Sunday, January 04, 2026

യം യം ലോകം മനസാ സംവിഭാതി വിശുദ്ധസത്ത്വ: കാമയതേ യാംശ്ച കാമാന്‍ തം തം ലോകം ജയതേ താംശ്ച കാമാം സ്തസ്‍മാദാത്മജ്ഞം ഹ്യര്‍ച്ചയേദ്‍ ഭൂതികാമ: 1.3.10 മുണ്ഡകം വിശുദ്ധമായ അന്ത:കരണത്തോടു കൂടിയ മനുഷ്യന്‍ ഭോഗങ്ങളില്‍നിന്നും സര്‍വ്വഥാ വിരക്തനായി നിര്‍മ്മലമായ അന്ത:കരണത്തോടെ നിരന്തരമായി പരബ്രഹ്മ പരമേശ്വരനെ ധ്യാനിക്കുന്നുവെങ്കില്‍ അപ്പോള്‍ അദ്ദേഹത്തെ പ്രാപിക്കുവാന്‍ അവനു കഴിയുന്നു. എന്നാല്‍ അവന്‍ സര്‍വ്വഥാ നിഷ്‍ക്കാമനായിരിക്കുന്നില്ലെങ്കില്‍ എന്തെല്ലാം ലോകാഭിലാഷങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുവോ അപ്രകാരം ഏതെല്ലാം ഭോഗങ്ങളെ ഇച്ഛിക്കുന്നുവോ അതാതിന്റേതായ ലോകങ്ങളെ ജയിച്ചടക്കുന്നു. ആ ലോകങ്ങളില്‍ പോവുകയും അവിടുള്ള ഭോഗങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യത്തെ അഭിലഷിക്കുന്ന മനുഷ്യന്‍ ശരീരത്തില്‍നിന്നും ഭിന്നമായി ആത്മാവിനെ അറിയുന്ന അന്ത:കരണയുക്തമായ വിവേക പുരുഷനെ സേവിക്കുകയും സല്‌ക്കരിക്കുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്‍ തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തെല്ലാം ആഗ്രഹിക്കുന്നുവോ അത്‍ പൂര്‍ണ്ണമായി ഭവിയ്ക്കുന്നു. മനുഷ്യനില്‍ കുടികൊള്ളുന്ന അപാരശക്തിയെ കുറിച്ച്‍ ഇതില്‍ പ്രതിപാദിയ്ക്കുന്നു. മനസ്സില്‍ ഏതൊന്നിനെയാണോ യം യം ലോകം ഏതേത്‍ വിധം ലോകങ്ങളെയാണോ മനസാ സംവിഭാതി, മനസ്സുകൊണ്ട്‍ വിഭാവനം ചെയ്യുന്നത്‍, തം തം ലോകം ജയതേ എന്ന്‍ പറയുന്നു. ഏതൊന്നിനെയാണോ ധ്യാനിയ്ക്കുന്നത്‍, ഒരു ഉറച്ച തീരുമാനത്തില്‍, അചഞ്ചലമായ തീരുമാനത്തില്‍ ഉറച്ചുനിന്ന്‍, അത്‍ നേടണമെന്ന ഉല്‍ക്കടമായ അഭിലാഷമുണ്ടാക്കിയെടുത്താല്‍, അത്തരത്തിലുള്ള ഭാവനയെ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞാല്‍, തം തം ലോകം ജയതേ, തീര്‍ച്ചയായും ആ ലോകത്തെ, ആ കാര്യത്തെ, ജയിയ്ക്കാം, നേടാം എന്ന്‍ ഘോഷിയ്ക്കുന്നു. ഈ സിദ്ധാന്തം ഭൗതിക കാര്യങ്ങളില്‍ പലര്‍ക്കും അനുഭവവേദ്യമാണ്‌ എന്നത്‍ അവിതര്‍ക്കമാണല്ലൊ. എന്നാല്‍ ഇതേ സിദ്ധാന്തംതന്നെ അലൗകികതയിലേയ്ക്കെത്തുമ്പോള്‍, അവിടെ ഈ വാദം വിലപ്പോവില്ല. ഇതിനോടുകൂടി ഒരു നിബന്ധനകൂടി വെയ്ക്കുന്നുണ്ട്‍. ആ നിബന്ധനയാണ്‌ സംവിഭാതി വിശുദ്ധസത്ത്വ: എന്നത്‍. ഇത്രയേഉള്ളു. വിശുദ്ധ അന്ത:കരണത്താല്‍ വിഭാവനം ചെയ്യുന്നുവെങ്കില്‍ ബ്രഹ്മത്തെ ഗ്രഹിയ്ക്കാം എന്ന്‍ പറയുന്നു. copy

No comments: