Saturday, December 02, 2017

സ്വര്‍ലോകത്തെത്താന്‍ സഹായിക്കുന്ന അഗ്‌നിവിദ്യയെ തനിക്കറിയാമെന്നും നചികേതസ്സിന് ഉപദേശിക്കാമെന്നും യമന്‍ ഉറപ്പുനല്‍കുന്നു. ഈ അറിവ് വിദ്വാന്മാരുടെ ബുദ്ധിയാകുന്ന ഗുഹയില്‍ ഇരിക്കുന്നതാണ്. ഈ അറിവിനെ ബുദ്ധികൊണ്ടറിയണം. ലോകങ്ങള്‍ക്ക് ആദിയായ ആ അഗ്‌നിയെ മൃത്യു, നചികേതസ്സിന് പറഞ്ഞുകൊടുത്തു. അഗ്‌നി ചയനം ചെയ്യാന്‍ വേണ്ട ഇഷ്ടികകള്‍ എത്രയാണെന്നും എങ്ങനെ ചയനം ചെയ്യണമെന്നും പഠിപ്പിച്ചു. നചികേതസ്സ് അവ മനസ്സിലാക്കി തിരിച്ചുപറഞ്ഞു. ഇതു കേട്ടപ്പോള്‍ യമന്‍ വളരെ സന്തുഷ്ടനായി. ഇനിയും വരം കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ട് യമന്‍ പറഞ്ഞു. ഈ അഗ്‌നി നിന്റെ പേരില്‍ പ്രസിദ്ധമാകും. നാചികേതാഗ്‌നി എന്നറിയപ്പെടും. അനേക രൂപങ്ങളോടുകൂടിയ വിചിത്രമായ, ശബ്ദമുണ്ടാക്കുന്ന രത്‌നമാലയേയും സ്വീകരിക്കാന്‍ യമന്‍ ആവശ്യപ്പെട്ടു.
നാചികേതാഗ്‌നിയെ മൂന്നുതവണ ചയനം ചെയ്ത് അമ്മ, അച്ഛന്‍, ആചാര്യന്‍ എന്നിവരില്‍നിന്ന് അനുശാസന ലഭിച്ച് മൂന്ന് തരത്തിലുള്ള കര്‍മ്മങ്ങളെ ചെയ്യുന്നവന്‍ ജനനമരണങ്ങളെ മറികടക്കുന്നു. ബ്രഹ്മത്തില്‍ നിന്നും ആദ്യം ഉണ്ടായതും സര്‍വ്വജ്ഞനും എല്ലാവര്‍ക്കും സ്തുതിക്ക് അര്‍ഹനും ജ്യോതിസ്വരൂപനുമായ ഈ അഗ്‌നിയെ അറിഞ്ഞ് സ്വന്തം ആത്മാവായി സാക്ഷാത്കരിക്കുമ്പോള്‍ ശാന്തിയെ നേടാം.
നാചികേതാഗ്‌നിയെ ചയനം ചെയ്തവരേയോ അല്ലെങ്കില്‍ ആ അഗ്‌നിയെ അധ്യയനം ചെയ്യുകയും അനുഷ്ഠിക്കുകയും ചെയ്തയാളാണ് ത്രിണാചികേതസ്സ്. യാഗം, അധ്യയനം, ദാനം എന്നിവയാണ് അനുഷ്ഠിക്കേണ്ട മൂന്ന് കര്‍മ്മങ്ങള്‍. കര്‍മ്മത്തേയും ഉപാസനയേയും സമന്വയിപ്പിക്കുന്ന ഈ മന്ത്രത്തില്‍ ആദ്യം അഗ്‌നിചയനം ചെയ്യുന്നതിനേയും പിന്നീട് ആ അഗ്‌നിയെ ആത്മാവായി സാക്ഷാല്‍ക്കരിക്കാനുള്ള ഉപാസനയുമാണ് പറഞ്ഞത്. ബാഹ്യ ആരാധന പിന്നീട് ആന്തരീകമായ ഉപാസനയായി മാറണം. ത്രിഭിഃ ഏത്യ എന്നതിന് ശ്രുതി, സ്മൃതി, ശിഷ്ടജനം എന്നോ പ്രത്യക്ഷം, അനുമാനം, ആഗമം എന്നോ അര്‍ത്ഥമെടുക്കണമെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ നിര്‍ദ്ദേശിക്കുന്നു.
നാചികേതാഗ്‌നിയെ അറിഞ്ഞവനും ചയനം ചെയ്തവനുമായ ആള്‍ അല്ലെങ്കില്‍ മൂന്ന് തവണ നാചികേതാഗ്‌നി യാഗം ചെയ്തയാള്‍ ആ അഗ്‌നിയെ ആത്മസ്വരൂപത്തില്‍ ഉപാസിച്ചാല്‍ ശരീരം വീണുപോകും മുമ്പുതന്നെ മൃത്യുപാശങ്ങളായ അധര്‍മ്മം, അജ്ഞാനം, രാഗം, ദ്വേഷം മുതലായവയെ നീക്കി ദുഃഖങ്ങളൊന്നുമില്ലാതെ വൈരാജമെന്ന സ്വര്‍ഗ്ഗത്തില്‍ വിരാട് രൂപത്തില്‍ ആനന്ദിക്കും. കര്‍മ്മത്തെ ഉപാസനയാക്കുന്ന രീതിതന്നെയാണ് ഇവിടെയും. വിരാട് പദപ്രാപ്തിയാണ് ഉപാസകരുടെ ഫലം.
സ്വര്‍ല്ലോകപ്രാപ്തിക്ക് സാധകമായ ആ അഗ്‌നിവിദ്യ നചികേതസ്സിന് ലഭിച്ചുവെന്നും നചികേതസ്സിന്റെ പേരില്‍ ഈ അഗ്‌നിയെ ആളുകള്‍ അറിയുകയും ആദരിക്കുകയും ചെയ്യുമെന്ന് 19-ാം മന്ത്രത്തില്‍ യമന്‍ ഉറപ്പ് കൊടുക്കുന്നു. അഗ്‌നിക്ക് നചികേതസ്സിന്റെ പേരു നല്‍കിയതും മറ്റും താന്‍ നേരത്തെ വാക്ക് നല്‍കിയ മൂന്നു വരങ്ങള്‍ക്ക് പുറമെയാണ് എന്ന് ഈ മന്ത്രം സൂചിപ്പിക്കുന്നു. മൂന്നാമത്തെ വരം ഇനി ചോദിച്ചുകൊള്ളൂ എന്നാണ് യമന്‍ നചികേതസ്സിനോട് ഈ മന്ത്രത്തിന്റെ അവസാനം പറയുന്നത്.
നചികേതസ്സ് മൂന്നാമത്തെ വരം ചോദിക്കുന്നു-
യേയം പ്രേതേ വിചികിത്‌സാമനുഷ്യേ
അസ്തീത്യേകേ നായമസ്തീതി ചൈകേ
ഏതദ് വിദാ മനു ശിഷ്ടസ്ത്വയാഹം
വരാണാമേഷ വരസ്തൃതീയഃ
മരിച്ചുപോയ മനുഷ്യനെപ്പറ്റി അയാള്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള വിരുദ്ധങ്ങളായ അഭിപ്രായം ഉള്ളതിനാല്‍ ഇനിയുള്ള സംശയത്തിന് പരിഹാരം ഉണ്ടാകാന്‍ അങ്ങയുടെ ഉപദേശം ഉണ്ടാകണമെന്ന് മൂന്നാമത്തെ വരമായി യമനോട് നചികേതസ്സ് ചോദിക്കുന്നു. മരണാനന്തരം ജീവിതവുമായി ബന്ധപ്പെട്ട ഈ ചോദ്യം ആത്മവിദ്യാ ഉപദേശത്തിന് വഴിയൊരുക്കാന്‍ വേണ്ടിയാണ് ഉപനിഷത്ത് ഉന്നയിച്ചിട്ടുള്ളത്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയ്ക്കപ്പുറം ദേഹസംബന്ധിയായ ഒരു ആത്മാവുണ്ട് എന്ന് ചിലര്‍. ശരീരമല്ലാതെ വേറെ ‘ആത്മാവ്’ എന്ന ഒന്നില്ലെന്ന് മറ്റു ചിലര്‍. ഇന്ദ്രിയങ്ങളല്ലാതെ വേറൊരു ആത്മാവില്ലെന്ന് മറ്റാളുകള്‍ മനസ്സല്ലാതെ മറ്റൊരു ആത്മാവില്ലെന്ന് വേറെ കൂട്ടര്‍. ബുദ്ധിയല്ലാതെ വേറെയൊന്ന് ആത്മാവാകില്ലെന്ന് ഒരു വിഭാഗം. ഇക്കാര്യത്തിലുള്ള സംശയം തീര്‍ക്കണം. മരണശേഷം ആത്മാവ് അവശേഷിക്കുന്നില്ലെന്ന് കരുതുന്നവരും, ആത്മാവുണ്ട് പിന്നീടും എന്ന് ഉറപ്പുള്ളവരും ഉണ്ട്. ഇതില്‍ വാസ്തവത്തെ പറഞ്ഞുതരണമെന്നാണ് നചികേതസ്സിന്റെ ആവശ്യം. മരണാനന്തര ജീവിതത്തെ വിശകലനം ചെയ്യുന്നതിലൂടെ ആത്മതത്ത്വത്തെ അറിയലാണ് കഠോപനിഷത്ത് ചെയ്യുന്നത്. തനിക്ക് ആത്മവിദ്യയെ ഉപദേശിച്ചുതരണമെന്നാണ് മൂന്നാമത്തെ വരമായി നചികേതസ്സ് യമനോട് ആവശ്യപ്പെടുന്നത്.
ആത്മാവിന്റെ നിത്യതയും സത്യതയും, ആത്മസ്വരൂപം, പരമലക്ഷ്യത്തിലെത്തിച്ചേരേണ്ടതിനു വേണ്ടതായ സാധനാ മാര്‍ഗ്ഗങ്ങള്‍ എന്നിവയെയാണ് ഈ ചോദ്യത്തിലൂടെ ഉത്തരം കണ്ടെത്തുന്നത്. മുമ്പ് വാങ്ങിയ രണ്ട് വരങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് മൂന്നാമത്തെ വരം എന്നും ഇവിടെ കാണിക്കുന്നു


ജന്മഭൂമി: http://www.janmabhumidaily.com/news746810#ixzz5091i1QYK

No comments: