Tuesday, December 19, 2017

വാമനമൂർത്തി:
വിദ്യാർത്ഥികൾ ആവേശത്തിലായിരുന്നു.
അവർക്കിന്ന് പുതിയൊരു ഗണിത ശാസ്ത്ര അദ്ധ്യാപകനെ ലഭിക്കാൻ പോവുന്നു.
'എട്ടാം ക്ലാസ്സു തൊട്ട് എല്ലാം വളരെ ഗൗരവബുദ്ധിയോടെ കാണണം. കണക്കിന്റെ കാര്യത്തിൽ പ്രത്യേകം മനസ്സിരുത്തണം.' ഏഴാം ക്ലാസ്സിൽ വെച്ച് കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനൊരാൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.
പുതിയ അദ്ധ്യാപകന്റെ പേര് കുട്ടികൾ നേരത്തേ കേട്ടറിഞ്ഞിരുന്നു.
"വാമനമൂർത്തി "
ഇതെന്ത് പേരെന്ന് ചിലർ അത്ഭുതപ്പെട്ടു.
'അളക്കാൻ വരികയാണാവോ'?
ബലി ചരിതമറിയുന്ന ചിലർ പരിഹാസധ്വനി കലർത്തി ചോദിക്കുകയുണ്ടായി.
'അപ്പോൾ നമ്മളൊക്കെ തല കുനിക്കേണ്ടി വരുമോ? പാതാളത്തിലേക്കു പോവേണ്ടി വരുമോ?'
മറ്റൊരു വിരുതൻ തന്റെ പരാണിക ബോധ്യം അവസരം കണ്ടറിഞ്ഞ് വിളമ്പി.
ബെല്ലടിച്ചു.....
കുട്ടികൾ ആകാംക്ഷാഭരിതരായി കാത്തിരിക്കുമ്പോൾ വാമനമൂർത്തിയേയും കൊണ്ട് പ്രധാനാദ്ധ്യാപകനെത്തി.
കുട്ടികൾ ചിരിയടക്കാൻ പാടുപെട്ടു!!
മുടിയും താടിയും നീട്ടി വളർത്തിയ അതികായൻ. മുണ്ടും ജുബ്ബയും ആണ് വേഷം. ചുണ്ടു കണ്ടാൽ മുറുക്കു പതിവുണ്ടെന്നു തോന്നും . നെറ്റിയിൽ വിസ്തരിച്ച് ഭസ്മക്കുറിയുണ്ട്.
പ്രധാനാദ്ധ്യാപകൻ കുട്ടികളോടു പറഞ്ഞു.
' വേഷം കണ്ട് നാം ആരേയും വിലയിരുത്തിക്കൂടാ. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എടുത്ത പ്രഗത്ഭനാണ് ഡോ. വാമനമൂർത്തി.
ഈ വിദ്യാലയത്തിനു ലഭിച്ച അനുഗ്രഹത്തെ നിങ്ങൾ ആദരവോടെ പ്രയോജനപ്പെടുത്തണം. നിങ്ങളൊരു ഗണിത ശാസ്ത്ര സാമ്രാട്ടിന്റെ പ്രജകളാവാൻ ഭാഗ്യം സിദ്ധിച്ചവരാണ്. കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ മർമ്മമറിയുന്ന മഹാനാണ്. '
മികവുറ്റത് കണ്ടെത്തി കുട്ടികൾക്കു സമ്മാനിക്കാൻ എപ്പോഴും ഉത്സുകനായ പ്രധാന അദ്ധ്യാപകൻ ഇത്രയും പറഞ്ഞ് വാമനമൂർത്തിയെ കുട്ടികൾക്ക് പരിചയപ്പെട്ടുത്തി.
'തുടക്കത്തിൽ സമയക്രമത്തിന്റെ കാര്യത്തിൽ വാമനമൂർത്തി മാഷ് ചില സ്വാതന്ത്ര്യങ്ങൾ ചോദിച്ചിട്ടുള്ളത് അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്നു തൊട്ട് മുന്നു ദിവസം കാലത്ത് മുഴുവൻ ക്ലാസ്സുകളും ശ്രീ വാമനമൂർത്തി എടുക്കും. നിങ്ങൾ സഹകരിക്കണം. തുടർന്ന് എങ്ങിനെ മുന്നോട്ട് പോകണമെന്ന് പിന്നീട് അറിയിക്കും'.
പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശം കേട്ടപ്പോൾ 'ചതിച്ചോ ദൈവമേ ' എന്ന് കുട്ടികളിലാരോ വിളിച്ചു പറഞ്ഞത് മറ്റുള്ളവർ അവഗണിച്ചു .
ദൗത്യം കഴിഞ്ഞ് പ്രധാനാദ്ധ്യാപകൻ പിൻ വാങ്ങി.
വാമനമൂർത്തി ഒന്നു പുഞ്ചിരിച്ചു..
കേവലം മൂന്നടി മണ്ണു യാചിക്കും പോലെ !!!
ആ ചിരി കുട്ടികളുടെ മുഖങ്ങളിൽ പ്രതിഫലിച്ച് പ്രകാശിക്കാൻ സമയമെടുത്തു.
പക്ഷേ അദ്ധ്യാപകൻ ക്ഷമാശീലനായിരുന്നു.
എല്ലാ കുട്ടികളുടെ മുഖവും പുഞ്ചിരി നിറഞ്ഞ് സുന്ദരമാകും വരെ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. ക്ലാസ്സിൽ പുഞ്ചിരി പ്രകാശം മുഴുവനായും പരന്നു.
പിന്നീടദ്ദേഹം കുട്ടികൾക്ക് പ്രിയങ്കരമായ സോഷ്യൽ മീഡിയകളെക്കുറിച്ച്, കംപ്യൂട്ടർ ഗെയിമുകളെക്കുറിച്ച്, ജനപ്രിയ നായികാ നായകന്മാരെക്കുറിച്ച്, സിനിമകളെക്കുറിച്ച്, ക്രിക്കറ്റ് ലോകത്തെക്കുറിച്ച്, പുത്തൻകാറുകളെക്കുറിച്ച്, ഫാഷൻ രംഗത്തെ ട്രന്റുകളെക്കുറിച്ച്, ആഭരണ രംഗത്തെ വിപ്ലവങ്ങളെക്കുറിച്ച് ഒക്കെ അറിയാനെന്ന മട്ടിൽ കുട്ടികളോടു ചോദ്യം ചോദിച്ചു.
കുട്ടികൾ മത്സരിച്ച് മറുപടി നൽകി.
ക്ളാസ് റൂം ശബ്ദമുഖരിതമായി.
ശ്രീ വാമനമൂർത്തി കുട്ടികളെ അഭിനന്ദിച്ചു.
കണക്കു ക്ലാസിൽ ഇതെന്താഘോഷമെന്ന് മറ്റദ്ധ്യാപകർ ഏന്തി നോക്കി കടന്നു പോയി.
പുതിയ അദ്ധ്യാപകന്റെ പുതുമ അവർക്ക് ചർച്ചാ വിഷയമായി.
അനുവദിച്ച ഇടവേളയിൽ കുട്ടികൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി വേഗത്തിൽ തിരിച്ചെത്തി.
മൂർത്തി മാഷ് വീണ്ടം തുടങ്ങി.
'ഇനി എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടിലെ സാമ്പത്തിക സ്ഥിതി വിവരമറിയണം. നിങ്ങൾക്കറിയുന്നത്ര കാര്യങ്ങൾ പറഞ്ഞാൽ മതി. ഒപ്പം ഓരോരുത്തർക്കും ആരായിത്തീരാനാണ് ആഗ്രഹമെന്ന കാര്യവും വ്യക്തമാക്കണം. ഇതൊക്കെ സ്വകാര്യമായിട്ടു വേണം എന്നോടു പങ്കുവെക്കാൻ .... ഓരോരുത്തരായി വന്നു പറഞ്ഞു പോവുമ്പോൾ മറ്റുള്ളവർ നിശ്ശബ്ദത പാലിക്കണം. അതിനവർക്ക് ഒരു ചോദ്യപേപ്പർ തരും. അതിൽ അറിയുന്ന ഉത്തരമെഴുതിയാൽ മതി. അറിയാത്ത ചോദ്യങ്ങൾക്ക് നേരെ പഠിച്ചത് മറന്നതാണോ? ഏതു ക്ലാസ്സിൽ പഠിച്ച കാര്യമാണെന്നോർമ്മയുണ്ടോ ഈ ചരിത്രം ആലോചിച്ച് എഴുതാൻ ശ്രദ്ധിക്കണം. പരീക്ഷയാണെന്നു കരുതേണ്ട. '
അദ്ധ്യാപകൻ എല്ലാവർക്കും ചോദ്യപേപ്പർ നൽകി. മുന്നാം ക്ലാസ്സ് തൊട്ട് ഏഴാം ക്ലാസ്സുവരെ കുട്ടികൾ ഗണിത ശാസ്ത്രത്തിൽ പഠിച്ച കാര്യങ്ങളൊക്കെ ചോദ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതൊരു പരീക്ഷയല്ല, ശബ്ദമുണ്ടാക്കാതിരിക്കാനുള്ള ഉപായമൊരുക്കിയതാണെന്ന് ചിന്തിച്ചപ്പോൾ കുട്ടികൾക്ക് സമ്മർദവും, ആശങ്കയും തോന്നിയില്ല. വാമനമൂർത്തി കർക്കശക്കാരനായ അദ്ധ്യാപകനല്ല . തങ്ങളുടെ നല്ല ഒരു കൂട്ടുകാരനാണെന്ന് എല്ലാ കുട്ടികൾക്കും ഇടവേളക്കു മുമ്പുള്ള ക്ലാസ്സിൽ നിന്നും ബോധ്യമായിരുന്നു. അവർ അറിയുന്നത് ആസ്വദിച്ച് എഴുതി.
ശ്രീ വാമനമൂർത്തി ഓരോ കുട്ടികളെക്കുറിച്ചും അവശ്യം വേണ്ടുന്ന വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറിപ്പുകൾ തയ്യാറാക്കി. ഒന്നര മണിക്കൂർ കൊണ്ട് ജോലി പൂർത്തിയാക്കി. വിദ്യാർത്ഥികൾ വിചിത്രമായ പരീക്ഷ എഴുത്തും നിർവ്വഹിച്ചു കഴിഞ്ഞു..
ഉച്ചഭക്ഷണത്തിന്റെ ഇടവേളയായി.
മാഷ് പിറ്റേന്നു കാണാമെന്ന ഉപചാരം പറഞ്ഞ് അന്നത്തേക്ക് കുട്ടികളോടു വിട പറഞ്ഞു. സമ്പൂർണ്ണ സഹകരണത്തിനു നന്ദിയുണ്ടെന്ന് മാഷ് അറിയിച്ചത് കുട്ടികൾക്ക് വിസ്മയകരമായിത്തോന്നി.
പുതിയൊരു അദ്ധ്യാപകൻ പഠിപ്പിക്കാൻ വന്നു എന്നല്ല കുട്ടികൾക്കു തോന്നിയത്. ഒരു രക്ഷകൻ എത്തിച്ചേർന്നു എന്നാണ്.
ഉത്തരക്കടലാസുകളുമായി ശ്രീ വാമനമൂർത്തി പുറത്തിറങ്ങി....
വാമനമൂർത്തിയെന്ന അധ്യാപകന്റെ ആദ്യത്തെ ക്ളാസ് (ഭൗതീകം - ഒരടിമണ്ണ് അളന്നെടുക്കൽ !! ) കഴിഞ്ഞു.
പിറ്റേന്ന് കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ തിടുക്കമായിരുന്നു. ഇന്നെന്തായിരിക്കും പുതിയതായി വന്ന മാഷുടെ പരിപാടി അവർ സകൗതുകം ആലോചിച്ചു.
കൃത്യസമയത്ത് മാഷ് ക്ലാസിലെത്തി. എന്നും വൈകി എത്താറുള്ള അനീഷ് അന്ന് വളരെ നേരത്തെ എത്തിയിരുന്നു.
' ഇന്ന് ഞാൻ എന്റെ കഥ പറയാമെന്നു കരുതുന്നു'....
ആ തീരുമാനം കുട്ടികൾക്കിഷ്ടായി.
ശ്രീ വാമനമൂർത്തി നാടകീയമായി സ്വന്തം കഥ അവതരിപ്പിച്ചു.
രണ്ടാം ക്ലാസിൽ വെച്ച് മനഃക്കണക്കു തെറ്റിച്ചതിന് കണക്കു സാർ പൊതിരെ തല്ലിയതോടെ കണക്കിനോടു പിണക്കം ആരംഭിച്ച കാര്യം പറഞ്ഞാണ് തുടങ്ങിയത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്കിന് അൻപതിൽ അഞ്ച് മാർക്ക് വാങ്ങാനിടയായ സംഭവവും, വീട്ടിൽ കളവു പറഞ്ഞും അച്ഛൻ തിരിച്ചറിഞ്ഞതും ഒക്കെ തന്മയത്വത്തോടെ അദ്ദേഹം പറഞ്ഞു. കുട്ടികൾ ആർത്തലച്ചു ചിരിച്ചാസ്വദിച്ചു.
ഗണിത ശാസ്ത്രം രസിക്കാനുള്ള തന്ത്രങ്ങളും, കളികളും അച്ഛനിൽ നിന്നു പഠിച്ചതും മാഷ് രസാവഹമായി വിശദീകരിച്ചു.
അഞ്ചിലും, ആറിലും, ഏഴിലും കണക്കു പഠിക്കാനുപയോഗിച്ച ശൈലി മൂർത്തി മാഷ് ചൂണ്ടിക്കാണിച്ചു. ഈ രീതി തങ്ങൾക്ക് ആരും പറഞ്ഞു തന്നില്ലല്ലോ എന്ന് കണക്കിനെ ഭയക്കുന്ന ഭൂരിപക്ഷം കുട്ടികളും ആലോചിച്ചു പോയി.
ശ്രീവാമനമൂർത്തിക്ക് പത്താം തരത്തിൽ കണക്കിന് നൂറിൽ നൂറു മാർക്കു കിട്ടിയ കാര്യം കേട്ടപ്പോൾ കുട്ടികൾക്ക് അത്ഭുതമായി.
' നാം കണക്കിനെ കണക്കറ്റു സ്നേഹിച്ചാൽ കണക്കു നമ്മളേയും സ്നേഹിക്കും. മാത്രമല്ല പല ഗണിത ശാസ്ത്ര രഹസ്യങ്ങളും നമുക്ക് വെളിവായിക്കിട്ടും ...'
മാഷ് പറഞ്ഞത് കുട്ടികൾക്ക് പ്രചോദനമായി.
തുടർന്ന് ഗണിത ശാസ്ത്ര പ്രേമത്തിന്റെ അനുഗ്രഹ ഫലങ്ങൾ അദ്ദേഹം കുട്ടികൾക്കു മുമ്പിൽ വിസ്തരിച്ചു. വാരികൂട്ടിയ അവാർഡുകൾ, നേടിയ റാങ്കുകൾ, ലഭിച്ച അവസരങ്ങൾ, വിദേശത്ത് പോകാൻ കഴിഞ്ഞത്, അവിടെ ലഭിച്ച മികവുറ്റ ജോലി വേണ്ടെന്നു വെച്ച് ഭാരതത്തെ സേവിക്കാൻ തിരിച്ചു വന്നത് ഒക്കെ അക്കമിട്ടു പറഞ്ഞു. ഇടയിൽ ഒരു പ്രേമക്കഥ വീട്ടിലറിഞ്ഞതും കണക്കിന്റെ കാര്യത്തിലെന്ന പോലെ അച്ഛൻ ഇടപെട്ടു തിരുത്തിയതും മൂർത്തി മാഷ് സരസം വിസ്തരിച്ചു. എട്ടാം ക്ലാസിൽ പ്രേമം മൊട്ടിട്ടു തുടങ്ങിയ വിരുതന്മാർ പരസ്പരം നോക്കിയതു അദ്ദേഹം കണ്ടു പിടിച്ചു. കൊച്ചു കൊച്ചു താത്പര്യ കെണികളിൽപ്പെട്ടാൽ ഊർജ്ജം നഷ്ടമായിപ്പോകുമെന്ന വസ്തുത ഒപ്പം ചർച്ചാ വിഷയമാക്കി.
' നിരാശാ കാമുകനായതു കൊണ്ടാണോ മാഷ് താടിയും മുടിയും നീട്ടിയത്? ജുബ്ബയും മുണ്ടും ധരിക്കുന്നത്?'
ഒരു വിദ്യാർത്ഥി സധൈര്യം ചോദിച്ചു.
മാഷ് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദ്യത്തെ അഭിനന്ദിച്ചു. 'അതിനുള്ള ഉത്തരം നിങ്ങൾക്കു നാളെ പറഞ്ഞു തരാം' ശ്രീ വാമനമൂർത്തി വാഗ്ദാനം ചെയ്തു.
'ഇനി ചെറിയൊരിടവേള' മാഷിതു പറഞ്ഞപ്പോഴാണ് കുട്ടികൾക്ക് സമയബോധം ഉണ്ടായത്.
പുറത്തിറങ്ങിയ കുട്ടികൾ വളരെ വേഗം തിരിച്ചെത്താൻ മത്സരിച്ചത് ഹൃദ്യമായ കാഴ്ചയായിരുന്നു.
ശ്രീ വാമനമൂർത്തി ബെഞ്ചുകൾ അടുപ്പിച്ചിടാൻ പറഞ്ഞു. കുട്ടികളോടു കഴിയുന്നത്ര അടുത്തിരിക്കാൻ നിർദ്ദേശിച്ചു. . കൗതുകപൂർവ്വം കുട്ടികൾ സഹകരിച്ചു.
മാഷ് വൈകാരികത മുറ്റി നിൽക്കുന്ന ഭാഷയിൽ സംസാരിച്ചു തുടങ്ങി.
'സ്നേഹ നിധികളായ മക്കളെ, നിങ്ങൾക്കെല്ലാവർക്കും 'ഗുരുത്വം' വേണ്ടുവോളം ഉണ്ടാവണം. മാതാപിതാക്കളോടു നിങ്ങൾ പുലർത്തുന്ന ബന്ധം, കാണിക്കുന്ന ആദരവ് ഇതൊക്കെ ഗുരുത്വത്തെ നിശ്ചയിക്കുന്നു.'
ഇങ്ങിനെ മാതൃപിതൃ മഹത്വത്തെക്കുറിച്ച് പല ഹൃദയ സ്പൃക്കായ കഥകളുടേയും അകമ്പടിയോടെ മാഷ് ഒരു മണിക്കൂറിലേറെ സംസാരിച്ചു. സ്വന്തം അച്ഛനമ്മമാരെക്കുറിച്ചാലോചിച്ചപ്പോൾ തുടക്കത്തിൽ ചില കുട്ടികളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. ക്രമേണ സങ്കോചം വിട്ട് പലരും തേങ്ങിക്കരഞ്ഞു തുടങ്ങി. ശ്രീ വാമനമൂർത്തി അവരുടെ ഓരോരുത്തരുടേയും അടുത്ത് ചെന്ന് അനുകമ്പയോടെ അവരെ ആശ്വസിപ്പിച്ചു. ചില കുട്ടികൾ തങ്ങൾ മാതാപിതാക്കളെ നോവിച്ചത് തുറന്നു പറഞ്ഞു.
പൊതുവെ ധിക്കാരികളെന്നു വിലയിരുത്തി അവഗണിക്കപ്പെട്ട കുട്ടികളാണ് ഏറെ വിലപിച്ചതെന്ന വസ്തുത ശ്രദ്ധേയമായി. ചെയ്യേണ്ട പ്രായശ്ചിത്തത്തെ കുറിച്ചും, ഭാവിയിൽ തുടരേണ്ട രീതികളെക്കുറിച്ചും ശ്രീ വാമനമൂർത്തി ചർച്ചാ രൂപത്തിൽ കുട്ടികൾക്കു പറഞ്ഞു കൊടുത്തു. മാഷ് തങ്ങളിലൊരാളായി നിന്ന് കാര്യങ്ങൾ വിശകലനം ചെയ്യുന്നതു പോലെയാണ് കുട്ടികൾക്കു തോന്നിയത്. അതു കൊണ്ടു തന്നെ ഒരു ഉപദേശം കേൾക്കുന്നതു പോലുള്ള അരുചി ആർക്കും അനുഭവപ്പെട്ടില്ല. ശ്രീവാമനമൂർത്തി പറഞ്ഞതനുസരിച്ച് അവരവരെടുത്ത തീരുമാനങ്ങൾ കുട്ടികൾ നോട്ടുപുസ്തകത്തിൽ വൃത്തിയായി കുറിച്ചിട്ടു. അത് വീഴ്ച കൂടാതെ പാലിക്കാൻ കഴിയുമെന്ന് കുട്ടികൾക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.
ഉച്ചഭക്ഷണ സമയത്ത് മാഷ് ക്ലാസ്സവ സാനിപ്പിക്കുമ്പോൾ പലർക്കും എത്രയും വേഗം വീട്ടിലെത്തണമെന്നും മാതാപിതാക്കളെ കാണണമെന്നും തോന്നുന്നുണ്ടായിരുന്നു.
അച്ഛനമ്മമാർ കടുത്ത അനീതി ചെയ്തിട്ടുണ്ടെന്നു വിശ്വസിച്ചു പോന്നവർക്കും മനം മാറ്റമുണ്ടായി. മാഷുടെ ക്ലാസ്സിൽ അവർക്ക് അച്ഛനമ്മമാരുടെ വികാരവിചാരങ്ങളെ പ്രത്യേക രീതിയിൽ നോക്കിക്കാണാൻ സാമർത്ഥ്യം ലഭിച്ചു.
ശ്രീ വാമനമൂർത്തിയുടെ പുതുമയേറിയ രണ്ടാമത്തെ ക്ലാസ്സും (വൈകാരികം -രണ്ടാമത്തെ അടിമണ്ണ് അളന്നെടുക്കൽ) അങ്ങിനെ അവസാനിച്ചു.
പിറ്റേന്ന് കാലത്ത് വിദ്യാലയത്തിലേക്ക് എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഒന്നടങ്കം ആരും ക്ഷണിക്കാതെ വന്നെത്തി. അവരുടെ കണ്ണുകളിൽ അകൈതവനന്ദി പ്രകാശിക്കുന്നുണ്ടായിരുന്നു. ഏവർക്കും വാമനമൂർത്തിയെ കാണണം.
മാഷ് വിനയപൂർവ്വം എല്ലാവരോടും മറ്റൊരു ദിവസം അവരെ വിളിപ്പിക്കാമെന്നു വാക്കു നൽകി തിരിച്ചയച്ചു.
കുട്ടികൾക്കാവട്ടെ ഇനി എല്ലാ ക്ലാസ്സുകളും പുതിയ മാഷ് എടുത്താൽ മതിയെന്ന് ആഗ്രഹം തോന്നി.
അന്നത്തെ വിശേഷ രീതി എന്തായിരിക്കം?
കുട്ടികൾക്ക് ഒന്നും കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
അവർ അക്ഷമയോടെ ബെല്ലടിക്കാൻ കാത്തു നിന്നു.
' ഇന്ന് നമ്മൾ വിദ്യാലയത്തിനു പുറത്തേക്ക് ഒരു ചെറിയ യാത്ര പോവുന്നു. കൊണ്ടുവന്ന ഉച്ചഭക്ഷണം എല്ലാവരും കയ്യിൽ കരുതണം. മൂന്നര മണിക്കേ തിരിച്ചു വരൂ ...' ശ്രീവാമനമൂർത്തി കുട്ടികളെ അറിയിച്ചു.
കുട്ടികൾ ആഹ്ലാദ തിമർപ്പിൽ തുള്ളിച്ചാടി.
പ്രധാനാദ്ധ്യാപകന്റെ അനുമതി യാത്രാ കാര്യത്തിൽ തലേന്നു തന്നെ മാഷ് സ്വന്തമാക്കിയിരുന്നു. കുട്ടികളെ ഏവരേയും കൊണ്ടുപോകാൻ പാകത്തിൽ ഒരു വാഹനം പ്രധാനാദ്ധ്യാപകൻ സജ്ജമാക്കിയതും സൗകര്യമായി.
നഗരാതിർത്തിയിലെ ഒരു പാർക്കിലാണ് വാമനമൂർത്തി കുട്ടികളേയും കൊണ്ടുപോയത്.
അവിടെ വലിയൊരു വടവൃക്ഷ ചുവട്ടിൽ നല്ല തണലുള്ളേടത്ത് എല്ലാവരും വട്ടത്തിലിരുന്നു.
'നിങ്ങൾ ആരെങ്കിലും ഒരാൾ ചോദിക്കുന്ന ഒരു ചോദ്യത്തോടെ ഇവിടുത്തെ പരിപാടി ആരംഭിക്കാം.' ശ്രീ. വാമനമൂർത്തി നിർദ്ദേശിച്ചു.
ആരു ചോദിക്കുമൊരു ചോദ്യം - കുട്ടികൾ തെല്ലുനേരം ആലോചനയിൽ മുഴുകി.
'മാഷുടെ പേരിന് നല്ല പുതുമയുണ്ട്. ഒരാൾക്ക് ഇങ്ങിനെ ഒരു പേര് ആദ്യായിട്ട് കേൾക്കാണ്.'
കുട്ടികളുടെ പക്ഷത്തുനിന്നും ചോദ്യം ഉയർന്നു.
മാഷ്ക്ക് സന്തോഷമായി. പറയാനുദ്ദേശിച്ച വിഷയം മുൻനിർത്തിയാണ് ചോദ്യം ഉണ്ടായത്.
'വാമനാവതാരത്തെക്കുറിച്ച് നിങ്ങളെല്ലാവരും കേട്ടിട്ടില്ലേ?'
മൂർത്തി മാഷ് ആമുഖമായി ചോദിച്ചു.
'ഓ.... കേട്ടിട്ടുണ്ട്.'
ഉത്തരം ബഹളമായി.
ബഹളം നിയന്ത്രിച്ചു കൊണ്ട് മാഷ് ആരംഭിച്ചു.
' എന്റെ അമ്മേടെ അമ്മയാണത്രേ എനിക്ക് ഈ പേരിടാമെന്ന് നിർദ്ദേശിച്ചത്.'
'കൂട്ടുകാരൊക്കെ കളിയാക്കിക്കാണുമല്ലോ'
ചോദ്യം ചോദിച്ച കുട്ടി ഇടപെട്ടു.
' തുടക്കത്തിൽ അത് എന്നെ സങ്കടപ്പെടുത്തിയിരുന്നു.' മാഷ് ആരംഭിച്ചു
'പിന്നീടാണ് അമ്മമ്മ കഥ പറഞ്ഞു തന്നത്, കാര്യം വ്യക്തമാക്കിത്തന്നത്. അസൂയ മൂത്ത ദേവേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ച് മഹാവിഷ്ണു വേഷം മാറി വന്ന് ബലി ചക്രവർത്തിയെ ചതിച്ച കഥയായിരിക്കും നിങ്ങളൊക്കെ കേട്ടത് , ശരിയല്ലേ?'
വാമനമൂർത്തി കുട്ടികളോടു ചോദിച്ചു.
'അതെ വാമനൻ ബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ വർഷത്തിലൊരിക്കൽ പ്രജകളെ വന്നു കാണാൻ സമ്മതം ചോദിച്ചു.... ' ഒരു മിടുക്കൻ കഥ പൂർത്തിയാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും മറ്റൊരാൾ ഇടപെട്ടു.
'മാവേലി ഭരിച്ചിരുന്ന കാലത്ത് കള്ളമോ ചതി യോ ഒന്നുമുണ്ടായിരന്നില്ല. വാമനൻ കാണിച്ചത് വഞ്ചന തന്നെ.'
തിരുവോണാഘോഷ ശൈലികളെക്കുറിച്ചൊക്കെ ചർച്ചകൾ പിന്നേയും പലതും ഉണ്ടായി. കുട്ടികളുടെ ആവേശത്തെ മാഷ് നന്നായി പ്രോത്സാഹിപ്പിച്ചു. ഒടുവിൽ ഡോ. വാമനമൂർത്തി ഭാഗവതത്തിൽ പ്രതിപാദിക്കപ്പെട്ട യഥാർത്ഥ ഭാഗവത കഥ കുട്ടികൾക്കു പറഞ്ഞു കൊടുത്തു.
'ഇതിൽ ചതിയുണ്ടോ?, ദേവഗണങ്ങൾക്കും ദുർല്ലഭമായ സുതലത്തിൽ വാസം, സുരക്ഷയ്ക്കായി മഹാവിഷ്ണുവിന്റെ കാവൽ, ഇതൊക്കെയാണ് ശരിയായ കഥ. മറിച്ചൊന്ന് പ്രചരിതമായതെങ്ങിനെയെന്ന് മാഷ്ക്കറിയില്ല. തിരുവോണം വാമനാവതാരമൂർത്തിയുടെ ജന്മദിനമാണ്.'
ഡോ. വാമനമൂർത്തി ഒന്നു നിർത്തി.
കുട്ടികൾ പുതിയ കഥ കേട്ടു .വാമനമൂർത്തി അതിനു ശേഷം വിസ്തരിച്ച അർത്ഥ തലങ്ങൾ ആസ്വദിച്ചു. തെറ്റിദ്ധാരണകൾ നീങ്ങിയ കുട്ടികൾക്ക്‌ വാമനാവതാരത്തോടും ബലി ചക്രവർത്തിയോടും ഒരുപോലെ ആദരവുണർന്നു.
ഇതിഹാസ പുരാണ രചയിതാക്കളായ മാമുനിമാരെക്കുറിച്ചും, ത്യാഗ ധനന്മാരായ അവരുടെ അനുകമ്പാ പൂർണ്ണ ജീവിതത്തെക്കുറിച്ചും മൂർത്തി മാഷ് കുട്ടികൾക്കു വിസ്തരിച്ചു കൊടുത്തു.
'ഇനി നമുക്ക് കണ്ണടച്ചിരുന്നാലോ?' ശ്രീവാമനൻ അന്വേഷിച്ചു.
കുട്ടികൾക്കു സമ്മതം. ശരീരം അയച്ചിടാനും, ശ്വാസോച്ഛാസം സുദീർഘമാക്കാനും, ചിന്തകളെ ശ്രദ്ധിക്കാനും ഒക്കെ ക്രമമായി മാഷ്നിർദ്ദേശം കൊടുത്തു. മന്ദമാരുതന്റെ സുഖകരമായ അകമ്പടിയും, വൃക്ഷ ഛായയുടെ കുളിർമയും, കിളികളുടെ ആരവവും ഒക്കെ പ്രക്രിയയെ
വളരെ ഹൃദ്യമാക്കി.
'ഓം' എന്ന മന്ത്രം വാമനമൂർത്തി ചൊല്ലിക്കൊടുത്ത പ്രകാരം കുട്ടികൾ ആസ്വദിച്ചു ചൊല്ലി.
മാഷ് നിർദ്ദേശിച്ച പ്രകാരം ശരീരം, ഇന്ദ്രിയം , മനസ്സ്, ഇതൊക്കെ കുട്ടികൾ ശ്രദ്ധിച്ചു. അതിനുമപ്പുറത്ത് ആത്മാവ് - ബോധതത്വം..... ശ്രീ വാമന തത്വം - മാഷ് കുട്ടികളെ പ്രത്യേക അനുഭൂതി തലത്തിലേക്കുയർത്തി. അൽപസമയം അതാസ്വദിക്കാൻ അനുവദിച്ച ശേഷം ഇരിക്കുന്ന ചുറ്റുപാടിലേക്ക് അവരെ മാനസികമായി തിരിച്ചു കൊണ്ടുവന്നു.
കണ്ണ് തുറന്ന കുട്ടികൾ ഏറെ അത്ഭുതത്തോടെ ചുറ്റും നോക്കുന്നത് മാഷ് സരസം വീക്ഷിച്ചു.
പിന്നീട് വാമനമൂർത്തി "പൂർണ്ണമദഃ പൂർണ്ണമിദം " എന്നു തുടങ്ങുന്ന ശാന്തിമന്ത്രം ഗണിതശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കു പറഞ്ഞു കൊടുത്തു. ധ്യാനത്തിനു ശേഷമുള്ള പഠനം കുട്ടികൾക്ക് അനിർവ്വചനീയ അനുഭൂതി നൽകി. പൂർണ്ണതയുടെ പ്രതീകമായി പൂജ്യത്തെ പരിചയപ്പെടുത്തി. പൂജനീയ പൂജ്യമെന്ന വാമനപ്രഭു ഗണിത ശാസ്ത്രലോകത്തെ അളന്നെടുക്കുന്നതിന്റെ കഥ.......ഭാവനാപൂർണ്ണമായി, ( സാങ്കേതിക ഭാഷ വേണ്ടുംവണ്ണം ഉൾപ്പെടുത്തിയും ) മാഷ് പങ്കുവെച്ചു.
ഇനി ഉച്ചഭക്ഷണം. കുട്ടികൾ കൈകഴുകി വന്ന് വട്ടത്തിലിരുന്ന് ആഹാരം കഴിക്കുമ്പോൾ ശ്രീ. വാമനമൂർത്തിയും അവരോടൊപ്പം ചേർന്നു.. താടിയും മുടിയുമൊക്കെയായി തന്റെ വേഷ വിധാനം പൗരാണിക വിജ്ഞാനത്തോടുള്ള അഭിനിവേശം കൊണ്ടാണെന്ന കാര്യം കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.
ഭക്ഷണശേഷം മടക്കയാത്ര
വിടപറയുമ്പോൾ വാമനമൂർത്തി മാഷ് പറഞ്ഞു. 'കുട്ടികളെ നാളെ തൊട്ട് ക്ലാസ്സുകൾ School സമ്പ്രദായത്തിൽ തന്നെയായിരിക്കും.'
ശ്രീ വാമനമൂർത്തിയുടെ സവിശേഷതയാർന്ന മൂന്നാമത്തെ ക്ലാസ്സും (ആദ്ധ്യാത്മികം - മിഥ്യാഭിമാന അതിക്രമണമെന്ന അളവെടുപ്പ്) അങ്ങിനെ അവസാനിച്ചു.
വിദ്യാർത്ഥികൾക്കിനി സുതല വാസം സുഖം.
അവർക്ക് അവിടെ നിഷ്ഠ കിട്ടുംവരെ കാവൽ നിൽക്കാൻ ശ്രീ. വാമനമൂർത്തി സന്നദ്ധൻ.
അദ്ധ്യാപക ദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നല്ലോ.
ശ്രേഷ്ഠരായ അദ്ധ്യാപക വൃന്ദത്തെ സാദരം അനുസ്മരിച്ചു കൊണ്ട് ഇത് വായനക്കാർക്ക് സമർപ്പിക്കുന്നു.
(ഗുരു അഹേതുക ദയാസിന്ധു - കാരണമില്ലാ കാരുണ്യക്കടൽ, ആയിരിക്കണമെന്നും
ക്ഷേത്രവിത്ത്- വിദ്യാർത്ഥി ക്ഷേത്രത്തെ, വിദ്യാർത്ഥിയുടെ പ്രകൃതത്തെ നന്നായി അറിയുന്ന മഹാത്മാവായിരിക്കണമെന്നും ഒരു പ്രഭാഷകനിൽ നിന്നും കേട്ടിട്ടുണ്ട് )
കാലാനുസൃതമായി കഥക്ക്‌ ഒരു മതേതരത്വമുഖം നൽകാൻ മിനക്കെട്ടിട്ടില്ല. മുഴച്ചു നിൽക്കുമോ എന്ന ഭയം കൊണ്ടാണ് . വായനക്കാർ അതൊരു കുറവായി കണ്ട് കഥയെ തഴയരുതെന്ന് അപേക്ഷിക്കുന്നു. (ഈ വിദ്യാലയത്തിൽ പഠിച്ച ശ്രീ. വാമനമൂർത്തിയുടെ ശിഷ്യ വൃന്ദം ഭാവിയിൽ ആരൊക്കെയായി എന്തൊക്കെ ചെയ്യുന്നുണ്ടാവും എന്നറിയാൻ നിറയെ കൗതുകം ഉണ്ട്. നമുക്ക് വിവരങ്ങൾക്കു കാത്തിരിക്കാം )
തിരുവോണ ആശംസകളും ഇപ്പോഴേ നേരുന്നു
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: