എന്നും നിലനില്‍ക്കുന്ന എല്ലാറ്റിനേയും അറിയുന്ന ആനന്ദ സത്തയാണ് ആത്മാവ്.
*ആത്മാവ് മരിക്കുന്നില്ല എന്ന് എങ്ങിനെ തിരുമാനിക്കാം? കാലാതിവര്‍ത്തിയായത് കൊണ്ട് മരിക്കുന്നില്ല.
*അത് ജ്ഞാനസ്വരൂപമാണ് എന്ന് എങ്ങിനെ തിരുമാനിക്കാം? എന്നില്‍ അറിയുന്ന ഒരു തത്വമുള്ളത് തീര്‍ച്ചയായിട്ടും ആത്മാവാണ്. പലതും എനിക്ക് അറിയാന്‍ സാധിക്കുന്നു എന്ന വസ്തുത അനുസരിച്ച് എന്റെ പ്രകൃതം അറിവാണ് എന്നാലോചിച്ചാല്‍ മനസ്സിലാവും. കൊച്ചു കൊച്ചു കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു എന്നതു മാത്രമല്ല ജ്ഞാനസ്വരൂപിയായ ആത്മാവിന്റെ മഹത്വം.
എന്നില്‍ നിന്നന്യമായിട്ട് ജ്ഞാനശേഷിയുള്ള ഏതൊരു തത്വമുണ്ട് ലോകത്തില്‍ ? എന്നെ സംബന്ധിച്ചിടത്തോളം അറിയാന്‍ കഴിവുള്ള തത്വം ഞാന്‍ മാത്രമാണ്. മറ്റുള്ളവരും അറിയുന്നുണ്ടല്ലോ? – എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉന്നയിക്കാവുന്നതാണ്. എന്നാല്‍ മറ്റൊരാളറിയുന്നു എന്ന വസ്തുത ആരറിയുന്നു…. – എന്ന പ്രകാരത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകണം. തിരിച്ചം മറിച്ചും ആലോചിച്ചാല്‍ ആചാര്യന്‍മാര്‍ ഉദ്‌ബോധിപ്പിക്കുന്ന കാര്യം നമുക്കു ബോധ്യമാവും. ഞാന്‍ എന്റെ സ്വരൂപത്തെ അറിയുമ്പോള്‍ ജ്ഞാനസത്തയെയാണ് അറിയുന്നതെന്ന വസ്തുത മനനീയമാണ്..
* ആനന്ദ സ്വരൂപിയാണെന്നതിന്റെ യുക്തിയെന്ത്?
എനിക്കേറ്റവും സന്തോഷം ഉണ്ടാവുന്നത് ഞാന്‍ ഒന്നിനേയും ആശ്രയിക്കാതിരിക്കുമ്പോഴാണ്. സകല ആലംബനങ്ങളുടേയും (ആശ്രയത്വങ്ങളുടേയും ) അഭാവത്തില്‍, ഉറക്കത്തില്‍ – നമുക്കുണ്ടാകുന്ന സന്തോഷമാണ് കറയറ്റ സന്തോഷം. കാരണം അവിടെ സന്തോഷത്തിന് കാരണമായി അന്യമായ ഒന്നില്ല. അതു കൊണ്ട് ആലംബന ദോഷമൊന്നും ആ സന്തോഷത്തെ ബാധിക്കില്ല. എല്ലാ സന്തോഷാനുഭവങ്ങളുടേയും സ്ഥിതി ഇതാണ്.
സാധാരണ ഗതിയില്‍ നാം വിഷയങ്ങളെ സുഖപ്രാപ്തിക്കായി ആശ്രയിക്കാറുണ്ടെങ്കിലും സുഖവും സന്തോഷവും പകര്‍ന്നു തരുന്നത് വിഷയങ്ങളല്ല. അവരവരില്‍ നിന്നു തന്നെയാണ് അത് ലഭ്യമാകുന്നതെന്ന് വിചാരം ചെയ്താല്‍ ബോധ്യമാവും. വിഷയം, സന്തോഷ /സുഖ ദായകമായി തോന്നിയേക്കാമെങ്കിലും അത് വാസ്തവമല്ല. ആത്മനിഷ്ഠ സുഖപ്രാപ്തിക്ക് വിഷയം തത്ക്കാലം ഒരു ഉപാധിയാകുന്നു, സഹായകമാവുന്നു എന്ന നിലയില്‍ വിചാരം ചെയ്തു നോക്കേണ്ടതുണ്ട്.
അതായത് സുഖിക്കുന്നു/സന്തോഷിക്കുന്നു എന്ന അനുഭവത്തില്‍ നമുക്ക് സഹജ സുഖ സ്വരൂപിയായ ആത്മാവിനോട് ബന്ധപ്പെടുന്നതിന് ബാഹ്യമായ ഒരു വസ്തു/ വ്യക്തി – വിഷയം സഹായകമാവുന്നു എന്നതാണ് വസ്തുത. ഉദാഹരണമായി ചിലര്‍ക്ക് പാല്‍പായസം കുടിക്കുമ്പോള്‍ വളരെ സന്തോഷമാണ്/ സുഖം തോന്നുന്നു എന്ന അനുഭവമുണ്ടെങ്കില്‍ ആത്മാധിഷ്ഠിത സന്തോഷം നുകരാന്‍ പാല്‍പ്പായസം അയാളെ സഹായിച്ചു എന്നതാണ് കാര്യം..
ഇവിടെ പാല്‍പ്പായസം സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ കാരണം, ആചാര്യന്‍മാര്‍ വ്യക്തമാക്കിത്തരുന്നു :- പാല്‍പ്പായസം വേണം എന്ന കൊതി ഒരാള്‍ക്കുണ്ടാവുമ്പോള്‍, ആ ആഗ്രഹം കാരണം അയാള്‍ അയാളില്‍ നിന്ന് അകന്ന് പോവുന്നു.
പാല്‍പ്പായസം ലഭ്യമായി കുടിക്കുന്ന സമയത്ത് പാല്‍പ്പായസത്തെ സംബന്ധിക്കുന്ന കൊതിയകന്ന് (തടസ്സം- സൂര്യപ്രഭയെ തടയുന്ന മേഘം പോലെ ) സുഖസ്വരൂപത്തിലേക്ക് (ആത്മാവിലേക്ക് ) അടുക്കാന്‍ ഇടയാവുന്നു. ഇതാണ് സന്തോഷ / സുഖ-ആനന്ദ അനുഭവത്തിനു കാരണം. എന്നാല്‍ മുന്‍ വിധികൊണ്ട് പാല്‍പ്പായസമാണ് സുഖത്തിന്റെ ഉറവിടമെന്ന് തെറ്റിദ്ധരിക്കാനും ഇടയാവുന്നുണ്ട്. ഈ വാസ്തവം സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവേകപൂര്‍വ്വം മനനം ചെയ്യാന്‍ നമുക്ക് ശ്രദ്ധിക്കാം.
സന്തോഷ / സുഖ അനുഭവമുണ്ടാകുമ്പോള്‍ നമുക്ക് അത് സമ്മാനിച്ചത് പദാര്‍ത്ഥങ്ങളാണോ (അഥവാ മറ്റ് ഉപാധികള്‍ ) അതോ സഹജാനന്ദമാണോ നാം നുകര്‍ന്നത് എന്ന് വിചിന്തനം ചെയ്തു നോക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news744516#ixzz4zls95HBJ
No comments:
Post a Comment