Saturday, November 18, 2017

ഗീതാദര്‍ശനം - 704
Posted on: 29 Jan 2011
സി. രാധാകൃഷ്ണന്‍


മോക്ഷ സംന്യാസയോഗം


മച്ചിത്തഃ സര്‍വദുര്‍ഗാണി
മത്പ്രസാദാത് തരിഷ്യസി
അഥ ചേത് ത്വമഹങ്കാരാത്
ന ശ്രോഷ്യസി വിനങ്ക്ഷ്യസി

നിരന്തരം എന്നെ ധ്യാനിക്കുന്ന നീ എന്റെ പ്രസാദത്തിന് പാത്രമാകുന്നതോടെ എല്ലാ കോട്ടകളെയും (തടസ്സങ്ങളെയും) അനായാസം മറികടക്കും. എന്നാല്‍, നീ അഹങ്കാരം കാരണം (ഇപ്പറയുന്നത്) ചെവിക്കൊള്ളാതിരുന്നാല്‍ നശിച്ചുപോവുകയും ചെയ്യും.

ഞാന്‍ വേറെയാണ്, ഞാന്‍ ചെയ്യുന്നു, ഞാന്‍ നേടുന്നു, ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ പ്രമാണി എന്നിങ്ങനെ തോന്നുന്നതാണ് അഹങ്കാരലക്ഷണങ്ങള്‍. ഞാനും പ്രപഞ്ചവും ഒരു ഏകകമാണ്, ഞാന്‍ പ്രപഞ്ചഹിതം അനുവര്‍ത്തിക്കുന്ന ഉപകരണമാണ്, എനിക്കുമാത്രമായി ഒന്നുമില്ല നേടാന്‍, ഞാന്‍ ഒന്നും അനുഭവിക്കുന്നില്ല, എന്റെ ശരീരവും ജീവിതവും ക്ഷണികവും അല്പവും ആണ് എന്നത് ഇതിന്റെ മറുപുറവും. ഈ പുറം (ജീവപരിണാമപരമായ) പുരോഗതിയുടെ വഴി; മറ്റേത് അധോഗതിയുടെയും)

പുരോഗതിയുടെ പാതയില്‍ മനസ്സില്‍ പ്രശാന്തി ജനിക്കുന്നു. ഇതുതന്നെ ഈശ്വരന്റെ പ്രസാദം. ഈശ്വരന്‍ ഈ പ്രസാദമായി എങ്ങെങ്ങും നിറഞ്ഞു നില്‍ക്കുന്നു. നാം നമ്മുടെ മനസ്സില്‍ അത് കണ്ടെത്തുമ്പോള്‍ അതൊരു അനുഗ്രഹമായി നമുക്കു ലഭ്യമാകുന്നു. ആ അനുഗ്രഹം പരമാത്മാവിലേക്കുള്ള എല്ലാ ജീവിതതടസ്സങ്ങളെയും മറികടക്കാന്‍ മതിയാകും.

ഈ നല്ല വഴി തിരഞ്ഞെടുക്കാന്‍ അഹങ്കാരം സമ്മതിക്കുന്നില്ലെങ്കില്‍ ഫലം ആത്മനാശം. അഹങ്കാരമാണ് വില്ലന്‍. നശിക്കുന്ന സ്വന്തം ശരീരബുദ്ധികളില്‍ ഉള്ള അമിതതാത്പര്യമാണ് ഇത്.

നാശമില്ലാത്തതിനെ അങ്ങനെയുള്ളവര്‍ക്ക് ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ കേമനാണ്, നല്ലതെന്തെന്ന് എനിക്കറിയാം, ആരും പറഞ്ഞുതരേണ്ടതില്ല, എന്ന് ഒന്നുമറിയാത്തപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് അഹങ്കാരത്താലാണല്ലോ.

ഈ മുട്ടാപ്പോക്ക് തടസ്സങ്ങളുടെ പാറക്കെട്ടുകളിലിടിച്ച് അവസാനിക്കും. ഇത് മുന്നറിയിപ്പാണ്, ഭീഷണിയല്ല. അധോഗതിയോ പുരോഗതിയോ പുറമേനിന്ന് ആരും കൊണ്ടുവന്നു തരുന്നതല്ല, അവനവന്‍ ഉണ്ടാക്കുന്നതാണ്.

No comments: