Wednesday, December 20, 2017

ഉപനിഷത്തിലൂടെ
ബ്രഹ്മാവ് മുതല്‍ സകലജീവികളിലും ഇരിക്കുന്ന ജീവാത്മാവും പരമാത്മാവും വേറെ വേറെ അല്ല എന്ന് ഉറപ്പാക്കാന്‍ തുടര്‍ന്ന് പറയുന്നു.
യദേവേഹ തദമുത്ര യദമുത്രതദന്വിഹ
മൃത്യോഃ സ മൃത്യുമാപ്‌നോതി
യ ഇഹ നാനേവ പശ്യതി
ഇതിലുള്ളതാണ് അതിലുള്ളത്. അവിടെയുള്ളത് തന്നെ ഇവിടെ ഓരോന്നിലും. ഇതിനെ വേറെ വേറെയായി കാണുന്നയാള്‍ മരണത്തില്‍ നിന്ന് മരണത്തിലേക്ക് പോകുന്നു. ജീവാത്മാവിലുള്ള അഥവാ ജീവോപാധിയിലുള്ള ചൈതന്യം തന്നെയാണ് ഈശ്വരോപാധിയിലുള്ളത്. അതുപോലെ തന്നെ തിരിച്ചും. ഇതിനെ പലതായി കാണുന്നത് വീണ്ടും മൃത്യുവിലേക്കുള്ള പോക്കാണ്. സംസാരിയായിരിക്കുന്ന ജീവനും സംസാര ധര്‍മ്മമൊന്നുമില്ലാത്തബ്രഹ്മാവും ഒന്നുതന്നെ. അതുകൊണ്ട് പലതായി തോന്നിക്കുന്ന നാനാത്വബുദ്ധിയെ വെടിയുന്നു. വിജ്ഞാനം ഒന്നുമാത്രമായ സ്വഭാവത്തോടുകൂടിയതും ആകാശംപോലെ പരിപൂര്‍ണവും സര്‍വ്വവ്യാപിയുമായ ബ്രഹ്മം തന്നെയാണ് താന്‍ എന്ന് സാക്ഷാത്കരിക്കണം.ഇപ്പോഴത്തെ നമ്മുടെ അവസ്ഥ ഞാന്‍ പരബ്രഹ്മമല്ല, പരബ്രഹ്മം ഞാനുമല്ല. ഞാന്‍ വേറെ പരബ്രഹ്മം വേറെ എന്നതാണ്. ഈ അജ്ഞാനം നീങ്ങുക തന്നെ വേണം. സമ്യക് ദര്‍ശനമാണ് വേണ്ടത്. അദ്വൈത ജ്ഞാനംകൊണ്ടേ അത് ലഭിക്കൂ.
മനസൈവേദമാപ്തവ്യം
നേഹ നാനാസ്തി കിഞ്ചന
മൃത്യോഃ സമൃത്യും ഗച്ഛതി
യ ഇഹ നാനേവ പശ്യതി
ശുദ്ധമായ മനസ്സുകൊണ്ട് തന്നെ അറിവ് നേടണം. അറിവ് നേടിയാല്‍ പിന്നെ നാനാത്വമുണ്ടാകില്ല. ഇവിടെ പലതിനെ കാണുന്നവര്‍ ജനന-മരണ രൂപമായ സംസാരത്തില്‍ കിടന്നുഴലും. ബ്രഹ്മം ഏകരസവും ജീവന്‍ ബ്രഹ്മവും ആണെങ്കില്‍ അറിയുന്നവന്‍ എന്നും അറിയപ്പെടുന്നവന്‍ എന്നുമുള്ള ഭേദം എങ്ങനെയുണ്ടാകും എന്ന സംശയത്തിന് ഇവിടെ സമാധാനം പറയുന്നു. അറിയില്ലായ്മയില്‍ മാത്രമാണ് ഈ സംശയം ഉണ്ടാകുക. ആചാര്യോപദേശംകൊണ്ട് മനസ്സിനെ സംസ്‌കരിച്ച് ആത്മാവ് അല്ലാതെ വേറെ യാതൊന്നുമില്ല എന്ന് അറിയണം. അപ്പോള്‍ ഭേദബുദ്ധി നീങ്ങിപ്പോകും. അജ്ഞാനം നശിക്കാതിരുന്നാല്‍ നാനാത്വം ഉണ്ടാകും വീണ്ടും വീണ്ടും ജനനമരണമായി ഈ സംസാരത്തില്‍ നട്ടംതിരിയും.
ബ്രഹ്മത്തെക്കുറിച്ച് വീണ്ടും വിവരിക്കുന്നു.
അംഗുഷ്ഠമാത്രഃ പുരുഷോ മധ്യ
ആത്മനി തിഷ്ഠതി
ഈശാനം ഭൂതഭവ്യസ്യ ന തതോ
വിജുഗുപ്‌സതേ ഏതദ് വൈതത്
പെരുവിരലിന്റെ വലിപ്പമുള്ള പുരുഷന്‍ ശരീരത്തിന്റെ മധ്യത്തില്‍ ഇരിക്കുന്നു. ആ പുരുഷനെ ഭൂതത്തിന്റെയും ഭാവിയുടേയും ഈശ്വരനെന്ന് അറിയുന്നവന്‍ ആത്മാവിനെ ആരും രക്ഷിക്കണമെന്ന് വിചാരിക്കുന്നില്ല. ആ ബ്രഹ്മം തന്നെ ഇത്. പുരുഷന്‍ എന്നാല്‍ പരിപൂര്‍ണനായവന്‍ എന്നര്‍ത്ഥം. സര്‍വത്ര നിറഞ്ഞവനായ പുരുഷനെന്ന ബ്രഹ്മം തള്ളവിരല്‍ വലിപ്പത്തില്‍ ഹൃദയത്തില്‍ വസിക്കുന്നു. മനുഷ്യശരീരത്തിന്റെ നേരെ മധ്യത്തില്‍ പെരുവിരല്‍ വലുപ്പമുള്ള ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ‘അംഗുഷ്ഠമാത്രഃ പുരുഷഃ’ എന്ന് ആത്മാവിനെ പറയുന്നു. എങ്ങും നിറഞ്ഞവന്‍ ഏറ്റവും ചെറുതായി നമ്മുടെ ഉള്ളിലിരിക്കുന്നു എന്നു സാരം. രക്തചംക്രമണത്തെ ചെയ്യുന്ന ഹൃദയം എന്ന അര്‍ത്ഥമോ ശരിക്കും നമ്മുടെ തള്ളവിരല്‍ വലുപ്പമാണ് ആത്മാവിനെന്ന അര്‍ത്ഥമോ എടുക്കേണ്ടതില്ല. ആത്മാവ് ശരീരത്തിലെല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. മൂന്നുകാലങ്ങളിലെയും ഈശ്വരനായി ഈ ആത്മാവിനെ അറിയുന്നവര്‍ക്ക് പിന്നെ ഭയമുണ്ടാകുകയില്ല. അതിനാല്‍ ആത്മരക്ഷയെപ്പറ്റിയുള്ള വേവലാതിയുമില്ല. എല്ലാം ആത്മാവാണെന്നറിയുന്നതിനാല്‍ ഒന്നിനേയും വെറുക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല. മറ്റെല്ലാം വിട്ട് ആത്മാവിനെ നേടാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം മറ്റൊന്നില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news756193#ixzz51qnV63RY

No comments: