അര്‍ജ്ജുനന് ഭഗവാനോട് ഇക്കാലമത്രയും സുഹൃദ്ഭാവമാണുണ്ടായിരുന്നത്. കളി തമാശകള്‍ പറഞ്ഞും പരസ്പരം പരിഹസിച്ചും ആലിംഗനം ചെയ്തും ഒന്നിച്ചു കിടന്നും, ഒന്നിച്ചു ഭക്ഷണം കഴിച്ചും മറ്റും നടക്കുകയായിരുന്നു. രണ്ടുപേരും സമപ്രായക്കാരുമായിരുന്നുവല്ലോ. കൃഷ്ണസഖന്‍ എന്ന ഓമനപ്പേര്‍ കൂടി നാട്ടുകാര്‍ അര്‍ജ്ജുനന് കൊടുത്തിരുന്നു. സുഹൃദ്ഭാവം ഇപ്പോള്‍ മാറി എന്നാണ് സഞ്ജയന്‍ പറഞ്ഞത്.
അര്‍ജ്ജുനന്‍ പലതവണ വീണ്ടും വീണ്ടും ശിരസ്സ് ഭൂമിയില്‍ പതിയുംവിധം ദണ്ഡനമസ്‌കാരം ചെയ്തു. തന്റെ ശിരസ്സിലും നെഞ്ചത്തും കൈകള്‍ കൂപ്പിതൊഴുതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. ഭക്തന്മാര്‍ പന്ത്രണ്ടുവിധത്തില്‍ ഭഗവാനുമായി ബന്ധപ്പെട്ട്, ഭക്തിഭാവം വളര്‍ത്തിയതായി ശാസ്ത്രങ്ങളില്‍ കാണാം. മഹാ ധീരനായ അര്‍ജ്ജുനന്റെ മനസ്സിലെ സുഹൃദ്ഭാവം മാറി, പകരം ബഹുമാനവും ആദരവും വിനയവും നിറഞ്ഞതിന്റെ ഉദാഹരണമാണ് ഈ നമസ്‌കാരവും കൈകൂപ്പലും എന്ന് നമുക്ക് മനസ്സിലാക്കാം.
ആശ്ചര്യഭാവവും ആനന്ദഭാവവും വര്‍ധിച്ചു രോമാഞ്ചംകൊണ്ടു, പറഞ്ഞു എന്ന് സഞ്ജയന്‍ പറയുന്നു. ഇതുവെറും ഭാഷണമല്ല; സ്തുതി തന്നെയാണ്. തുടക്കം ഭാഷണമാണങ്കിലും ഒടുവില്‍ സ്തുതിയായി മാറുന്നത് കാണാം, കേള്‍ക്കാം.അര്‍ജ്ജുനന്‍ താന്‍ കണ്ടുകൊണ്ടിരിക്കുന്ന വിശ്വരൂപത്തെ വര്‍ണ്ണിക്കുന്നു (11-15)പ്രകാശ സ്വരൂപനായ കൃഷ്ണാ! അങ്ങയുടെ ദേഹത്തില്‍, അതാ ഞാന്‍ സ്വര്‍ഗ്ഗലോകം കാണുന്നു. ആ സ്വര്‍ഗലോകത്തില്‍ അതാ ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ തുടങ്ങി ദേവന്മാര്‍!അതാ ഭൂലോകം! അവിടെ അതാ മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, പുഴുക്കള്‍, വൃക്ഷങ്ങള്‍ പര്‍വതങ്ങള്‍, നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍.അതാ, മഹര്‍ലോകം, ജനലോകം ഇതുപോലാകും.
അവിടങ്ങളില്‍ അതാ, വസിഷ്ഠന്‍, അഗസ്ത്യന്‍, നാരദന്‍, സനകാദികള്‍, അവരെല്ലാം ദിവ്യന്മാരാണ്, ഭൗതിക ശരീരം ഉള്ളവരല്ല.അതാ പാതാളലോകം! അവിടെ അതാ, അതാ സര്‍പ്പങ്ങള്‍, അതാ തക്ഷകന്‍, അതാ വാസുകി. ആ സര്‍പ്പങ്ങളും ദിവ്യന്മാരാണ്. ദേവ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്.അതാ, സത്യലോകം. അവിടെ അതാ നാലു മുഖമുള്ള ബ്രഹ്മാവ്, ബ്രഹ്മാണ്ഡത്തിന്റെ അധിപതി!അതാ, കൈലാസം! അവിടെ അഅതാ മഹാദേവന്‍! അതാ, വൈകുണ്ഠലോകം. അവിടെ അതാ വിഷ്ണു കമലയോടുകൂടി ഗരുഡാസനത്തില്‍ ഇരുന്നരുളുന്നു. (കമലാസനസ്ഥം)വേറെയും അദ്ഭുതങ്ങള്‍ ഞാന്‍ കാണുന്നു (11-16)അതാ, എണ്ണാന്‍ കഴിയാത്തത്ര കൈകള്‍, ഉദരങ്ങള്‍ വായകള്‍, നേത്രങ്ങള്‍ ഇവയുള്ള അന്തങ്ങളായ രൂപങ്ങള്‍ കാണുന്നു. അങ്ങ് എല്ലാ ബ്രഹ്മാണ്ഡങ്ങളുടെയും കര്‍ത്താവാണ്, നിയന്ത്രിക്കുന്നവനുമാണ്. അതിനാല്‍ അങ്ങയെ വിശ്വേശരന്‍ എന്ന് ഭക്തന്മാര്‍ വിളിക്കുന്നു.
അങ്ങയുടെ രൂപങ്ങള്‍ ആവിര്‍ഭാവങ്ങള്‍ എണ്ണമറ്റവയാണ്. അതിനാല്‍ വിശ്വരൂപം എന്നുവിളിക്കുന്നു. അങ്ങയുടെ രൂപങ്ങള്‍ തുടക്കവും അവസാനവുമില്ലാതെ ഇതാ ഒഴകുന്നു! അതിനാല്‍ മധ്യഭാഗവും കാണാന്‍ കഴിയുന്നില്ല.അക്കൂട്ടത്തില്‍ അങ്ങയുടെ സാധാരണരൂപവും ഞാന്‍ കാണുന്നു (11-17)അതാ, അങ്ങയുടെ ചതുര്‍ഭുജരൂപം! അതാ ഗദ, അതാ കിരീടം, അതാ ചക്രം. പെട്ടെന്നിതാ ദിവ്യ ചക്ഷുസ്സുപോലും ആ തേജഃപുഞ്ജത്തില്‍ മൂടിപ്പോകുന്നു. കാണാന്‍ വളരെ പ്രയാസം. എല്ലായിടത്തും പ്രകാശധോരണി തന്നെ. കത്തിജ്വലിക്കുന്ന അഗ്നിയുടെയും സൂര്യന്മാരുടയും ജ്വാല തന്നെ. ഒന്നും വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ല! അപ്രമേയം!
ജന്മഭൂമി: http://www.janmabhumidaily.com/news761062#ixzz52stThXgS
No comments:
Post a Comment