Saturday, December 30, 2017

ഈ ലോകം  ഉണ്ടായതെന്നു കരുതുന്നവര്‍ ബ്രഹ്മം ഇല്ലെങ്കില്‍ പിന്നെ എങ്ങനെ അമൃത് ലഭിക്കുന്നു എന്ന് ചോദിക്കുന്നതിനുള്ള മറുപടിയാണ് പറയാന്‍ പോകുന്നത്.
യദിദം കിംച ജഗത്‌സര്‍വ്വാ
്രപാണ ഏജതി നിഃസൃതം
മഹദ്ഭയം വജ്രമുദ്യതായ
ഏതദ്വി ദുരമൃതാസ്‌തേഭവന്തി
ലോകം മുഴുവന്‍ പ്രാണരൂപമായ ബ്രഹ്മത്തില്‍നിന്ന് ഉണ്ടാവുകയും അതിനെ ആക്രമിച്ച് ചലിക്കുകയും ചെയ്യുന്നു. ഓങ്ങിപ്പിടിച്ച വജ്രായുധം പോലെ വലിയ ഭയത്തിന് കാരണമാണ്. ഇതിനെ അറിയുന്നവര്‍ അമൃതത്വം നേടുന്നു. എല്ലാ ലോകവും സത്തായ പരബ്രഹ്മത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. അതില്‍തന്നെ ചലിക്കുന്നതുമാണ്. വലിയ ഭയത്തിന് കാരണവുമാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരേ നിയമമനുസരിച്ച് ക്രമത്തില്‍ നടക്കുന്നത് ബ്രഹ്മത്തെ ഭയന്നാണ്. കൈയില്‍ വജ്രായുധം പിടിച്ച് ഓങ്ങിനില്‍ക്കുന്ന യജമാനനെ കണ്ട് ഭൃത്യന്മാര്‍ അദ്ദേഹത്തിന്റെ ശാസനയെ അനുസരിക്കുന്നതുപോലെയാണ് ലോകത്തെ സൂര്യനുള്‍പ്പെടെയുള്ള ഗ്രഹ നക്ഷത്രങ്ങളെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ എല്ലാറ്റിനേയും കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്ന ഏകമായ ബ്രഹ്മത്തെ അറിയുന്നവര്‍ ജനന മരണങ്ങള്‍ക്ക് അപ്പുറമുള്ള അമൃതത്വത്തെ പ്രാപിക്കുന്നു.
പ്രാണന്‍ ചലിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ പ്രാണന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നു എന്നു കരുതേണ്ട. പരമാത്മാവിന്റെ ഒരു ശക്തി മാത്രമാണത്. തന്റെ ഇച്ഛയനുസരിച്ച് സര്‍വ്വശക്തനായ പരമാത്മാവാണ് എല്ലാറ്റിനേയും ചേതനയുള്ളതാക്കുന്നത്.
ബ്രഹ്മഭയത്താല്‍ ലോകം എങ്ങനെ നന്നായി നിലനില്‍ക്കുന്നു എന്നതിനെ വിശദീകരിക്കുന്നു
ഭയാദസ്യാഗ്‌നിസ്തപതി ഭയസ്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച മൃത്യുര്‍ ധാവതി പഞ്ചമഃ
ബ്രഹ്മത്തെ ഭയന്നാണ് അഗ്‌നി കത്തുന്നത്, സൂര്യന്‍ പ്രകാശിക്കുന്നത്. ഇന്ദ്രനും വായുവും അഞ്ചാമതായി മൃത്യുവും അവരവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. മേലുദ്യോഗസ്ഥന്റെ കണിശതയെ കരുതി ഇക്കാലത്ത് കീഴ് ജീവനക്കാര്‍ ഉഴപ്പാതെ പണിയെടുക്കുംപോലെയാണ്. ശാസനയിലെ ഉഗ്രതയും തങ്ങളുടെ സ്വാമിയോടുള്ള ആദരവുമാണ് കൃത്യതയോടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അല്ലാതെ വെറും ഭയാനകമായതിനാലല്ല എന്ന് മനസ്സിലാക്കണം. അഗ്നി വേണ്ടപോലെ ജ്വലിക്കുന്നതും സൂര്യന്‍ ചൂടും വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്നതും ഇ്രന്ദനും വായുവും മൃത്യുവും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ഓടി നടക്കുന്നതും ബ്രഹ്മത്തെ കരുതിയാണ്. നോക്കാന്‍ ആളില്ലെങ്കില്‍ എല്ലാം കുത്തഴിഞ്ഞുപോകും. ലോകത്തിലെ എല്ലാം നന്നായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നത് ബ്രഹ്മത്തെ ഭയന്ന് തന്നെയെന്ന് ഉപനിഷത്ത് പറയുന്നു. തൈത്തിരീയ ഉപനിഷത്തിലും ഇതേ മന്ത്രം അല്‍പം വ്യത്യാസത്തോടെ ഉണ്ട്. ലോകത്തിലെ ചരാചരങ്ങള്‍ മാത്രമല്ല ദിക്പാലകര്‍ ഉള്‍പ്പെടെ ദേവന്മാര്‍ എല്ലാം ബ്രഹ്മത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരാണ്.
ഇപ്രകാരമുള്ള പരമാത്മാവിനെ എപ്പോഴാണ് അറിയേണ്ടത്? ഇവിടെ വച്ചുതന്നെ ജീവിച്ചിരിക്കുമ്പോള്‍-
ഇഹചേദശക്‌ബോദ്ധ്യം പ്രാക്ശരീരസ്യ വിപ്രസഃ
തതഃ സര്‍ഗ്ഗേഷു ലോകേഷു ശരീരത്വായ കല്‍പതേ
ശരീരം വെടിയുന്നതിനു മുമ്പ,് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ, ബ്രഹ്മസാക്ഷാല്‍കാരം നേടാന്‍ കഴിഞ്ഞാല്‍ മുക്തനാകും. അല്ലെങ്കില്‍ സൃഷ്ടിക്കുള്ള സ്ഥലങ്ങളായ ഭൂമി തുടങ്ങിയ ലോകങ്ങളില്‍ വന്ന് ശരീരമെടുക്കേണ്ടിവരും. വീണ്ടും ജനിക്കേണ്ടിവരും.
നമ്മുടെ ശരീരം പതിക്കും മുമ്പോ അതായത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മത്തെ അറിയാന്‍ കഴിഞ്ഞാല്‍ സംസാര ബന്ധനത്തില്‍ നിന്ന് മുക്തനായിത്തീരും. അറിയാന്‍ സാധിച്ചില്ലെങ്കിലോ വീണ്ടും ജനിക്കേണ്ടിവരും. അത് ഏതെങ്കിലും ലോകത്തില്‍ ഏതെങ്കിലും ശരീരമായിട്ടായിരിക്കും. അതിനാല്‍ ശരീരത്തിന് മുമ്പുതന്നെ ആത്മാവിനെ അറിയുന്നതിനു യത്‌നം ചെയ്യുണം.

ജന്മഭൂമി: http://www.janmabhumidaily.com/news760686#ixzz52n1ds9cZ

No comments: