Monday, December 04, 2017

വ്യക്തിഗതമായ താല്പര്യങ്ങള്‍ നേടാന്‍ വേണ്ടി മതം മാറുകയും രാഷ്ട്രീയപാര്‍ട്ടി മാറുകയും മറ്റൊരു രാജ്യത്തിന്‍റെ പൗരത്വം സ്വീകരിക്കുകയും എല്ലാം ചെയ്യാറുണ്ട് പലരും. അങ്ങനെ ഒരു കൂട്ടരുണ്ട്. മറ്റൊരു വിഭാഗം ഉണ്ട്, അവര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന മതത്തെക്കാള്‍ ശ്രേഷ്ഠമായത് എന്തോ മറ്റൊരു മതത്തില്‍ ഉണ്ടെന്ന് തോന്നാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശയക്കുഴപ്പവും ആന്തരികസംഘര്‍ഷവും ഉണ്ടാകുന്നു. മതം മാറണമോ? മാറിയാല്‍ സ്വസമുദായത്തില്‍ നിന്ന് പുറംതള്ളപ്പെടില്ലേ? ഇത്രയും നാള്‍ വിശ്വസിച്ച ആദര്‍ശങ്ങളില്‍ നിന്ന് എങ്ങനെയാണ് മറ്റൊന്നിലേയ്ക്ക് മാറാന്‍ സാധിക്കുക? എന്നിങ്ങനെ ആശയക്കുഴപ്പവും ആന്തരികസംഘര്‍ഷവും അനുഭവിക്കുന്ന അനവധി ആളുകള്‍ സമൂഹത്തിലുണ്ട്. എന്തിനാണ് സ്വയം ഇങ്ങനെ അസ്വസ്ഥമാകുന്നത്. നിയമപരമായോ ഔദ്യോഗികമായോ ഒരാള്‍ തന്‍റെ മതത്തില്‍ നിന്നോ തന്‍റെ രാജ്യത്തില്‍ നിന്നോ മറ്റൊരു പേരിലേയ്ക്കു മാറി എന്നും പറഞ്ഞ് അയാളുടെ സംസ്ക്കാരം മാറാന്‍ പോകുന്നില്ല. സംസ്ക്കാരം രൂപപ്പെടുന്നത് പേരുമാറുന്നതോടൊപ്പം സംഭവിക്കുന്ന ദ്രുതചലനം അല്ല. അത് കാലങ്ങള്‍കൊണ്ടു സംഭവിക്കുന്നതാണ്. അതിനാല്‍ നമുക്ക് മറ്റൊരു സംസ്ക്കാരത്തിന്‍റെ അടയാളങ്ങളായ ഏതെങ്കിലും പ്രാര്‍ത്ഥനയിലോ ആചാരങ്ങളിലോ മന്ത്രങ്ങളിലോ ജപങ്ങളിലോ ധ്യാനത്തിലോ ഗ്രന്ഥങ്ങളിലോ ഗുരുക്കന്മാരിലോ ആശ്രമങ്ങളിലോ ആചാരങ്ങളിലോ നാമങ്ങളിലോ രൂപങ്ങളിലോ താല്പര്യം തോന്നുന്നു എങ്കില്‍ സ്വന്തം സംസ്ക്കാരത്തില്‍ അടിയുറച്ചു നിന്നു കൊണ്ടു തന്നെ പുതിയതിനെ കൂടി സ്വീകരിക്കുകയാണ് വേണ്ടത്. അത് കൊട്ടിഘോഷിക്കേണ്ട ആവശ്യവും വരുന്നില്ല. സ്വീകരണവും നിരാകരണവും നടക്കുന്നത് അവനവന്‍റെ അന്തരംഗത്തിലാണ്. അത് ലോകം അറിയേണ്ടകാര്യമില്ല. ഇപ്പോള്‍ വിശ്വസിക്കുന്ന മതങ്ങളില്‍ നമുക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉള്ളതായി തോന്നിയാല്‍ ആയതിനെ സ്വന്തം മനസ്സില്‍ നിന്ന് പുറംതള്ളിയും പുതുതായി കിട്ടുന്ന ആദര്‍ശങ്ങളുടെ നന്മകളെ സ്വീകരിച്ചും സ്വയം നവീകരിക്കുകയുമാണ് അഭികാമ്യം. അതിലൂടെ നമ്മളും വളരും, നമ്മിലൂടെ നാം വിശ്വസിക്കുന്ന നിലവിലുള്ള മതവും സംസ്ക്കരിക്കപ്പെടും. തിന്മയെയും പാരതന്ത്ര്യത്തെയും സ്വയം അറിഞ്ഞ് തിരസ്ക്കരിക്കുകയും നന്മയെയും സ്വാതന്ത്ര്യത്തെയും സ്വയം അറിഞ്ഞ് സ്വീകരിക്കുകയും ചെയ്യുന്നിടത്താണ് സംസ്ക്കാരം ഉയര്‍ച്ചയെ പ്രാപിക്കുന്നത്. ഇത് നമ്മുടെ ആന്തരികമായ ചലനമാണ്, സംസ്ക്കാരം ആന്തരികമായതിനാല്‍ അതിനെ തടഞ്ഞുനിര്‍ത്തി കളങ്കപ്പെടുത്താന്‍ പുറത്തുനിന്ന് ഒരു ശക്തിക്കും സാധിക്കില്ല. അതിനാല്‍ നാം ജനിച്ചു വളര്‍ന്ന മതത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുക എന്ന ചിന്ത ഒരു മതവിഭാഗക്കാരും ചിന്തിക്കാതിരിക്കുകയാണ് വേണ്ടത്. പകരം സ്വന്തം മതത്തില്‍ സ്വയം വിപരീതമായതിനെ ഉപേക്ഷിച്ചും അനുകൂലമായതിനെ നിലനിര്‍ത്തിയും മറ്റൊന്നില്‍ നിന്നു കിട്ടുന്ന അനുകൂലമായവയെ കൂടി ഉള്‍പ്പെടുത്തിയും പരിഷ്ക്കരിക്കണം.
ജാതിവ്യവസ്ഥിതിയിലെ ആനാചാരങ്ങളെ എപ്രകാരമാണോ ഇല്ലാതാക്കിയത് അതു പോലെതന്നെ ഇപ്പോള്‍ കാണുന്ന മതങ്ങളുടെ പേരിലുള്ള അവകാശവാദങ്ങളും അതാതു മതങ്ങളുടെ കുഴപ്പങ്ങളും അതാതു സംസ്ക്കാരത്തിലുള്ളവര്‍ തന്നെ പരിഷ്ക്കരിക്കണം. മതങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും സ്വന്തം ആന്തരിക സംസ്ക്കാരത്തെ സ്വയം അടര്‍ത്തിമാറ്റുക. എന്നിട്ട് നല്ല വശങ്ങളെ നിലനിര്‍ത്തിയും നല്ലതിനെക്കൂടി സ്വീകരിച്ചും സ്വയം പരിഷ്ക്കരിച്ച് അത് സ്വന്തം മക്കളിലൂടെ സംക്രമിക്കട്ടെ.
സ്വതന്ത്രമായ ആദ്ധ്യാത്മികതയെ മാറോടു ചേര്‍ത്തുവയ്ക്കുക. മതങ്ങളുടെ ഭയപ്പെടുത്തലുകളില്‍ നിന്നും മതങ്ങളുടെ അധികാരനിയന്ത്രണങ്ങളില്‍ നിന്നും വ്യക്തിയെയും കുടുംബത്തെയും സ്വതന്ത്രരാക്കുക. ഈ സ്വാതന്ത്ര്യം ആന്തരികമാണ്. സംസ്ക്കാരവും അതെ...krishnakumar

No comments: