Friday, January 02, 2026

വേദാംഗങ്ങളില്‍ പാദത്തിന്റെ സ്ഥാനമാണ് ഛന്ദസ്സിനുള്ളത്. വേദത്തെത്തന്നെ ഭഗവാന്‍ കൃഷ്ണന്‍, ഛന്ദസ്സെന്നു വിളിക്കുന്നു. സൃഷ്ടിവൃക്ഷത്തിന്റെ ഇലകളാണ് വേദങ്ങള്‍ ( ഛന്ദാംസി യസ്യ പര്‍ണ്ണാനി) എന്നാണ് ഭഗവദ്ഗീതയിലെ പരാമര്‍ശം. ഛന്ദസ്സ് എന്നാല്‍ വൃത്തം എന്നും അര്‍ത്ഥമുണ്ട്. ഭാഷയില്‍ ഗദ്യം പദ്യമാവുന്നത് ഛന്ദസ്സ്, അഥവാ വൃത്തം കൊണ്ടാണ്. ഋഗ്വേദവും സാമവേദവും പൂര്‍ണമായും യജുര്‍വേദം ഭാഗികമായും പദ്യരൂപത്തിലാണ്. അതുകൊണ്ടു കൂടിയാണ് വേദം ഛന്ദസ്സായത്. പദ്യത്തിന് താളം കൊടുക്കുന്നത് ഛന്ദസ്സാണ്. പിംഗള മുനിയുടെ ഛന്ദസ്സൂത്രം ആണ് ഇതിലെ ആധികാരിക ഗ്രന്ഥം. വേദമന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അതിനു മുന്നോടിയായി ആ മന്ത്രത്തിന്റെ ദ്രഷ്ടാവായ ഋഷിയെ പേര് ചൊല്ലി സ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്റെ മൂര്‍ധാവില്‍ വെച്ച് അനുഗ്രഹിക്കുന്നതായി സങ്കല്പിച്ച് വലതു കൈവിരല്‍ കൊണ്ട് തലയുടെ ഉച്ചിയില്‍ തൊടും. പിന്നെ അതിലെ ഛന്ദസ്സിന്റെ പേരു ചൊല്ലി മൂക്കിനു താഴെ സ്പര്‍ശിക്കും. (മന്ത്രത്തിന്റെ ജീവവായുവാണ് ഛന്ദസ്സ് എന്നു താല്പര്യം) ആ മന്ത്രം കൊണ്ട് സ്തുതിക്കപ്പെടുന്ന ദേവതയുടെ പേരു ചൊല്ലി നെഞ്ചില്‍ തൊടും. (ദേവതയെ ഹൃദയത്തില്‍ ധ്യാനിക്കണം എന്ന് സൂചന) ഉദാഹരണത്തിന് ഗായത്രി മന്ത്രത്തിന് വിശ്വാമിത്ര ഋഷി: (തലയില്‍) ഗായത്രി ഛന്ദ: (മൂക്കിനു താഴെ) സവിതാ ദേവതാ (നെഞ്ചില്‍). ഇതിന് ഛന്ദസ് തൊടുക എന്നാണ് നാടന്‍ പ്രയോഗം. ഗായത്രി, ഉഷ്ണിക്, അനുഷ്ടുപ്പ്, ബൃഹതി, പങ്ക്തി, ത്രിഷ്ടുപ് , ജഗതി മുതലായവയാണ് വൈദികമായ ഛന്ദസ്സുകള്‍. ഗായത്രി മന്ത്രം അതിന്റെ ഛന്ദസ്സിന്റെ പേരിലാണ് അറിയപ്പെടുന്നത്. ദേവത സവിതാവായതിനാല്‍ സവിതൃ ഗായത്രി എന്നും ഇതറിയപ്പെടുന്നു. ഇതിന് മൂന്നു പാദങ്ങള്‍ മാത്രമുള്ളതിനാല്‍ ത്രിപദാ ഗായത്രി എന്നും വിളിക്കും. എട്ടക്ഷരങ്ങളുളള മൂന്നു പാദങ്ങളാണ് ഗായത്രി ഛന്ദസ്സ്. പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്. എന്ന് മലയാളവ്യാകരണ ഗ്രന്ഥങ്ങളില്‍ കാണാം. നമുക്ക് ഒരു കുപ്പായം തുന്നണമെങ്കില്‍ തുന്നല്‍ക്കാരന്റെ അടുത്തു ചെല്ലും. അയാള്‍ നമ്മുടെ അളവെടുക്കും. അതിനനുസരിച്ച് തുണി തയ്ക്കും. അതുപോലെ പദ്യത്തിന്റെ അളവാണ് വൃത്തം. അനുഷ്ടുപ്പ് എന്ന ഛന്ദസ്സില്‍ 8 അക്ഷരങ്ങളുള്ള നാലു പാദങ്ങള്‍ (വരികള്‍) ആണുള്ളത്. മിക്ക ഛന്ദസ്സുകളിലും നാലു വരികള്‍ ഒരുപോലെയായിരിക്കും. പുരാണങ്ങളില്‍ ഇതാണ് കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. അവയെ സമവൃത്തങ്ങള്‍ എന്നാണ് പറയുക. ശു ക്ലാം ബ ര ധ രം വി ഷ്ണും ശ ശി വര്‍ ണം ച തുര്‍ ഭു ജം പ്ര സ ന്ന വ ദ നം ധ്യാ യേത് സര്‍ വ വി ഘ്‌നോ പ ശാ ന്ത യേ എന്ന ശ്ലോകം ഉദാഹരണം. ഇത് അനുഷ്ടുപ്പിലുള്ള ശ്ലോകമാണ്. നാലു പാദങ്ങളിലും എട്ടക്ഷരങ്ങള്‍. സമവൃത്തം. പാദങ്ങള്‍ തമ്മില്‍ അക്ഷരങ്ങളുടെ എണ്ണത്തിലോ ദൈര്‍ഘ്യത്തിലോ വ്യത്യാസമുണ്ടായാല്‍ അവയെ വിഷമ (വിസമ) വൃത്തങ്ങള്‍ എന്നും പറയും. ഒന്നും മൂന്നും പാദങ്ങള്‍ ഒരുപോലെയും രണ്ടും നാലും പാദങ്ങള്‍ ഒരുപോലെയും വന്നാല്‍ അര്‍ധസമ വൃത്തമെന്നും പറയും. ഇംഗ്ലീഷില്‍ വൃത്തത്തിന് ാലൃേല എന്നാണ് പറയുക. പാദങ്ങള്‍ക്ക് ളലല േഎന്നും പറയും. ഛന്ദസ്സ് ആണോ രവമി േആയത് എന്നും സംശയിക്കാം. സൗന്ദര്യ ലഹരി ശിഖരിണി വൃത്തത്തിലാണ്. ഓരോ പാദത്തിലും 17 അക്ഷരങ്ങളുള്ള സമവൃത്തം. ആറക്ഷരം കഴിഞ്ഞാല്‍ ഒരു നിറുത്തല്‍ (യതി) ഉണ്ട്. വേദത്തില്‍ ഛന്ദസ്സ് എന്നു വിളിക്കുന്നതിനെ പുരാണാദികളില്‍ ശ്ലോകങ്ങളെന്നാണ് പറയുക. അനുഷ്ടുപ്പ് വൃത്തത്തില്‍ (ഛന്ദസ്സില്‍) ആണ് രാമായണത്തിലെ ശ്ലോകങ്ങളെല്ലാം. ഒരു വനവേടന്‍ സല്ലപിച്ചു കൊണ്ടിരിക്കുന്ന ഇണപ്പക്ഷികളിലെ ആണ്‍പക്ഷിയെ എയ്തു വീഴ്ത്തുന്നതു കണ്ടു വാല്മീകി മുനി ദുഃഖിതനായി. ആ ശോകം ഒരു ശ്ലോകത്തിന്റെ രൂപത്തില്‍ പുറത്തു വന്നു. മാ നിഷാദ പ്രതിഷ്ഠാം ത്വ – മഗമ: ശാശ്വതീ സമാ: യത് ക്രൗഞ്ച മിഥുനാദേക – മവധീ: കാമമോഹിതം കാമകേളിയില്‍ മുഴുകിയ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ ഹേ കാട്ടാള ! നീ കൊന്നു കളഞ്ഞല്ലോ! നിനക്കു ഗതി പിടിക്കില്ല. ഇതാണ് ഈ ശ്ലോകത്തിന്റെ പെട്ടെന്നുള്ള അര്‍ഥം. എന്നാല്‍ ആ ശ്ലോകം വായില്‍ നിന്നു പുറത്തു വന്നപ്പോള്‍ കൂടുതല്‍ അത്ഭുതപ്പെട്ടത് വാല്മീകി തന്നെ. ചിന്തിച്ചപ്പോള്‍ അതിനു മറെറാരു അര്‍ത്ഥം തെളിഞ്ഞു വന്നു. ഹേ ലക്ഷ്മിപതേ! (രാമ!) നീ ചിരകാലം ജീവിപ്പൂതാക! രാക്ഷസ മിഥുനങ്ങളില്‍ ഒരുവനായ കാമവെറി പൂണ്ടവനെ (രാവണനെ) നീ കൊന്നുവല്ലോ! ഇതിന്റെ പിന്നില്‍ വിധിയുടെ വിലാസവും അദ്ദേഹമറിഞ്ഞു. ബ്രഹ്‌മാവും മുനിയെ അനുഗ്രഹിച്ചു. രാമന്റെയും സീതയുടെയും കഥ രാമായണമെന്ന കാവ്യമായി. പദ്യമായതിനാല്‍ ചൊല്ലിപ്പഠിക്കാന്‍ എളുപ്പവുമായി. ലോകം മുഴുവന്‍ പ്രചാരം നേടിയ ഭാരതീയ സംസ്‌കാരത്തിന് അടിത്തറ പാകിയ രാമായണമെന്ന ഇതിഹാസത്തിന്റെ കഥ ഇതാണ്.

No comments: