Monday, November 20, 2017

ഉദശരാവ ആത്മാനമവേക്ഷ്യ യദാത്മനോ ന വിജാനീഥസ്തന്മേ പ്രബ്രൂതമിതി തൌ ഹോദശരാവേ-വേക്ഷാംചക്രാതേ തൌ ഹ പ്രജാപതിരുവാച കിം പശ്യഥ ഇതി തൌ ഹോചതുഃ സർവേമേവേദമാവാം
ഭഗവ ആത്മാനം പശ്യാവ ആ ലോമഭ്യ ആ നഖേഭ്യഃ പ്രതിരൂപമിതി. -1.
തൌ ഹ പ്രജാപതിരുവാച സാധ്വലംകൃതൌ സുവസനൌ പരിഷ്കൃതൌ
ഭൂത്വോദശരാവേ-വേക്ഷാംചക്രാതേ തൌ ഹ പ്രജാപതിരുവാച കിം പശ്യഥ ഇതി.-2.
(ദേവേന്ദ്രനും രാക്ഷസരാജാവായ വിരോചനനും കൂടി പ്രജാപതിയിൽ നിന്നും ജ്ഞാനം സമ്പാദിക്കുന്നതിലേക്കായി അദ്ദേഹത്തിൻ്റെ വാസസ്ഥലമായ ബ്രഹ്മപുരിയിലെത്തി ശിഷ്യന്മാരായി ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ടു 22 വർഷകാലം പ്രജാപതിക്കു സേവ ചെയ്തു. ഒരു ദിവസം പ്രജാപതി ഇവരോടു ഇപ്രകാരം ചോദിച്ചു - 'നിങ്ങൾ എന്തു ലഭിക്കുമെന്നു ആഗ്രഹിച്ചാണോ ഇവിടെ താമസ്സിച്ചതു, അതു ചോദിക്കുവാൻ സമയമായി'. അപ്പോൾ, ദേവന്മാരുടേയും അസുരന്മാരുടേയും രാജാക്കന്മാർ ഒരുമിച്ചു പറഞ്ഞു, 'പാപങ്ങൾ ബാധിക്കാത്ത, വാർദ്ധക്യവും, മരണവും ദുഃഖവുമില്ലാത്ത, വിശപ്പും ദാഹവുമില്ലാത്ത സത്യസങ്കല്പവും സത്യകാമനുമായി, എല്ലാ ലോകങ്ങളും എല്ലാവിധ സുഖഭോഗങ്ങളും അനുഭവിക്കുവാൻ നൽകുന്നതുമായ ആത്മതത്വം അറിയുന്നതിലേക്കാണു ഞങ്ങൾ ഇത്രകാലവും ഇവിടെ താമസ്സിച്ചതു'. പ്രജാപതി ഇവർ രണ്ടുപേരോടുമായി പറഞ്ഞു- മനുഷ്യ നേത്രങ്ങളാൽ കാണുന്ന ഇതു ആത്മാവാണു. ഇതു മരണമില്ലാത്തതും അഭയവുമായ ബ്രഹ്മമാകുന്നു. പ്രജാപതിയുടെ വാക്കുകളുടെ അർഥം മനസ്സിലാക്കാതെ ദേവേന്ദ്രനും വിരോചനനും, കണ്ണുകളിൽ വീഴുന്ന നിഴലിനെയാണു പ്രജാപതി ആത്മാവായി വിശേഷിപ്പിച്ചതെന്നു കരുതി സംശയം ചോദിച്ചു- ഭഗവാനേ, ജലത്തിൽ എല്ലാഭാഗത്തുനിന്നും കാണപ്പെടുന്നരൂപമാണോ, കണ്ണാടിയിൽ പ്രതിബിംബമായി കാണുന്നതാണോ, ഇതിൽ ഏതാണു ആത്മാവു?.)
അപ്പോൾ പ്രജാപതി പറഞ്ഞു - 'ഞാൻ ഏതൊരു മനുഷ്യ നേത്രത്തെയാണോ പറഞ്ഞതു ആ കണ്ണുകളാണു ഇതിലെല്ലാം ആന്തരികമായി സ്ഥിതി ചെയ്യുന്നതു.' 'ജലത്തിലെ പ്രതിബിംബത്തെ വീക്ഷിച്ച ശേഷവും ആത്മതത്വം അറിയുവാൻ കഴിയുന്നില്ലെങ്കിൽ എന്നെ സമീപിക്കുക'. ഈ ഉപദേശം ലഭിച്ചശേഷം, ദേവേന്ദ്രനും വിരോചനനും കൂടി ഒരു പാത്രത്തിൽ നിറയെ ജലം സംഭരിച്ചു അതിൽ കാണുന്ന പ്രതിബിംബം നോക്കിനിന്നു. അപ്പോൾ പ്രജാപതി ചോദിച്ചു, 'നിങ്ങൾ എന്താണു കാണുന്നതു?'. അവർ രണ്ടുപേരും കൂട്ടായി പറഞ്ഞു, 'ഞങ്ങൾ മുടിമുതൽ നഖം വരെയുള്ള ഞങ്ങളുടെ രൂപം എങ്ങനെയാണോ അതിൻ്റെ പ്രതിരൂപം അങ്ങനെതന്നെ കാണുന്നു'.
ഇതിനു ശേഷം, പ്രജാപതി അവർ രണ്ടുപേരോടുമായി പറഞ്ഞു, 'നിങ്ങൾ ഇപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുക അതോടൊപ്പം നഖവും മുടിയുമെല്ലാം മുറിച്ചു പരിഷ്കാരികളായശേഷം വീണ്ടും ജലത്തിൽ നോക്കുക''. അവർ അപ്രകാരം ചെയ്തു കഴിഞ്ഞപ്പോൾ പ്രജാപതി പഴയ ചോദ്യം വീണ്ടും ആവർത്തിച്ചു 'എന്തു കാണുന്നു?'.

No comments: