Thursday, December 28, 2017

ഉപനിഷത്തിലൂടെ
എല്ലാ ആത്മാവും ഒന്നാണെങ്കില്‍ പരമാത്മാവിന് സംസാര ദുഃഖം ഉണ്ടാകില്ലേ എന്ന സംശയത്തിനുള്ള മറുപടിയാണ് അടുത്ത മന്ത്രം.
സൂര്യോ യഥാ സര്‍വ്വ
ലോകസ്യ ചക്ഷുര്‍-
നലിപ്യതേ ചാക്ഷുഷൈര്‍
ബാഹ്യദ്വേഷൈഃ
ഏകസ്തഥാ സര്‍വ്വഭൂതാനാരാത്മാ
നലിപ്യതേ ലോകദുഃഖേന ബാഹ്യഃ
എല്ലാ ലോകത്തിന്റെയും കണ്ണായ സൂര്യന് പുറമെ കാണുന്ന ദോഷങ്ങളൊന്നും ബാധിക്കാത്തതുപോലെ എല്ലാജീവികളുടെയും അന്തരാത്മാവായ ഏകനായ ആത്മാവിന് അവയില്‍നിന്നും വേറിട്ട് നില്‍ക്കുന്നതിനാല്‍, ലോകദുഃഖങ്ങളൊന്നും ഉണ്ടാകുന്നില്ല. ലോകത്തെ എല്ലാ വസ്തുക്കളേയും പ്രകാശിപ്പിക്കുന്നതിനാല്‍ സൂര്യനെ ലോകത്തിന്റെ കണ്ണായി പറയുന്നു. നമ്മുടെ കണ്ണിന് കാണാനുള്ള വെളിച്ചം നല്‍കുന്നതും സൂര്യപ്രകാശമാണ്. സൂര്യന്‍ ചീത്ത വസ്തുക്കളെയും പ്രകാശിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ അശുദ്ധി സൂര്യനെ ബാധിക്കുന്നില്ല. അതുപോലെ ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയെ പ്രകാശിപ്പിക്കുന്ന ആത്മാവിന് അവയുടെ ധര്‍മ്മങ്ങളായ സുഖം, ദുഃഖം മുതലായവയൊന്നും ഉണ്ടാകുന്നില്ല. കയറിനെ പാമ്പ് എന്ന് കരുതുന്നതുപോലെയും ചിപ്പിയെ വെള്ളിയെന്നു വിചാരിക്കുംപോലെയുള്ള തെറ്റിദ്ധാരണയാണ് ആത്മാവിനെ ദേഹമാണ് എന്ന് കരുതുന്നത്. ശരീരത്തിനുണ്ടാകുന്ന ജനനം, മരണം, രോഗം, ജരാ തുടങ്ങിയ സംസാരദോഷങ്ങളൊന്നും ആത്മാവിനെ ബാധിക്കുകയില്ല. കയറിന് പാമ്പിനോടൊ ചിപ്പിയ്ക്ക് വെള്ളിയോടൊ യാതൊരു ബന്ധവുമില്ല. അതുമായി ബന്ധപ്പെട്ട ക്ലേശങ്ങളോ ഇല്ല. അതുപോലെ സംസാര ദുഃഖങ്ങള്‍ ദേഹത്തിനേ ഉള്ളൂ, ആത്മാവിനില്ല. സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ ഒരാള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാം. മറ്റൊരാള്‍ക്ക് ചീത്ത കാര്യങ്ങളും. സൂര്യന്‍ രണ്ടുപേര്‍ക്കും ഒരുപോലെയാണ്. ഗുണവും ദോഷവും സൂര്യനില്ല. ആത്മാവും ഇതുപോലെ തന്നെ. എല്ലാറ്റിനും അതീതനാണവ.
ആത്മാവിനെക്കുറിച്ച് ഇനിയും
പറയാനുണ്ട്
ഏകോവശീ സര്‍വ്വഭൂതാന്തരാത്മാ
ഏകം രൂപം ബഹുധായഃ കരോതി
തമാത്മസ്ഥം യേളനു പശ്യന്തി ധീരാ-
സ്‌തേഷാം സുഖം ശാശ്വതം നേതരേഷാം
ഏകനും എല്ലാറ്റിനേയും വശപ്പെടുത്തിയവനും എല്ലാജീവികളുടെയും അന്തരാത്മാവായി ഇരിക്കുന്നവനും ഏതൊരു ആത്മാവാണോ പലതായിരിക്കുന്നത് അതുതന്നെയാണ് തന്റെ ഉള്ളിലുമെന്ന് സാക്ഷാത്കരിക്കുന്നയാള്‍ക്ക് ശാശ്വതമായ സുഖം കിട്ടും. മറ്റുള്ളവര്‍ക്ക് സുഖമേ ഉണ്ടാകില്ല.
ആത്മാവ് ഏകനാണ്, രണ്ടാമതൊന്നില്ല. തന്നില്‍ കവിഞ്ഞവനോ തന്നോടൊപ്പമുള്ളവനോ അതില്‍ കുറഞ്ഞവനോ ഇല്ല. അതുമാത്രമേയുള്ളൂ. എല്ലാ ലോകത്തേയും തന്റെ വശത്തില്‍വച്ച് നിയന്ത്രിക്കുന്നവനാണ്. എല്ലാ ജീവികളുടേയും ഉള്ളിലിക്കുന്നവനുമാണ്. പലതായിത്തീര്‍ന്നിരിക്കുന്നതും ആത്മാവ് തന്നെയാണ്. തന്നില്‍ കുടികൊള്ളുന്ന ആത്മാവിനെ സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ശാശ്വതമായ സുഖത്തെ അനുഭവിക്കാനാവൂ. അല്ലാത്തവര്‍ക്ക് ലൗകികവിഷയത്തിലൂടെ കിട്ടുന്ന ക്ഷണികമായ സുഖം മാത്രമാകും. ഇതു ദുഃഖത്തിലേക്കും കൊണ്ടെത്തിക്കും.
നിത്യോളനിത്യാനാം
ചേതനശ്ചതനാനാ-
മേകോ ബഹുനാം യോ
വിദധാതി കാമാന്‍
തമാത്മസ്ഥം യേളനുപശ്യന്തി ധീരാ-
സ്‌തേഷാം ശാന്തിഃ ശാശ്വതീ നേതരേഷാം
അനിത്യങ്ങളില്‍ നിത്യനായും ചേതനയുള്ളവയില്‍ ചൈതന്യമായും വൈവിധ്യമുള്ളവയില്‍ ഏകനായും നില്‍ക്കുന്ന ആത്മാവാണ് ജീവികളുടെ കാമനകളെ കൊടുക്കുന്നത്. അപ്രകാരമുള്ള ആത്മാവിനെ തന്നില്‍ ഇരിക്കുന്നവനായി വിവേകികള്‍ സാക്ഷാത്കരിക്കുന്നതുമൂലം അവര്‍ക്ക് നിത്യമായ ശാന്തി ഉണ്ടാകും. അല്ലാത്തവര്‍ക്ക് ഉണ്ടാകില്ല. ഇക്കാണാകുന്ന സകല വസ്തുക്കളും നാശമുള്ളവയാണ്. അവയിലൊക്കെ നിറഞ്ഞ് നാശമില്ലാത്തവനായിരിക്കുന്ന ഒരേ ആത്മാവ് തന്നെയാണ് എല്ലാറ്റിന്റെയും ചൈതന്യവും. എല്ലാ വസ്തുക്കളുടെയും ചൂടിനു കാരണം അഗ്നി അഥവാ അഗ്നിതത്ത്വമാണ് എന്നതുപോലെയാണിത്. കാമികളും സംസാരികളുമായവര്‍ക്ക് കര്‍മ്മങ്ങളുടെ ഫലമായും മറ്റുമുള്ള അഭീഷ്ടങ്ങളെ അനായാസേന നല്‍കുന്നതും ആത്മാവാണ്. വിവേകികള്‍ക്ക് തങ്ങളുടെ ആത്മാവ് തന്നെയായി അറിയാന്‍ കഴിയും. അതിലൂടെ എന്നുമുള്ള ശാന്തി ലഭിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news759426#ixzz52bB38Uhc

No comments: