Saturday, December 02, 2017

ഈശ്വരന്‍ നമുക്ക് പലവിധത്തിലുള്ള വര ങ്ങള്‍ നല്‍കിയിട്ടുണ്ട്.  എന്നാല്‍ അവയുടെയൊക്കെപ്പേരില്‍ ഞാന്‍ മറ്റുള്ളവരേക്കാള്‍ കേമനാണെന്ന തോന്നല്‍ അറിയാതെ പലപ്പോഴും വരാറുണ്ട്. ലോകജീവിതത്തിലായാലും ആദ്ധ്യാത്മിക ജീവിതത്തിലായാലും  ”ഞാന്‍ കേമത്തം” നമ്മുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ തടസ്സമാണ്. നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുകയും എന്നാല്‍ നമ്മുടെ അഹങ്കാരത്തെ ഏറ്റവുമധികം വെറുക്കുകയും ചെയ്യുന്ന ആളാണ് ഈശ്വരന്‍ അല്ലെങ്കില്‍ ഗുരു.
ഒരു ഭക്തന്റെ ഉള്ളില്‍ അഹംഭാവം വളരുന്നതു കണ്ടാല്‍ തല്‍ക്ഷണം അതിനെ ഇല്ലാതാക്കാന്‍ ഈശ്വരന്‍  വേണ്ടത് ചെയ്യും.  ഒരിക്കല്‍ നാരദന്‍ ചിന്തിക്കാന്‍ തുടങ്ങി, മൂര്‍ത്തിത്രയം പോലും മായയില്‍ കുടുങ്ങി. എന്നാല്‍ അതിനെ ജയിച്ചവനായി താന്‍ മാത്രമേയുള്ളൂ.  ഇക്കാര്യം പരമശിവനെ കണ്ടവേളയില്‍ തുറന്നു പറയാനും നാരദന്‍ മടിച്ചില്ല. അപ്പോള്‍ ശിവന്‍ നാരദനെ ഉപദേശിച്ചു. ”നീ എന്നോടു പറഞ്ഞതിരിക്കട്ടെ. ഇക്കാര്യം വിഷ്ണു അറിയണ്ട.” പക്ഷേ, ഇക്കാര്യം താന്‍ വിഷ്ണുവിനോടു പറയുകതന്നെ ചെയ്യുമെന്നു നാരദന്‍ മനസ്സിലുറച്ചു. എന്നാല്‍ വൈകുണ്ഠത്തിലെത്തിയപ്പോള്‍ മറ്റു പല വിഷയങ്ങള്‍ക്കിടയില്‍ ഇക്കാര്യം പറയാന്‍ മറന്നുപോയി. തുടര്‍ന്ന് യാത്രയ്ക്കിടയില്‍  നാരദന്‍ ഭൂമിയില്‍ വലിയ ആഘോഷങ്ങള്‍ കണ്ട് എന്താണെന്നറിയാനായി അവിടേക്കുചെന്നു. അവിടെ ഒരു രാജകുമാരിയുടെ സ്വയംവരം നടക്കുകയാണ്.  രാജകുമാരിയാകട്ടെ  ഹരിയെയല്ലാതെ മറ്റൊരാളെ പതിയായി സ്വീകരിക്കില്ലെന്ന വ്രതം സ്വീകരിച്ചിരിക്കുകയാണ്.
രാജകുമാരിയെ കണ്ടപ്പോള്‍ നാരദന് അവളില്‍ ആഗ്രഹമുദിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല വേഗം ഭഗവാനെ പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി.  നാരദന്‍ പറഞ്ഞു ”ഭഗവാനേ, അടിയന് ഹരിയുടെ മുഖസൗന്ദര്യം നല്‍കി അനുഗ്രഹിക്കണം.” ഭഗവാന്‍ ”അങ്ങനെയാകട്ടെ” എന്ന് നാരദനെ അനുഗ്രഹിച്ചു. വളരെ സന്തോഷത്തോടെ നാരദന്‍ നേരെ  സ്വയംവരത്തിനായി ഊഴംകാത്തുനില്‍ക്കുന്ന രാജാക്കന്മാരുടെ ഇടയില്‍ പോയിരുന്നു. വരണമാല്യവുമായി രാജകുമാരി ഓരോരുത്തരെയും വീക്ഷിച്ചശേഷം നടന്നുനീങ്ങുമ്പോള്‍ നാരദനു സന്തോഷം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ”സംശയമില്ല, ഹരിയുടെ മുഖം  ദര്‍ശിക്കുന്ന രാജകുമാരി മാല എന്റെ കഴുത്തില്‍ തന്നെ അണിയിക്കും.” ഒടുവില്‍ രാജകുമാരി നാരദരുടെ മുന്നിലെത്തി. പക്ഷേ,  നാരദനെ ഒന്നു നോക്കിയതും, മുഖംവെട്ടിത്തിരിച്ച് അടുത്തയാളുടെ സമീപത്തേക്കു നടന്നു.ഇതുകണ്ട് എല്ലാവരും നാരദനെ നോക്കി ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. നാരദനു സങ്കടവും ദേഷ്യവും സഹിക്കവയ്യാതെയായി. വേഗം അവിടെനിന്നും പുറത്തുകടക്കുമ്പോള്‍ കൊട്ടാരത്തിലെ ഒരു കണ്ണാടിയില്‍ നാരദന്‍ തന്റെ മുഖം കണ്ടു.
അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. ഒന്നുകൂടി നോക്കി. അപ്പോള്‍ പൊട്ടിക്കരയണമെന്നു തോന്നി. തന്റെ മുഖം  ഒരു കുരങ്ങിന്റെ മുഖം പോലെ ആയിരിക്കുന്നു! വിഷ്ണുവിന്റെ ചതിയോര്‍ത്തു ദേഷ്യത്തോടെ നേരെ വൈകുണ്ഠത്തിലേക്കു പുറപ്പെട്ടു. അവിടുത്തെ കാഴ്ച കണ്ടപ്പോഴാണ് തന്റെമുഖം വികൃതമാക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യം നാരദനു മനസ്സിലായത്. വിഷ്ണുവിന്റെ ഇടതുവശത്ത് ആ രാജകുമാരി ഇരിക്കുന്നു! നാരദന്‍ പൊട്ടിത്തെറിച്ചു. ഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”നാരദരേ, ഞാനൊരു ചതിയും ചെയ്തില്ല. നീ ഹരിയുടെ മുഖം വേണമെന്ന് ആവശ്യപ്പെട്ടു. ഞാനതു നല്‍കി. ‘ഹരി’ എന്ന ശബ്ദത്തിന് കുരങ്ങ് എന്നൊരു അര്‍ത്ഥമുള്ള കാര്യം നിനക്കറിയാമല്ലോ.” അപ്പോള്‍ മാത്രമാണു നാരദനു തനിക്കു പിണഞ്ഞ അബദ്ധം മനസ്സിലായത്. ഭഗവാന്‍ തുടര്‍ന്നു, ”നാരദരെ, നീ നിത്യബ്രഹ്മചാരിയാണ്. ത്രിമൂര്‍ത്തിത്രയത്തിനും മേലെയാണ്  എന്നൊക്കെയുള്ള ഒരു ഭാവം നിന്നിലുണ്ടായിരുന്നില്ലേ. അതൊക്കെ ഇപ്പോള്‍ എവിടെ? ഒരു പെണ്ണിന്റെ മുന്നില്‍ എല്ലാം നഷ്ടമായില്ലേ! അഹങ്കാരം കൊണ്ടാണതു സംഭവിച്ചത്.
ആ അഹങ്കാരത്തില്‍ നിന്നും നിന്നെ രക്ഷിക്കുകയാണു ഞാന്‍ ചെയ്തത്”  നാരദന്റെ ശിരസ്സ് ലജ്ജകൊണ്ടു കുനിഞ്ഞു. താനെത്ര ദുര്‍ബ്ബലനായിപ്പോയി!! പശ്ചാത്താപത്താല്‍ നാരദന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹത്തിന്റെ അഹംഭാവം കണ്ണുനീരില്‍ അലിഞ്ഞില്ലാതെയായി. നാരദന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഭഗവാന്റെ സമീപം ആ രാജകുമാരിയെ കാണാനില്ല, പകരം ലക്ഷ്മീദേവിയാണുള്ളത്. തന്റെ അഹങ്കാരത്തെ ഇല്ലാതാക്കാനാണ് ഭഗവാന്‍ ഈ നാടകമെല്ലാം കാട്ടിയതെന്നു നാരദനു ബോദ്ധ്യമായി. ഒരു പൂന്തോട്ടത്തിലെ ചെടികളും പൂക്കളുമെല്ലാം പുഴുക്കള്‍ തിന്നു നശിപ്പിക്കുന്നതുകണ്ടാല്‍ തോട്ടം സൂക്ഷിപ്പുകാരന്‍ ഉടന്‍തന്നെ ആ പുഴുക്കളെ എങ്ങനെയെങ്കിലും നശിപ്പിക്കും. ഇതുപോലെ ശിഷ്യമനസ്സില്‍ അഹങ്കാരമാകുന്ന സര്‍പ്പം ഫണമുയര്‍ത്തുമ്പോഴെല്ലാം അതിനെ ചവിട്ടിത്താഴ്ത്താന്‍ ഗുരു ജാഗരൂകനാണ്.
ഗുരു അങ്ങനെ ചെയ്യുമ്പോള്‍ ശിഷ്യനു നന്നായി വേദനിക്കാം. എന്നാല്‍ ശിഷ്യന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണ് ഗുരു അങ്ങനെ ചെയ്യുന്നത്. ഒരു പാറക്കല്ലിലെ അനാവശ്യഭാഗങ്ങള്‍ അടര്‍ത്തിക്കളയുമ്പോഴാണല്ലോ അതിലുള്ള ഈശ്വരരൂപം തെളിയുന്നത്. അതുപോലെ ശിഷ്യനിലെ അഹങ്കാരത്തെക്കളഞ്ഞ് അവനെ ആനന്ദസ്വരൂപത്തിലേക്ക് ഉയര്‍ത്തുകയാണ് ഗുരുവിന്റെ ലക്ഷ്യം. എന്നാല്‍ അത് സാദ്ധ്യമാകണമെങ്കില്‍ വിനയവും സമര്‍പ്പണഭാവവും ശിഷ്യനിലുണ്ടാവണം. മക്കള്‍ക്ക് അതുണ്ടാവട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news746808#ixzz5091VH7up

No comments: