ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനാണ്. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽപ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്. ബാല്യകാല രൂപങ്ങളിൽ ഓടക്കുഴലൂതുന്ന ഗോപാലരൂപവും
[9][10], വെണ്ണകട്ടുതിന്നുന്ന രൂപവുമാണ് അധികമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഗോപാലരൂപത്തിൽ മിക്കപ്പോഴും ഒരുകാൽ മറ്റൊന്നിനു മുൻപിലേക്ക് കയറ്റിവച്ച്, ഓടക്കുഴൽ ചുണ്ടോടു ചേർത്ത് വച്ച്, കാലിക്കൂട്ടത്തോടൊപ്പമോ ഗോപികവൃന്ദത്തോടൊപ്പമോ നിൽക്കുകയായിരിക്കും.
കുരുക്ഷേത്രയുദ്ധസമയത്ത് അർജ്ജുനന് ഗീതോപദേശം നൽകുന്ന രംഗം ധാരാളം കലാനിർമ്മിതികൾ ആധാരമായതാണ്. ഇവയിൽ മിക്കപ്പോഴും കൃഷ്ണനെ സാധാരണ മനുഷ്യരൂപത്തിലുള്ള ഒരു തേരാളിയായാണ് ചിത്രീകരിക്കുക. എന്നാൽ ചിലപ്പോൾ ഹിന്ദു ദൈവസങ്കല്പങ്ങൾക്കനുസരിച്ച് ചിലപ്പോൾ ബഹു ഹസ്തവും വൈഷ്ണവാംശത്തെക്കാട്ടുന്ന സുദർശ്ശനചക്രമോ വിരാട് പുരുഷരൂപമോ കാണാം. ഉത്തർപ്രദേശിലെ മിർസാപ്പൂരിലെ ഗുഹയിൽ 2800 വർഷം പഴക്കമുള്ള കുതിരയെ തെളിക്കുന്ന കൃഷ്ണരൂപത്തോടു കൂടിയ ചിത്രം കണ്ടെത്തിയിട്ടുണ്ട്.[11] ക്ഷേത്രരൂപങ്ങളിൽ മിക്കപ്പോഴും കൃഷ്ണനെ കൂട്ടാളികളായ ബലരാമൻ, രുക്മിണി, സത്യഭാമ എന്നിവരോടൊപ്പമായിരിക്കും ചിത്രീകരിക്കുക.[12]
മണിപ്പൂരി വൈഷ്ണവർ, രാധാകൃഷ്ണരൂപത്തിലുള്ള കൃഷ്ണനെയാണ് ആരാധിക്കുന്നത്.[13] ഇവരുടെ കലാസൃഷ്ടികളിൽ കൃഷ്ണനും രാധയ്ക്കും തുല്യ പ്രാധാന്യം നൽകി വരാറുണ്ട്. ബാലകൃഷ്ണരൂപത്തിലുള്ള(bāla kṛṣṇa) ആവിഷ്കാരത്തിൽ വെണ്ണ കട്ടുതിന്നുന്ന രൂപത്തിലാണ് കണ്ടുവരുന്നത്. ഇത് ചിലപ്പോൾ ബലരാമനോടൊപ്പം ഓടിക്കളിക്കുന്ന ഭാവത്തിലോ മുട്ടുകാലിൽ ഇഴയുന്ന ഭാവത്തിലോ ആയിരിക്കും. ആലിലയിൽ കിടന്ന് കാലിലെ പെരുവിരൽ കുടിക്കുന്ന വിധത്തിലുള്ള ബാലകൃഷ്ണരൂപവും കാണപ്പെടുന്നുണ്ട്......wiki
No comments:
Post a Comment