മറ്റുള്ളവര്‍ക്ക് ഗുണകരമായ പ്രവൃത്തികള്‍ ചെയ്താല്‍ ബഹുജനങ്ങളുടെ പ്രശംസ ലഭിക്കും.'ധര്‍മ്മാനുസൃതമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ ധര്മ്മനിഷ്ഠന്മാര് വാഴ്ത്തും. വൈദികകര്‍മ്മങ്ങള്‍ ചെയ്താല്‍ വൈദികന്മാര് പുകഴ്ത്തും. കര്‍മ്മയോഗമോ ജ്ഞാനയോഗമോ ചെയ്ത് സിദ്ധനായാല്‍ അത്തരം ആളുകള്‍ കീര്‍ത്തിക്കും. ശ്രീകൃഷ്ണ ഭഗവാന്റെ ഉത്തമഭക്തനായി തീര്‍ന്നാല്‍ സാധാരണ മനുഷ്യര്‍ അജ്ഞത കാരണം ഒന്നും മിണ്ടിയില്ലെന്ന് വരാം. പക്ഷേ, ഭഗവദ് ഭക്തന്മാരും ദേവന്മാരും ഋഷികളും പിതൃക്കളും മാത്രമല്ല, ഭഗവാന് തന്നെ ആ ഭക്തനെ ഉച്ചത്തില്‍ വിളിച്ചു പറയും. ആദ്യം ബ്രഹ്മാവ് കീര്‍ത്തിക്കുന്നതു കേള്‍ക്കാം ദുര്‍വാസ്സാവ് മഹര്‍ഷി അംബരീഷ മഹാരാജാവിനെ നശിപ്പിക്കാന്‍ വേണ്ടി സൃഷ്ടിച്ച കൃത്യയെ ഭഗവാന്റെ സുദര്‍ശന ചക്രം നശിപ്പിച്ചതിനുശേഷം ദുര്വാസ്സസിന്റെ നേരെചെന്നു. ദുര്വാസസ്സ് മഹര്‍ഷി ഭയപ്പെട്ടു സത്യലോകത്തിലെത്തി വിരിഞ്ചനെ ശരണം പ്രാപിച്ചു. വിരിഞ്ചന്‍ പറയുന്നു. ''സ്ഥാനം മദീയം സഹവിശ്വമേതത് ക്രീഡാവസാനേ ദ്വിപരാര്ധ സംജ്ഞേ ഭ്രൂഭാഗമാത്രേണ ഹി സന്ദിധക്ഷോഃ കാലാത്മനോ യന്യതിരോഭവിഷ്യതി'' (എന്റെ ഈ സത്യലോകവും ഈ ബ്രഹ്മാണ്ഡവും കല്പത്തിന്റെ അവസാനത്തില്‍, പുരികം ഒന്നിളകിയാല്‍ നശിച്ചുപോകുമോ കാലസ്വരൂപനായ ആ ഭഗവാന്റെ ഭക്തന്മാര്ക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഭക്തന്മാര് ഭഗവാന്റെ ഉപാംഗങ്ങള്‍ തന്നെയാണ്) മഹാദേവന് പറയുന്നു- ഭഗവദ് ഭക്തനായ ചിത്രകേതുവിനെ പാര്‍വ്വതീ ദേവി നീ അസുരനായി ജനിക്കട്ടെ എന്നു ശപിച്ചപ്പോള്‍ ''തസ്യചായം മഹാഭാഗഃ ചിത്രകേതു പ്രിയോളനുഗ സര്‍വ്വത്ര സമദൃക് ശാന്തോ- ഹ്യ ഹം ചൈവായ്യുതപ്രിയഃ'' (ഈ ചിത്രകേതു, ആ ശ്രീകൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട ഭൃത്യനാണ്, എല്ലാവരിലും സമത്വഭാവനയുള്ളവനാണ്; പ്രശാന്ത മനസ്കനാണ്. ഞാനും ആ അച്യുതന്റെ പ്രിയപ്പെട്ട ഭക്തനാണ്. ശ്രീകൃഷ്ണ ഭഗവാന് ദുര്വാസസ്സമഹര്ഷിയോടു പറയുന്നു അഹംഭക്ത പരാധീനോ ഹ്യസ്വതന്ത്ര ഇവദ്വിജ! സാധുഭിര് ഗ്രസ്തഹൃദയഃ ഭക്തൈഃ ഭക്തജനപ്രിയഃ (ഞാന്‍ എന്റെ ഭക്തന്മാര്ക്ക് അടിമപ്പെട്ടവനാണ്. എന്റെ ഭക്തന്മാരായ സാധുജനങ്ങള്‍ എന്റെ ഹൃദയം കയ്യടക്കിവച്ചിരിക്കയാണ്. എനിക്ക് അവരോട് പ്രിയം-സ്നേഹം-മാത്രമേയുള്ളൂ) 20) അയശസ്സ്- ദുഷ്കര്‍മ്മങ്ങള്‍ ചെയ്താല്‍ മറ്റുള്ളവരില്‍ നിന്ന് ശകാരം കേള്‍ക്കേണ്ടിവരുന്ന അവസ്ഥ. ആദ്യകാലത്ത്, സത്കര്മ്മങ്ങളോ യോഗാനുഷ്ഠാനങ്ങളോ സ്വീകരിക്കുകയും പിന്നീട് അവ ഉപേക്ഷിച്ച് ഭൗതിക ജീവിയായി മാറിയാല്‍ ദുര്യശ്ശസ് കേള്‍ക്കാന്‍ കഴിയും. ഇവിടെ ഇരുപതു ഭാവങ്ങല്‍ മാത്രമേ ഭഗവാന് പ്രതിപാദിച്ചിട്ടുള്ളൂ. ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത ഭാവങ്ങള്‍- മനോവൃത്തികള്‍ ഉണ്ട്. ഇവ വ്യത്യസ്തത ഉള്ളവയാണ്; പരസ്പര വിരുദ്ധങ്ങളുമാണ്, പ്രവൃത്തി ധര്മത്തിന് സഹായമായതും നിവൃത്തി ധര്മ്മത്തിന് സഹായവുമായവയുമുണ്ട്. ഇവയെല്ലാം എന്നില്‍നിന്നു തന്നെയാണ്. ഈ കൃഷ്ണനില്‍നിന്നു തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇവയില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയും ദുര്‍ഗുണങ്ങള്‍ ഉപേക്ഷിക്കുകയും വേണം.
janmabhumi
janmabhumi
No comments:
Post a Comment