ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമായ കാലടിക്കു സമീപം, പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. 1600 ലേറെ വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
ശ്രീമഹാദേവനും ശ്രീപാര്‍വ്വതീ ദേവിയും ഒരേ ശ്രീകോവിലില്‍ വാണരുളുന്ന ഈ മഹാക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ടു ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. എന്നാല്‍ മഹാദേവന്റെ തിരുനട എല്ലാ ദിവസവും തുറന്ന് ഭക്തജനങ്ങള്‍ക്ക് പുണ്യദര്‍ശനം നല്‍കുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാദേവനെ കിഴക്കോട്ടു ദര്‍ശനമായും അതേ ശ്രീകോവിലില്‍ തന്നെ പടിഞ്ഞാറോട്ടു ദര്‍ശനമായി ശ്രീപാര്‍വ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
നമസ്‌കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീകോവിലിന് സമീപം കിഴക്കോട്ട് ദര്‍ശനമായി ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാര്‍വ്വതീദേവിയുടെ നട വര്‍ഷത്തില്‍ 12 നാള്‍ മാത്രമാണ് ദര്‍ശനത്തിന് തുറക്കുന്നതെങ്കിലും ദേവിക്ക് പതിവായി നിവേദ്യവും വഴിപാടുകളും നടത്തണം .മഹാദേവന്റെ ശ്രീകോവിലിനു പിന്നിലൂടെയുള്ള കവാടത്തിലൂടെ ചെന്നാണ് ക്ഷേത്രം മേല്‍ശാന്തി വഴിപാടുകള്‍ നടത്തുന്നത്.
ദാരുവിഗ്രഹമായതിനാല്‍ ദേവിക്ക് ജലാഭിഷേകമില്ല, മഞ്ഞള്‍പ്പൊടിയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളുമുണ്ട് . നടതുറപ്പു മഹോത്സവവേളയില്‍ ഇവിടെയെത്തി ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക് മംഗല്യ ഭാഗ്യവും ഇഷ്ടസന്താനലബ്ധിയും ദീര്‍ഘമംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരും എന്നാണ് വിശ്വാസം. അതിനാല്‍ നടതുറപ്പു സമയത്ത് നാടിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ദര്‍ശനം നടത്തി സായൂജ്യം നേടുന്നു.
ശിവപുരാണ ആഖ്യാനത്തില്‍ പാര്‍വ്വതീദേവിയുടെ അവതാരകഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മഹാദേവനെ പാണിഗ്രഹണം ചെയ്യാന്‍ ഇടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്. പാര്‍വ്വതീദേവി പര്‍വ്വതരാജനായ ഹിമവാന്റെ പുത്രിയായിരുന്നു. ഹിമവല്‍ പുത്രിയായ ദേവിയെ മഹാദേവന്‍ സംന്യാസിയുടെ രൂപത്തില്‍ വന്നു കാണുകയും ശ്രീ പരമേശ്വരന്‍ നിന്റെ പതിയാകുമെന്നും അത് സാക്ഷാത്കരിക്കാന്‍ കഠിനതപസ്സ് അനുഷ്ഠിക്കണമെന്നും ഉപദേശിച്ചു. പ്രായപൂര്‍ത്തിയായ ശേഷം ശിവനെ പാണിഗ്രഹണം ചെയ്യുന്നതിനായി വ്രതങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് സദാസമയവും ശ്രീപരമേശ്വരനെ ഭജിക്കുന്നതിനും ശിവസ്‌തോത്രങ്ങള്‍ ഉരുവിടുന്നതിനും ഇടയായി.
മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശിവന്റെ ദോഷങ്ങള്‍ ആവോളം പറഞ്ഞുനോക്കി. എന്നാല്‍ മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കഠിന തപസ്സ് അനുഷ്ഠിച്ചു പാര്‍വ്വതി. അങ്ങനെ വളരെ ത്യാഗങ്ങള്‍ സഹിച്ച് മഹാദേവനെ മാത്രം മനസ്സില്‍ ധ്യാനിച്ച് തപസ്സ് ചെയ്തതിന്റെ ഫലമായി മഹാദേവന്‍ നേരിട്ടു പ്രത്യക്ഷപ്പെട്ട് ദേവിയെ സമംഗളം പാണിഗ്രഹണം ചെയ്തു. ശിവപാര്‍വ്വതിമാര്‍ സന്തുഷ്ടരായി, മാതൃകാദമ്പതിമാരായി ഇന്നും വിവാഹജീവിതം തുടരുന്നു എന്നാണ് സങ്കല്‍പം. പാണിഗ്രഹണത്തിനു ശേഷം അതീവ സന്തുഷ്ടയായി ഇഷ്ടവരദായിനിയായി കുടികൊള്ളുന്ന രൂപത്തിലാണ് ശ്രീ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠാസങ്കല്‍പം.
അതുകൊണ്ടുതന്നെ മംഗല്യവരദായിനിയായി ദീര്‍ഘമംഗല്യപ്രദായിനിയായി ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. സ്വന്തം അനുഭവത്തിലൂടെ മംഗല്യം നടക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദേവിക്ക് നന്നായിട്ട് അറിയാം എന്നതുകൊണ്ടുതന്നെ മംഗല്യം യഥാസമയം നടക്കുന്നതിന് ദേവി ഭക്തരെ പ്രത്യേകമായി അനുഗ്രഹിക്കുന്നു എന്നതാണ് വിശ്വാസവും അനുഭവവും. ഈ ക്ഷേത്രത്തില്‍ എത്തുന്നവരില്‍ കൂടുതലും സ്ത്രീകളായതിനാല്‍ സ്ത്രീകളുടെ ശബരിമല എന്ന വിശേഷണവുമുണ്ട്. ഈ വര്‍ഷത്തെ നടതുറപ്പ് മഹോത്സവം 2018 ജനുവരി 1 മുതല്‍ 12 വരെ ( ധനു 17 മുതല്‍ 28 വരെ) ആണ് നടക്കുന്നത്.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ ഒരു കാഴ്ചപ്പാടുണ്ട്. ക്ഷേത്രത്തിലെ ദൈവിക കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താന്ത്രികവിധിപ്രകാരം തന്നെ നടത്തുന്നു. ഇവിടെ ദര്‍ശനത്തിന് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ക്ഷേത്രം ട്രസ്റ്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ‘വെര്‍ച്വല്‍’ ക്യു സംവിധാനം ഒരുക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനത്തിന് നേരത്തെ സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭക്ത ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ‘ക്യൂ’ നില്‍ക്കുന്നതിന് മൂന്ന് നിലകളിലായി ക്യൂ കോംപ്ലക്‌സിന്റെ പണിയും ഉടന്‍ തുടങ്ങും.
ജന്മഭൂമി: http://www.janmabhumidaily.com/news758781#ixzz52svvRbRH
No comments:
Post a Comment