Tuesday, November 14, 2017

സന്നിധിയിലെ തിരക്ക് വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. കുറേനേരം കാത്തുനിന്നതിനുശേഷമാണ് തൊഴാനായത്. രണ്ടുപേരും ഉണ്ണിക്കണ്ണനെ കണ്‍നിറയെ കണ്ടു. അതിനുശേഷം, യോഗമായയായ ഭഗവതിയുടെ സന്നിധിയിലെത്തി; തൊഴുതു. വിഘ്‌നേശ്വരനേയും ശാസ്താവിനേയും ദര്‍ശിച്ച് വീട്ടിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചിയുര്‍ന്നിരുന്നു.
പൂജാമുറിയുടെ വാതില്‍ക്കല്‍നിന്നു തെല്ലുമാറിയാണ് വായനയ്ക്ക് ഭജനമണ്ഡപം ഒരുക്കിയിരുന്നത്. വ്യാസപീഠത്തില്‍ ഭാഗവതം തുറന്നുവച്ചിരുന്നു. പീഠത്തിനരികെ കൃഷ്ണഗാഥയും കിളിപ്പാട്ടും നാരായണീയവും ദേവീഭാഗവതവുമെല്ലാം ഉണ്ടായിരുന്നു.
മാത്രനേരം ഇരുവരും ധ്യാനത്തില്‍ മുഴുകി. ധ്യാനമുണര്‍ന്നനേരം ഭാഗവതത്തെ തൊട്ടുവന്ദിച്ചു.
മുത്തശ്ശി ആദരവോടെ കൃഷ്ണഗാഥ എടുത്തു. പുറംചട്ടയിലെ ഉണ്ണിക്കണ്ണന്റെ ചിത്രത്തെ തൊട്ടുവന്ദിച്ചു.
‘ഒന്നു ചോദിച്ചോട്ടെ?’ മുത്തശ്ശിയുടെ പുരികം തെല്ലുയര്‍ന്നു; ശബ്ദമൊതുക്കി തിരക്കി: ‘ഗാഥാന്നുവെച്ചാ എന്താ?’
‘അതോ?’ മുത്തശ്ശന്റെ ചുണ്ടില്‍ നനുത്ത ചിരി പൊടിഞ്ഞു: ‘ഗൈഗാനെ എന്നു സംസ്‌കൃതത്തില്‍ ഒരു ധാതുവുണ്ട്. അതില്‍നിന്ന് ഗാനം ഉത്ഭവിച്ചു. ഗാനത്തിന്റെ പ്രതിരൂപമാണ് ഗാഥ. തമിഴില്‍ കാതൈ എന്നുപറയുന്നു- തുടക്കത്തിലെ പറയുന്നതു ശ്രദ്ധിച്ചിട്ടില്ലേ?
ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ് ചൊല്ലുന്നു ഭാഷയായി…
കൃഷ്ണഗാഥയില്‍ അദ്ദേഹം സ്വീകരിച്ച വൃത്തത്തിന് ഗാഥ എന്ന പേരുവന്നു.
‘ഒരു കഥ കേട്ടിട്ടുണ്ട്. കോലത്തിരി രാജാവും ഗാഥാകാരനും ചതുരംഗം കളിച്ചുകൊണ്ടിരിക്കേ, രാജാവിനു നേരിട്ട ചതുരംഗപ്പതുങ്ങലില്‍ നിന്ന് തന്റെ പതിദേവനെ രക്ഷിക്കാന്‍, ഉണ്ണിയെ ഉറക്കാനെന്ന വ്യാജേന രാജ്ഞി ഒരു ഈണം ചൊല്ലി രാജാവിന് നില്‍ക്കക്കള്ളിയുണ്ടാക്കിക്കൊടുത്തു; ആ ഈണമാണ് ഗാഥയായതെന്നല്ലേ കഥ?’
‘കഥയല്ലാ. കാര്യം തന്നെയാണ്. രാജ്ഞി ചൊല്ലിയ ഈണമുണ്ടല്ലോ-ഉന്തുന്തുന്തുന്തുന്തുന്താളെയുന്ത് എന്നതിന്റെ സാരം ഗ്രഹിച്ച് രാജാവ് ആളെയുന്തി കളി ജയിച്ചു. ആ ഉശിരില്‍, രാജ്ഞി ചൊല്ലിയ ഈണത്തില്‍ ദശമം പാട്ടാക്കണമെന്ന് രാജാവ് താല്‍പ്പര്യപ്പെട്ടു. അതിന്‍പടി കൃഷ്ണഗാഥ രചിച്ചു എന്ന കവി പ്രസ്താവിക്കുന്നില്ലേ? ചൊല്ലിക്കേല്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി:
പാലാഴിമാതു താന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മന്‍
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍
ദേവകീസൂനുവായ് മേവി നിന്നീടുന്ന
കേവലന്‍ തന്നുടെ ലീല ചൊല്‍വാന്‍
ആവതല്ലെങ്കിലുമാശതാന്‍ ചെല്‍കയാല്‍
ആരംഭിച്ചീടുന്നേനായവണ്ണം…
ഒരു സ്ത്രീ നിമിത്തമായി കാവ്യം രചിക്കാന്‍ അവസരം കിട്ടിയപ്പോള്‍, ആ കാവ്യം പൊതുവേ സ്ത്രീകള്‍ക്കു അര്‍ത്ഥം ഗ്രഹിച്ചു പാടി രസിക്കാന്‍ പോരുംവിധമാവണമെന്ന് കവി നിരീച്ചു: അല്ലേ?’
‘ശരിയാണ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അക്കാലത്തൊക്കെ ഭാഷയ്ക്ക് സംസ്‌കൃതത്തിന്റെ വല്ലാത്ത സ്വാധീനമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ്, പച്ചമലയാളത്തില്‍, ലളിതമായ ശൈലിയില്‍ കൃഷ്ണഗാഥ പിറന്നുവീണത്. ഇത് ഒന്നാംകിടയില്‍ പെടില്ല എന്നുപറയുന്നതിനു പകരം, ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷ്ണം കഷ്ട്യാ-എന്നു പണ്ഡിതര്‍ വിലയിരുത്തിയില്ലേ?’
‘എളക്കി നോക്ക്യാ കാണാംന്ന് തിരുമേനി മറുപടി കൊടുത്തു, ഇല്ലേ?’
‘ഉവ്വുവ്വ്. ഭാഗവതത്തെ സൂക്ഷ്മമായി പിന്തുടരുകയാണ് കൃഷ്ണഗാഥകാരന്‍ ചെയ്യുന്നത്. അതുപക്ഷേ, കേവലം ഭാഷാന്തരീകരണമായിരുന്നില്ല എന്നതു ശ്രദ്ധിക്കണം.
ഭൂമിര്‍ ദൃപ്തനൃപവ്യാജ ദൈത്യാനീകതയുതൈഃ
ആക്രാന്താഭൂരിഭാരേണ ബ്രഹ്മാണം ശരണം യയൗ
ഗൗര്‍ഭൂത്വാശ്രുമുഖീ ഖിന്നാ ക്രന്ദതി കരുണം വിഭോ
എന്ന ഭാഗവതഭാഗം എത്ര മസൃണമായാണ് ഗാഥയില്‍ കാണുന്നത്. ഒന്നു ചൊല്ലിത്തരൂ.
മുത്തശ്ശി ചൊല്ലി-
ദുഷ്ടരായുള്ളൊരു മന്നവരെല്ലാവരും
ഒട്ടേറെപ്പോന്നു പിറക്കയാലെ
അന്തമില്ലാതൊരു ഭാരംകൊണ്ടേ മുന്ന
സന്താപംപൂണ്ടു തളര്‍ന്നു മേന്മേല്‍
ധേനുവായ്‌ച്ചെന്നു വിരിഞ്ചനോടൊപ്പം താന്‍
വേദനയോതിനാള്‍ കാതരയായ്
എത്ര ലളിതമാണ്, അല്ലേ? കിളിപ്പാട്ട് ഇത്രേം വര്വോ? മുത്തശ്ശി ആരാഞ്ഞു.
‘അതില്ലാ’- മുത്തശ്ശന്‍ കയ്യെടുത്തു വിലക്കി: ‘എഴുത്തച്ഛന്റെ ശൈലി ഒന്നു വേറെയല്ലേ? കേട്ടോളൂ.
കേട്ടുകൊള്‍കെങ്കിലമരാസുരയുദ്ധത്തിങ്കല്‍
വാട്ടമെന്നിയേ മരിച്ചീടിനോരസുരകള്‍
ധാത്രീന്ദ്രന്മാരായ് വന്നുപിറന്നു മുഴുക്കയാല്‍
ധാത്രിയും ഭാരംകൊണ്ടു തളര്‍ന്നു ചമഞ്ഞപ്പോള്‍
ഗോരൂപം പരിഗ്രഹിച്ചാളകമിടര്‍പൂണ്ടു
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍
‘വൈകുണ്ഠനാഥനുമാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ എന്നറിയാവുന്ന ബ്രഹ്മദേവന്‍, ഭൂമിദേവിയെ കൂട്ടി വൈകുണ്ഠത്തിലെത്തി; ജഗന്നാഥനെ വിവരമറിയിച്ചു, അല്ലേ?’
‘ശരിയാണ്. പാലാഴിനാഥന്‍ ഭൂമിദേവിയെ സാന്ത്വനപ്പെടുത്തിക്കൊണ്ടു പറഞ്ഞത് കൃഷ്ണഗാഥയിലെങ്ങനെയാണ് വിവരിക്കുന്നത്?’
മുത്തശ്ശി ചൊല്ലി-
മുന്നമേ തന്നെയറിഞ്ഞു ഞാന്‍ പോരുന്നു
മന്നിടം ചേരുന്ന ഭാരമെല്ലാം
ഭൂഭാരം തന്നെ തളര്‍പ്പതിനോരോരോ
വ്യാപാരം ചെഞ്ചെമ്മേ ചെയ്‌വതിന്നായ്
മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാന്‍
ആനക ദുന്ദുഭി സൂനുവായി.
‘വസുദേവര്‍ക്ക് കീര്‍ത്തി എന്നൊരു സോദരിയുണ്ട്, ഇല്ലേ? ഈ കീര്‍ത്തിയാണ് വൃന്ദാവനത്തില്‍ രാധയുടെ വളര്‍ത്തമ്മയാവുന്നത് എന്നു കേട്ടിട്ടുണ്ട്.’
‘കീര്‍ത്തി വസുദേവരുടെ നേര്‍സോദരി എന്നു പറയാനാവില്ല. വസുദേവരുടെ അച്ഛന് വൈശ്യസ്ത്രീയായ ശ്വേതയില്‍ പിറന്നവളാണ് കീര്‍ത്തി. കീര്‍ത്തിയുടെ സോദരനാണ് നന്ദഗോപര്‍’
‘ഓ. അങ്ങനെയാണല്ലേ?’
‘വസുദേവരും നന്ദഗോപരും തമ്മിലുള്ള ഈ ചര്‍ച്ച ഭാഗവതത്തില്‍ വെളിവാക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. ഗര്‍ഗഭാഗവതത്തില്‍ അതു വിസ്തരിക്കുന്നുണ്ട്.’
‘ഇനി, നാളെയാവാം’- മുത്തശ്ശി പറഞ്ഞു.
‘ശരി’- മുത്തശ്ശന്‍ സമ്മതിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news737307#ixzz4yS1Dr0Ky

No comments: