Thursday, November 16, 2017

ഈശ്വരൻ മനുഷ്യനായി വന്നാൽ ഈശ്വരീയങ്ങളായ എല്ലാസിദ്ധികളും ഗുണങ്ങളുമുണ്ടായിരുന്നിട്ടും ഈശ്വരീയമായ കഴിവുകൾ പ്രകടിപ്പിക്കാതെ എങ്ങനെ മനുഷ്യനായി ജീവിച്ചുകാണിച്ചു എന്നതാണ്. മനുഷ്യരുടെ ഇടയിൽ, സമസൃഷ്ടരുടെ ഇടയിൽ എങ്ങനെ മര്യാദാമസൃണനായി ജീവിക്കണം? വനത്തിൽ പോകാതിരിക്കാമായിരുന്നു, രാമനെപ്പോലൊരു അവതാരത്തിന്, കർത്തും, അകർത്തും, അന്യഥാകർത്തും സമർത്ഥനായ ഈശ്വരന് പറ്റാത്തതായി ഒന്നുമില്ലാതെയിരിക്കെ വനത്തിൽ പോകാതിരിക്കാമായിരുന്നു. എന്തുകൊണ്ട് രാമൻ മാതൃകയായി?
സാധാരണ മനുഷ്യരെപ്പോലെ കരയുകയും, വനത്തിലേക്ക് പോകുകയും , പതിനാലുസംവത്സരം സത്യവൃതമനുസരിച്ച് വനത്തിൽ കഴിയുകയും, സീതയെ നഷ്ടപ്പെട്ടിട്ട് ആരണ്യകാണ്ഡത്തിൽ കരഞ്ഞ് നടക്കുകയും ചെയ്തു.നമ്മളൊക്കെ മനുഷ്യരായി ജനിച്ച ഈശ്വരന്മാരാണെന്നുകാണിക്കാൻ ജനബലം ബാഹുബലം ധനബലം എല്ലാം ഉപയോഗിക്കുന്ന ഈ കലികാലത്തിൽ രാമായണമെടുത്ത്പഠിക്കുമ്പോൾ ആദ്യം ഓർമ്മിക്കേണ്ടത് ഈശ്വരൻതന്നെ മനുഷ്യനായി വന്നിട്ട് മനുഷ്യനായി എങ്ങനെ ജീവിച്ചുകാണിച്ചു എന്നാണ്.
അങ്ങനെയുള്ളവരെ നാം ആരാധിക്കുമ്പോഴും അങ്ങനെയുള്ളകോലാഹലങ്ങളിൽ പെടുമ്പോഴും യഥാർത്ഥ ഈശ്വരന്മാർ എങ്ങനെയായിരിക്കും മനുഷ്യനായി വന്നാൽ പെരുമാറുക എന്നാലോചിക്കുക. രാമായണമെടുക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നതതാണ്. രാമൻ ഒരിടത്തുപോലും അസാധാരണനെപ്പോലെ പെരുമാറുകയോ അസാധാരണനെന്നുള്ള ഋഷിമാരുടേയോ മറ്റുള്ളവരുടേയോ വാക്കുകൾകേട്ട് സന്തോഷിക്കുകയോ, അതിൽ ഗർവ്വ്ഭാവിച്ചിരിക്കുന്നതായോ അതിൽ ഒരുവരിപോലും കാണാനാകില്ല.
പ്രത്യേകിച്ച് വാൽമീകിയുടെ രാമൻ പലവുരു പറയുന്നുമുണ്ട്. ദശരഥ പുത്രനായ രാമനെ മാത്രമാണ് ഞാൻ എന്നെ അറിയുന്നത് എന്ന്. അതുകൊണ്ടാണ് രാമനെ നാം സഹസ്രബ്ദങ്ങളോളം ആരാധിക്കുന്നത്. ഇത് രാമൻ മാത്രമല്ല, ഭാരതിയ ചിന്തകളിൽ ഓരോ യുഗങ്ങളിൽ വന്നിട്ടുള്ള അനേകം പേർ ഇങ്ങനെ കാണിച്ചിട്ടുണ്ട്. എല്ലാസിദ്ധികളോടുംകൂടിയ ഒരുരാമൻ അതിലളിതമായ ജീവിച്ചുകാണിച്ച മാതൃകയാണ് ഈ മാതൃകയാണ് നാം ഓർക്കേണ്ടത്. നാം പാലിക്കേണ്ടത് രാമായണത്തിലെ രാമന്റെ ഏറ്റവുംവലിയ ഭക്തൻ രാവണനാണ്.
ഭാരതീയ ചിന്തയനുസരിച്ച് ഭക്തി രണ്ടുയോഗങ്ങളാണ്.പ്രേമയോഗവും സംരംഭയോഗവും നാരദന്റെയൊക്കെ അഭിപ്രായത്തിൽ പ്രേമയോഗത്തേക്കാൾ ആഴമുള്ളത് സംരംഭയോഗമാണ്. ജയൻ, വിജയൻ, ഹിരണ്യൻ, ഹിരണ്യകശിപു, രാവണൻ കുഭകർണ്ണൻ, വിഷ്ണുപാർഷദന്മാർ എന്നിവർലോകത്തെ പഠിപ്പിക്കുന്നതിനുവേണ്ടി ഭക്തനായിരിക്കൽ ഭഗവദ് സ്തുതികൾ ഭഗവദ് സായൂജ്യം മുതലായ തലങ്ങളിലൂടെ കടന്നുപോകുന്നതുപോലെ തന്നെ അനവദ്യസുന്ദരമാണ് ഭഗവാനോട് എതിർത്ത് ഭഗവാനിൽ ചേരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് രാവണൻ. രാവണൻ രാക്ഷസനാണെന്നു പഠിക്കുമ്പോഴും മറക്കാത്ത ഒന്നുണ്ട്.
ത്വം ബ്രാഹ്മണസ്യ ഉത്തമ സംഭവഃ
പൗലസ്തസ്യ പുത്രോfസി കുബേര ബാന്ധവാഃ
വളരെയധികം അപദാനങ്ങളുള്ളയാളാണ് രാവണൻ നിസ്സാരനല്ല. സാമവേദിയാണ്. തത്ത്വമസിയുടെ പൊരുളറിഞ്ഞവനാണ്. സകല വിജ്ഞാന ശാഖയിലും രാവണന്റെ കൈയുകളുണ്ട്.ഏറ്റവും പ്രസിദ്ധമാണ് ശിവതാണ്ഡവം. രാമനെ ഏറ്റവും ഭക്തിയോടെ കരുതുന്നസങ്കൽപ്പങ്ങൾ ശൈവമാണ്. അദ്ധ്യാത്മരാമായണംതന്നെ ശിവൻ പാർവതിക്കു പകർന്നുകൊടുക്കുന്ന ഒന്നാണ്. ഗൃഹസ്ഥന്മാരുടെ ആവശ്യം പഠിക്കണമെന്ന് കാണിക്കാൻ ഗൃഹസ്ഥന്മാരുടെ ആദി ഗൃഹസ്ഥനായ പരമശിവൻ സമാധിയിരിക്കുന്നവേളയിലാണ് പാർവതി വന്ന് നമസ്‌ക്കരിക്കുന്നത്. ലോകതത്ത്വം പാർവതി ചോദിക്കുമ്പോൾ അതിനുത്തരമായി ഭഗവാൻ പറയയുന്നതിങ്ങനെയാണ്.
ഇത് ശിവനെ സംബന്ധിച്ചിട്ടുള്ള ഏറ്റവും വലിയ സ്തുതികളിലൊന്നാണ്. ‘ജടാകടാഹസംഭ്രമ ഭ്രമന്നിലിംഗനിർത്സരീ വിലോല വീചിവല്ലരി…എന്നുതുടങ്ങുന്ന രാവണകൃതമായ ശിവതാണ്ഡവം. രാവണനെങ്ങനെ രാമസംരംഭയോഗങ്ങളിലൂടെ ഉപാസിച്ച് ആത്മയോഗത്തിലെത്തി എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണംകൂടിയാണ് രാമായണം. രാവണൻ തന്റെ ഈ സിദ്ധാന്തങ്ങളെ ഉപദേശിച്ചുകൊടുക്കുന്നുണ്ട് രാമായണത്തിൽ. രാമായണത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ് സുന്ദരകാണ്ഡം. രാവണൻ തന്റെ അന്തർഗതങ്ങൾ, രാമനെ കുറിച്ച്, ഒരുപക്ഷേ രാമനെകുറിച്ച് ഏറ്റവും അറിഞ്ഞ സീതയുമായി സംഭാഷണംചെയ്യുന്നത്.
ശൃണു! സുമുഖീ! തവചരണനളിന ദാസോസ്മ്യഹ ശോഭനശീലേ! പ്രസീദ മേ നിഖിലജഗദധിപമസുരേശമാലോക്യമാം നിന്നിലെ നീ മറഞ്ഞെന്തിരുന്നീടുവാൻ? രാവണനറിയാം ഈ വന്നിരിക്കുന്നത് സീതയല്ലെന്ന്. മായാസീതയാണെന്ന്അറിയാത്തവനല്ല രാവണൻ അതുകൊണ്ടാണ് രാമായണം വായിക്കുന്നതിനുമുമ്പ് വിഷ്ണുവും വിഷ്ണു പാർഷദന്മാരും ചേർന്ന മനുഷ്യന് ബോധമുണ്ടാക്കുന്നതിനുവേണ്ടി നടത്തിയ ഒരു നാടകം മാത്രമാണിത് എന്നുപഠിക്കണം എന്നുപറയുന്നത്. ഇതുപഠിക്കുന്നതിനുമുമ്പ് നമ്മുടെ കൈയിലുള്ളത് രാഗവും ദ്വേഷവുംമാത്രമാണ്. നമുക്ക് പ്രിയമുള്ളതിനോടെല്ലാം രാഗവും നമുക്കപ്രിയമായതിനോടെല്ലാം ദ്വേഷവുമാണ് നമ്മുടെ സ്വഭാവം.
രാമായണം വായിച്ചു കഴിഞ്ഞ് ആരാഗമെല്ലാം രാമനിൽചേർത്തെടുക്കുകയോ ആദ്വേഷമെല്ലാം ഒരു രാവണനിൽ ചേർത്തുവയ്ക്കുകയോചെയ്യുമ്പോൾ നമ്മിൽ നിന്ന് അതുപോവില്ല. രാവണന്റെ രൂപങ്ങളുണ്ടാക്കുമ്പോൾ അത് തല്ലിയുടയ്ക്കുമ്പോൾ നാം രാമനായി മാറുന്നു. രാമൻചെയ്തതുപോലെ ചെയ്തു എന്നഭിമാനിക്കുന്നു. രാമന്റെ വിഗ്രഹങ്ങളുണ്ടാക്കുന്നു. പൂജിക്കുന്നു എന്നാൽ രാഗ ദ്വേഷവിമുക്തമായലോകത്താണ് ആനന്ദം ഉണ്ടാകുന്നത്.
അതിനാൽ രാവണനെക്കൊണ്ടുതന്നെയാണ് സുന്ദരകാണ്ഡത്തിൽ സീതാദേവിയോട് രാമവൃത്താന്തംശരിയായി ഉപദേശിപ്പിക്കുന്നത്, ആരാണ് രാമൻ എന്ന്. നിരീഹൻ, നിർമ്മൻ, നിത്യൻ, നിഷ്‌ക്കിഞ്ചിന പ്രിയൻ വേദ ഗീതാത്മകൻ ഇതെല്ലാമാണ് രാമൻ. ഇതെല്ലാം വായിക്കുമ്പോൾ നാം വിചാരിക്കുന്നത് രാവണൻ രാമനെ വിളിച്ച ചീത്തവാക്കുകളാണെന്നാണ്. ശ്വപചനുമൊരവനിസുരവരനുമവനൊക്കുമിശ്വാക്കളുംഗോക്കളും ഭേദമില്ലേതുമേ.
പണ്ഡിതന്റെ ലക്ഷണം ഗീതയിലും മറ്റും പറയുമ്പോൾ ബ്രഹ്മണനെന്നോ, പശുവെന്നോ, പട്ടിയെന്നോ ഭേദമില്ലാത്തവനാണ് ജ്ഞാനി എന്നുപറയുന്നുണ്ട്. ഇത്രയുംജ്ഞാനിയാണ് രാമനെന്നാണ് രാവണൻ സീതയോട് പറയുന്നത്.”ഭവതിയേയും ഒരു”ശബരതരുണിയേയുമാത്മനാപാർത്തുകണ്ടാലവനില്ല”ഭേദം പ്രിയേ.
നമ്മളതു വായിച്ചപ്പോൾ ഒരുതെറ്റുപറ്റി. മാംസനിലയിൽ സീതയേയും ശബരിയേയും ഒരുപോലെ രാമൻ കാണുന്നുവെന്ന് രാവണൻ പറഞ്ഞതായി നമ്മൾ അതിലേക്ക്‌ചേർത്തു. നല്ലപോലെ നോക്കിക്കാണുമ്പോൾ ആത്മാവിനെ കാണുന്ന രാമൻ ഒരാളിലും ഭേദം കാണുന്നില്ല. അതുകൊണ്ടാണ് ശബരിയുടെ ഉച്ഛിഷ്ടം ഭക്ഷിച്ചത്. അതുതന്നെയാണ് ഇവിടെ സൂചിപ്പിച്ചത്. ഇങ്ങനെയൊരു ഭക്തനായ രാവണൻ മാത്രമല്ല മാരീചനും രാമ സന്ദർഭവുമായി ബന്ധപ്പെട്ടിട്ടുള്ളമുഴുവൻ സസ്യലതാദികളും, മുഴുവൻ ജന്തുജാലങ്ങളും രാമജീവിതത്തിന്റെ ഭാഗമായി ത്തീരുകയാണ്. ആരാമനിൽചെന്നുചേരുകയാണ്. രാമന്റെ ബാണമേറ്റ ജീവൻവെടിഞ്ഞ് ഉയർന്നുനിൽക്കുന്ന വിദ്യാധര രൂപം കൈക്കൊണ്ട ബാലി സ്തുതിക്കുന്ന ഒരുരംഗമുണ്ട്.
അതിനുമുമ്പ് ചോദിക്കുന്നൊരു രംഗമുണ്ട്. രാമന്റെ കൈകൾകൊണ്ട് മോക്ഷം ലഭിച്ചാൽ, വധമെന്നല്ല പദം. ഈ കൃതികളെല്ലാം പഠിക്കുമ്പോൾ അതിനകത്ത്, രാമനാകട്ടേ ,കൃഷ്ണനാകട്ടേ നടത്തിയിട്ടുള്ളതൊന്നും വധമല്ല. നമ്മളൊക്കെ ആരെയെങ്കിലും കുത്തുകയോ വെട്ടുകയോ ചെയ്താൽ ജീവൻ പോകും. ഒന്നുകാണാനുണ്ടാവില്ല. മറിച്ച ആശരീരം വെടിഞ്ഞ് വിദ്യാധര രൂപംകൈക്കൊണ്ട് രാമനെസ്തുതിക്കുന്ന സ്തുതി, വിഷ്ണുവിനെ സ്തുതിക്കുന്നസ്തുതി, കൃഷ്ണനെ സ്തുതിക്കുന്നസ്തുതി അതുകൊണ്ടവർ കൊടുത്തതൊക്ക അവർ അനുഭവിച്ചിരുന്ന നരകങ്ങളിൽനിന്നും, യാതനകളിൽനിന്നുള്ളവ മോക്ഷങ്ങളാണ്.
അത്മനസ്സിലായില്ലെങ്കിൽ രാമായണം തൊടരുത്. രാമായണനം അജ്ഞാനത്തിൽ വായിക്കാൻ വേണ്ടിരചിച്ചിട്ടുള്ളതല്ല. ഉപനിഷദ് സന്ദർഭങ്ങളെ നല്ലപോലെ പഠിച്ച് മനസ്സിലാക്കി രാഗദ്വേഷങ്ങളകന്ന മനസ്സുള്ള ഋഷിമാർ ജീവേശ്വര സംയോഗം ശരിയായി കണ്ടു രസിച്ചവരാണ്. അവരുടെ വൈഖരികളിലൂടെ കടന്നുപോകുമ്പോൾ ആ അനുഭൂതി നമുക്ക് ലഭിക്കുമാറാകണം.അതുപഠിക്കാൻ കഴിയണം. രാമായണത്തിന്റെ മാഹാത്മ്യവും മാധുര്യവും അതുതന്നെയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news466605#ixzz4ya3C6HRG

No comments: