Thursday, December 28, 2017

ഭഗവാനെ വിട്ടൊരു ജീവിതം എനിക്ക് സങ്കല്‍പിക്കാന്‍ തന്നെ പ്രയാസമായിരുന്നു. അതിനാല്‍, ബദരിക്കുപോകാന്‍ ഭഗവാന്‍ ഉപദേശിച്ചിട്ടും അതനുസരിക്കാനാവാതെ ഞാന്‍ ഭഗവാന്റെ പാദങ്ങളെത്തന്നെ പിന്തുടര്‍ന്നു എന്ന് ഉദ്ധവര്‍ പറഞ്ഞപ്പോള്‍ വിദുരര്‍ കൂടുതല്‍ ആകാംക്ഷാഭരിതനായി.
ഭഗവാനെ പിന്തുടര്‍ന്ന് ചെന്ന ഞാന്‍ സരസ്വതീ നദീ തീരത്ത് ഒരു വൃക്ഷച്ചുവട്ടില്‍ ഒറ്റക്കിരിക്കുന്ന ആ പീതാംബരധാരിയെക്കണ്ടു. ചതുര്‍ബാഹുവായിക്കാണപ്പെട്ട ആ ഭഗവാന്റെ അരികിലേക്ക് ഞാന്‍ ചെന്നു.
”തസ്മിന്‍ മഹാഭാഗവതോ ദ്വൈപായന സുഹൃത്‌സഖാ
ലോകാനനുചരന്‍ സിദ്ധ ആസസാദ യദൃച്ഛയാ”
അപ്പോഴാണ് യാദൃച്ഛികമായി അവിടെ ഒരു മഹാഭാഗവതന്‍ എത്തിച്ചേര്‍ന്നത്. കൃഷ്ണദ്വൈപായനന്റെ സുഹൃത്തും ലോകസഞ്ചാരിയുമായ മൈത്രേയ മഹര്‍ഷി.
ഭഗവാന്‍ എന്നോടായി പറഞ്ഞു. ഹേ ഉദ്ധവരേ, അങ്ങ് പൂര്‍വത്തില്‍ എന്നില്‍ സിദ്ധിയടയണമെന്ന ആഗ്രഹത്തോടെ കാര്യമായിത്തന്നെ എന്നെ പൂജിച്ച് സേവിച്ചു. അങ്ങയുടെ ആ ആഗ്രഹം ഈ ജന്മത്തില്‍ പൂര്‍ത്തിയാക്കുകയാണ്. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയാണ്. നീ മോക്ഷത്തിനര്‍ഹനാണ്.
”പുരാമയാ പ്രോക്തമജായ നാഭ്യേ
പത്മേ നിഷണ്ണനായ മമാദിസര്‍ഗേ
ജ്ഞാനം പരം മനുഹിമാവഭാസം
യത്‌സൂരയോ ഭാഗവതം വദന്തി”
പണ്ട്, അതായത് പ്രപഞ്ചനിര്‍മ്മിതിക്കും മുന്‍പ്, എന്റെ നാഭിയില്‍ വിടര്‍ന്ന താമരയില്‍ ഇരിക്കുന്ന ബ്രഹ്മാവിന് ഞാന്‍ പരമമായ ഭാഗവതജ്ഞാനം പകര്‍ന്നുകൊടുത്തിരുന്നു. ഇപ്പോള്‍ ഞാന്‍ അത് അങ്ങേയ്ക്കുപദേശിച്ചു നല്‍കുകയാണ്.
ഭഗവാന്റെ ഈ അനുഗ്രഹവചനങ്ങള്‍ കേട്ട് ഞാന്‍ മറ്റേതോ സ്വപ്‌നലോകത്തിലെത്തിയതുപോലെയായി. ഒരേസമയം കണ്ണീരും രോമാഞ്ചവുമുണ്ടായി. തൊണ്ടയിടറി. ഞാന്‍ തൊഴുകൈകളോടെ നിന്നു.
ഈ ഭഗവാനാണ് പണ്ട് രാജസദസ്സില്‍ ഒന്നുമറിയാത്തവനെന്നപോലെ എന്നോട് സംശയങ്ങള്‍ ചോദിച്ചിരുന്നത്. ഹേ പ്രഭോ, അങ്ങ് ഞങ്ങളുടെ മനസ്സിനെ അതീവമായിത്തന്നെ മോഹവലയത്തില്‍ പെടുത്തി. ഒരു മന്ത്രിയെന്ന ഭാവത്തില്‍ അന്ന് ഞാന്‍ അങ്ങയെ പലതും പറഞ്ഞ് ഉപദേശിക്കുകയും ചെയ്തു. അല്ലയോ ഭഗവാനെ, അടിയന്റെ അജ്ഞതയെ ഓര്‍ത്ത് ക്ഷമിക്കണമേ.
ഭഗവാന്‍ എനിക്ക് ബ്രഹ്മജ്ഞാനത്തെ പ്രദാനം ചെയ്തു. ഞാന്‍ ആ ശ്രീകൃഷ്ണപരമാത്മാവിന്റെ പാദങ്ങളില്‍ പ്രണമിച്ച് പ്രദക്ഷിണം വച്ച് വിരഹാതുരത്വത്താല്‍ കണ്ണീരോടെ അവിടെനിന്നും യാത്രയാരംഭിച്ചു. ആ അഖിലഗുരുവിന്റെ ഉപദേശാനുസൃതം ഞാന്‍ ബദര്യാശ്രമത്തിലേക്ക് യാത്ര തിരിച്ചതാണ്.
”സോഹം തദ്ദര്‍ശനാഹ്ലാദ വിയോഗാര്‍ത്തിയുതഃ പ്രഭോ
ഗമിഷ്യേ ദയിതം തസ്യ ബദര്യാശ്രമ മണ്ഡലം”
ബദര്യാശ്രമം ഭഗവാന്റെ പ്രിയപ്പെട്ട സങ്കേതമാണ്. ഭഗവാനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനായതിലും ആ പരമഗുരുവില്‍നിന്ന് പരമാത്മജ്ഞാനം ലഭിച്ചതിലും ഞാന്‍ ഏറെ സന്തുഷ്ടനാണ്. എന്നാല്‍ അവിടുത്തെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. അവിടുത്തെ ആജ്ഞ പാലിക്കാന്‍ മാത്രമായി ഞാനിതാ ബദര്യാശ്രമത്തിലേക്കു പോകുന്നു. അവിടെ നരനാരായണന്മാരായി അവിടുന്ന് തപസ്സനുഷ്ഠിക്കുന്നുണ്ട്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി സ്വാധാമത്തിലേക്ക്, വൈകുണ്ഠത്തിലേക്ക് യാത്രയായ വിവരം ഉദ്ധവരില്‍ നിന്നും അറിഞ്ഞ വിദുരന്‍ ശോകത്തില്‍ വിതുമ്പിയെങ്കിലും സ്വന്തം ജ്ഞാനത്താല്‍ അതില്‍നിന്നും മുക്തിനേടി.
മഹാഭാഗവതനായ ഉദ്ധവര്‍ വിദുരരോട് യാത്ര പറഞ്ഞ് പോകാന്‍ ഭാവിച്ചു. എന്നാല്‍ വിദുരര്‍ക്ക് ഒരു മോഹം. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നും നേരിട്ട് ആത്മജ്ഞാനം ലഭിച്ച ഉദ്ധവര്‍ എത്ര ഭാഗ്യവാന്‍. ഹേ മഹാഭാഗവതനായ പരമഭക്തന്‍ ഉദ്ധവരേ, യോഗേശ്വരനായ ഭഗവാന്‍ അങ്ങയ്ക്കു പകര്‍ന്നുതന്ന മഹാജ്ഞാനത്തെ വിഷ്ണുഭൃത്യനായ എനിക്കുകൂടി നല്‍കാന്‍ കനിവുണ്ടാകണം.
”ജ്ഞാനം പരം സ്വാത്മരഹഃ പ്രകാശം
യദാഹ യോഗേശ്വര ഈശ്വരസ്‌തേ
വക്തും ഭവാന്നോര്‍ഹതി യദ്ധിവിഷ്‌ണോര്‍
ഭൃത്യാഃ സ്വഭൃത്യാര്‍ത്ഥകൃതശ്ചരന്തി”
ഹേ, ഉദ്ധവരേ, മഹാത്മാക്കളായ ഭാഗവത ഭക്തന്മാര്‍ ഇരിക്കുന്നതും ചരിക്കുന്നതുമെല്ലാം മറ്റു ഭക്തന്മാരുടെ ഹിതത്തിനു വേണ്ടിയണല്ലോ. ഹേ ഭഗവന്‍, ഞാന്‍ അതിന് അര്‍ഹിക്കുന്ന പാത്രമാണെന്നു പ്രതീക്ഷിക്കുന്നു. ആ പരമജ്ഞാനം എനിക്ക് കൂടി പകര്‍ന്നു തന്നാലും.
എന്നാല്‍ വിദുരര്‍ക്ക് ആ പരമജ്ഞാനം പകര്‍ന്നുകൊടുക്കുന്നതില്‍ ഉദ്ധവര്‍ വിമുഖത പ്രകടമാക്കി.
ഉദ്ധവരുടെ വൈമുഖ്യത്തില്‍ വിദുരര്‍ക്ക് അതിശയംതോന്നി.


ജന്മഭൂമി: http://www.janmabhumidaily.com/news759793#ixzz52b9qTMzy

No comments: