ലാതെ, മാതാപിതാക്കള്‍ എപ്പോഴും സ്വന്തം കാര്യം ആദ്യം ആലോചിച്ചാല്‍, അവരും സന്താനങ്ങളും തമ്മിലുള്ള ബന്ധം പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം പോലെയായിത്തീരും: ചിറകു മുളച്ചുകഴിഞ്ഞാല്‍ പിന്നീട് പക്ഷിക്കുഞ്ഞുങ്ങള്‍ അവയുടെ മാതാപിതാക്കളെ അറിയുന്നില്ല. എല്ലാ സ്ത്രീകളെയും പരമേശ്വരിയുടെ പ്രതീകങ്ങളായി കാണ്മാന് കഴിവുള്ള പുരുഷന് ധന്യന്‍. എല്ലാ പുരുഷന്മാരെയും പരമേശ്വരന്റെ പ്രതീകങ്ങളായി കാണ്മാന് കഴിവുള്ള സ്ത്രീയും ധന്യ. തങ്ങളുടെ മാതാപിതാക്കളെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷമൂര്‍ത്തികളായി കാണുന്ന മക്കളും ധന്യരാണ്.
No comments:
Post a Comment