Sunday, July 01, 2018

ഏറ്റവും ബലവാനായ പുരുഷനായി എണ്ണപ്പെട്ടുവരുന്ന ബാലിയുടെ ഭാര്യയായിരുന്നു താര. അനുജന്‍ സുഗ്രീവനെ പിണക്കി വിടേണ്ട എന്ന താരയുടെ ഉപദേശം ശ്രവിക്കാതിരുന്നതിനാലാണ് ബാലിക്ക് രാമനുമായി യുദ്ധം ചെയ്യേണ്ടി വന്നതും ജീവന്‍ തന്നെ നഷ്ടപ്പെടാനിടയായതും. ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് സുഗ്രീവന്‍ പറയുന്നതു കേള്‍ക്കാന്‍ ബാലി മകന്‍ അംഗദനെ ഉപദേശിക്കുന്നു. സ്വന്തം മകന്റെ ജീവനും ഭാവിയും ഓര്‍ത്ത് താര സുഗ്രീവന്റെ ഭാര്യയാകുന്നു. മദ്യാസക്തനായ സുഗ്രീവനെ മുന്‍നിര്‍ത്തി രാജ്യകാര്യവിചാരം ചെയ്യുന്നതും ലക്ഷ്മണന്റെ കോപത്തെ അടക്കി, സീതാന്വേഷണത്തിനായുള്ള തയ്യാറെടുപ്പിലാണ് കിഷ്‌കിന്ധ എന്ന പ്രതീതി ലക്ഷ്മണനില്‍ ഉണ്ടാക്കാനും താരയ്ക്കു കഴിയുന്നു. അച്ഛനെ കൊന്നവനോടുള്ള പകയടക്കി സീതാന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ മകന്‍ അംഗദനു താര നിര്‍ദേശം നല്കുന്നു. കൗമാരം വിടാത്ത മകനും മദ്യാസക്തനായ ഭര്‍ത്താവും മാത്രം ഉള്ളപ്പോഴും നയകോവിദത്വത്തോടെ യുദ്ധപ്പുറപ്പാടു നടത്തുന്നതും കിഷ്‌കിന്ധയെ തങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത ഒരു കാര്യത്തിനായി യുദ്ധ സജ്ജരാക്കുന്നതും താരയുടെ രാജ്യ തന്ത്രജ്ഞതയുടെ വിജയമല്ലാതെ മറ്റെന്താണ്? ഭര്‍ത്താവിന്റെ മരണത്തോടെ വൈധവ്യത്തെ വരിച്ചു കരഞ്ഞുകഴിയുന്ന ഒരു സ്ത്രീയായിരുന്നു താരയെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രാതസ്മരണീയയാകുമായിരുന്നില്ല. മറിച്ചു വിധിയെ മറികടന്ന് മകനു കിരീടവും രാജ്യത്തിനു ശ്രേയസ്സും നേടുന്നതില്‍ വിജയിച്ചവളായതിനാല്‍ താര ആരാധിക്കപ്പെടേണ്ടവളായി മാറി.

No comments: