Thursday, December 28, 2017

ഇനിയൊരു ചോദ്യമാണ്. ആ ചോദ്യവും അതിന്റെ ഉത്തരവും വിശദീകരിക്കുമ്പോള്‍ രണ്ട് മന്ത്രങ്ങളോടെ ഈ വല്ലി സമാപിക്കുന്നു.
തദേതദിതി മന്യന്തേളനിര്‍ദ്ദേശ്യം പരമം സുഖം
കഥം നു തദ്വിജാനീയാം കിമുഭാതി വിഭാതി വാ
വാക്കുകളെക്കൊണ്ട് വിവരിക്കാനാവാത്ത പരമമായ സുഖത്തെ ബ്രഹ്മജ്ഞാനികളായവര്‍ നേരിട്ട് അറിയുന്നു. ആ ആത്മതത്ത്വം സ്വയം പ്രകാശിക്കുന്നതാണോ? നമ്മുടെ ബുദ്ധിക്ക് മനസ്സിലാകത്തക്കവിധം തെളിഞ്ഞുവിളങ്ങുന്നതാണോ? ഞാന്‍ എങ്ങനെ അറിയും?
ആത്മജ്ഞാനമാകുന്ന ഉത്കൃഷ്ട സുഖം നമ്മുടെയൊക്കെ മനസ്സിനും വാക്കിനും വിഷയമല്ല. പക്ഷേ ഏഷണകളെ വെടിഞ്ഞ ബ്രഹ്മജ്ഞാനിക്ക് അത് പ്രത്യക്ഷ അനുഭവമാണ്. ഇവര്‍ അറിയുംപോലെ ആത്മസുഖത്തെ നമുക്ക് എങ്ങനെ അറിയാന്‍ കഴിയും? അത് പ്രകാശസ്വരൂപമാണോ? നമ്മുടെ ബുദ്ധിക്ക് അറിയാനാകുമോ? എന്നൊക്കെയാണ് സംശയം. ഇതുപോലെയൊന്ന് പറയാനോ ഊഹിക്കാനോ കഴിയാത്തതാണ് ആത്മസുഖം. അപ്പോള്‍ സാധാരണക്കാര്‍ എങ്ങനെ അറിയും? ഇതിനെ നചികേതസ്സിന്റെ ചോദ്യമായും കണക്കാക്കാം.
ഈ ചോദ്യത്തിന് ‘ഭാതിചവിഭാതി ച’ എന്നാണുത്തരം. പ്രകാശിക്കുകയും തെളിഞ്ഞ് വിളങ്ങുകയും ചെയ്യുന്നു എന്നര്‍ത്ഥം. അതെങ്ങനെ എന്ന് ഇനി വിശദീകരിക്കുന്നു.
ന തത്ര സൂര്യോഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോളയമഗ്നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വമിദം വിഭാതി
ബ്രഹ്മത്തിനുമുന്നില്‍ സൂര്യന് പ്രകാശിക്കാനാവില്ല. ചന്ദ്രനും നക്ഷത്രങ്ങളും മിന്നലും അഗ്നിയുമൊന്നും അതിനെ പ്രകാശിപ്പിക്കാനോ അവിടെ പ്രകാശിക്കാനോ കഴിയില്ല. സ്വയം പ്രകാശിക്കുന്ന അതിനെ അനുസരിച്ചാണ് ഇവയെല്ലാം പ്രകാശിക്കുന്നത്. അതിന്റെ പ്രകാശംകൊണ്ട് ഇവ നന്നായി വിളങ്ങുന്നു.
ആത്മപ്രകാശത്തിനുമുന്നില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ മിന്നലോ അഗ്നിയോ ഒന്നുമല്ല. നമുക്ക് പരിചയമുള്ള പ്രകാശ സ്രോതസ്സുകള്‍ക്കൊന്നും ബ്രഹ്മത്തെ പ്രകാശിപ്പിക്കാനോ അതിനുമുന്നില്‍ പ്രകാശമായിരിക്കാനോ സാധിക്കുകയില്ല. വലിയ വെളിച്ചത്തിനു മുന്നില്‍ ചെറിയ വെട്ടം ഇരുന്നാല്‍ അതിനെന്ത് ചെയ്യാനാകും. എല്ലാറ്റിനും പ്രകാശം നല്‍കുന്നത് ബ്രഹ്മമാണ്. അത് സ്വയം പ്രകാശമാണ്. അതായത് അതിനെ പ്രകാശിപ്പിക്കാന്‍ മറ്റൊരു വെളിച്ചത്തിന്റെ ആവശ്യമില്ല. എല്ലാ പ്രകാശങ്ങളും നിലനില്‍ക്കുന്നതു തന്നെ ബ്രഹ്മപ്രകാശം ഉള്ളതുകൊണ്ടാണ്. സ്വയം പ്രകാശിക്കുന്ന ഒന്നാണ് യഥാര്‍ത്ഥത്തില്‍ മറ്റുള്ളവയെ കൂടി പ്രകാശിപ്പിക്കുക. എല്ലാ വസ്തുക്കള്‍ക്കും ഉണ്‍മയെ കൊടുത്ത് നിലനിര്‍ത്തുന്നതാണ് ബ്രഹ്മം.
എല്ലാ പ്രകാശങ്ങളെയും നമ്മള്‍ അറിയുന്നത് നമ്മളിലുള്ള ആത്മപ്രകാശം കൊണ്ടാണ്. അത് വിട്ടൊഴിയുമ്പോള്‍ ഈ ശരീരത്തിലെ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ എത്ര കേമമായിരുന്നാലും ഒന്നിനേയും അറിയാന്‍ ശേഷിയുള്ളതായിത്തീരുന്നില്ല. നമ്മുടെ ബുദ്ധിക്ക് ആത്മതത്ത്വത്തെ വിചിന്തനം ചെയ്യണമെങ്കില്‍ -തെളിഞ്ഞ് അറിയണമെങ്കില്‍ അതിനെ പ്രചോദിപ്പിക്കുന്ന ആത്മസാന്നിദ്ധ്യം കൂടിയേ തീരൂ. ഇപ്രകാരം അത് സ്വയം പ്രകാശിക്കുകയും തെളിഞ്ഞ് വിളങ്ങുകയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news759783#ixzz52b9MjUGu

No comments: