Thursday, September 22, 2016

ഗുരുവും ശിഷ്യനും ഭഗവാനും ഭക്തനും
**********************************************************
ഗുരുവിന്‍റെ അഹൈതുകകൃപകൊണ്ടാണ്‌ ഒരുവന്‍ ആത്മതത്വം സാക്ഷാത്ക്കരിച്ച് നിത്യാനന്ദമനുഭവിക്കാന്‍ കഴിയുന്നത്‌. ഗുരു ഈശ്വര തുല്യനാണ്. അതുകൊണ്ടുതന്നെ ശിഷ്യന്‍റെ കീര്‍ത്തിയും പ്രശസ്തിയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. വാമനമൂര്‍ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോള്‍ ബലിയുടെ ഗുരുവായ ശുക്രാചാര്യര്‍ പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു നരകത്തേയോ സ്ഥാനഭ്രംശത്തേയോ മരണത്തെയോ ഞാന്‍ ഒട്ടും തന്നെ ഭയപ്പെടുന്നില്ല. എന്നാല്‍ ബ്രഹ്മജ്ഞരെ അപമാനിക്കുന്നതിന് ഞാന്‍ ഭയപ്പെടുന്നു എന്ന ബലിയുടെ വാക്കുകള്‍ അദ്ദേഹത്തിന്‍റെ മഹാത്മാക്കളോടുള്ള ബഹുമാനത്തെ മനസ്സിലാക്കിത്തരുന്നു. യഗാദികള്‍ക്കൊണ്ട് യാതോരുത്തനെ സത്തുക്കള്‍ സമാരാധിക്കുന്നുവോ ആ വിഷ്ണുവാണ് എന്‍റെ മുന്‍പി്ല്‍ വന്ന് യാചിക്കുന്നത്‌ എങ്കില്‍ ഭഗവാനാഗ്രഹിക്കുന്ന ഭൂമി ഞാന്‍ ദാനം ചെയ്യും എന്ന പ്രസ്താവന അദ്ദേഹത്തിന്‍റെ ഭക്തിയേയും ഉറച്ച സത്യസന്ധതയേയും മനസ്സിലാക്കി തരുന്നു. ഭാഗവതത്തില്‍ ഋഷഭോപദേശത്തില്‍ പറയുന്നു, ഭഗവാനില്‍ നിന്നും വിപരീതമായി നില്ക്കാന്‍ പറയുന്ന ഗുരു ഗുരുവല്ല എന്ന്.(ഗുരൂര്‍ ന്ന സ സ്യാത്‌ ) ഭഗവത് വിപരീതമായി പറയുന്നത് ഗുരുവയാല്‍പ്പോലും സ്വീകരിക്കേണ്ടതില്ല എന്ന ആ ഉപദേശത്തെ ബലി ഇവിടെ പ്രാവര്‍ത്തികമാക്കി. ശിഷ്യന്‍റെ ഈ മഹത്വത്തെ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ ആയിരുന്നു ശുക്രാചാര്യരുടെ ഉദ്ദേശം. നീ സര്‍വ്വ ഐശ്വര്യത്തില്‍ നിന്നും ഭ്രഷ്ടനായി തീരട്ടെ എന്ന ശുക്രാചാര്യരുടെവാക്കുകള്‍ ശാപമായി തോന്നാമെങ്കിലും അത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. ഞാന്‍ എന്‍റെ എന്നീ മനോഭാവത്തോടെ ലൌകികമായി നേടിയതെല്ലാം ഉപേക്ഷിക്കുമ്പോള്‍ മാത്രമേ മനശ്ശുദ്ധി വന്ന് ആത്മ സാക്ഷാത്ക്കാരം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ടി ശുക്രാചാര്യര്‍ ശിഷ്യനെ പരോക്ഷമായി അനുഗ്രഹിക്കുകയായിരുന്നു. ഇത്രയും സല്‍ഗുനണസമ്പന്നനായ ബലിയില്‍ ഉണ്ടായിരുന്ന ദോഷം സര്‍വ്വ നാശത്തിനും കാരണമായേക്കാവുന്ന അഹങ്കാരമായിരുന്നു. അതിനു മുന്‍പിലാണ് ഭഗവാന്‍ ത്രിവിക്രമ സ്വരൂപനായി നിന്നത്. ഭക്തന് ഒരിക്കലും ച്യുതി ഉണ്ടാകാന്‍ അനുവദിക്കില്ല എന്നതാണ് ഭഗവാന്‍റെ മതം. ഹേ ബലേ ! നിന്‍റെ അഹങ്കരത്തെക്കാള്‍ എത്രയോ വലിയതാണ് എനിക്ക് നിന്നോടുള്ള സ്നേഹ വാത്സല്യം എന്ന് കാണിച്ചുകൊണ്ട് ഭഗവാന്‍ കാരുണ്യത്തിന്‍റെ മൂര്‍ത്തീ രൂപം കൈക്കൊണ്ട് നിന്നു.
സര്‍വ്വം ഭഗവാന് സമര്‍പ്പിക്കുകയെന്ന മഹത്തായ കര്‍മ്മം ചെയ്തപ്പോള്‍ ബലി മഹാബലി ആയിത്തീർന്നു . സര്‍വ്വ സമര്‍പ്പംണം ചെയ്ത ഭക്തന് ഭഗവാന്‍ തന്‍റെ കാരുണ്യത്തിന്‍റെ മൂര്‍ത്തീ ഭാവമായി ത്രിവിക്രമ സ്വരൂപം കാണിച്ചു കൊടുത്തു .അത് കണ്ട മഹാബലി അഹന്ത നശിച്ച് നിര്‍മ്മല ഹൃദയത്തോടെ ഭഗവല്‍ പദങ്ങളെ തന്‍റെ ശിരസ്സിലേറ്റിക്കൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. “അഹം ഭക്ത പരാധീന “ എന്ന് ഭഗവാന്‍ അംബരീക്ഷ ചരിതത്തില്‍ ദുര്‍വ്വാസാവ് മഹര്‍ഷിഹയോട് പറയുന്നത് പ്രത്യക്ഷത്തില്‍ ഇവിടെ കാണാന്‍ കഴിയും. തന്‍റെ ഭക്തന് എന്ത് തന്നെ നല്കി്യാലും ഭഗവാന് തൃപ്തിയാവില്ല. അതാണ് ഭക്തിയുടെ മഹത്വം. സ്വര്‍ഗ്ഗാധിപത്യത്തിനു പകരം ദേവാദികള്‍പ്പോലും കൊതിക്കുന്ന പരമോന്നതമായ സുതലത്തില്‍ മഹാബലിക്ക് ആധിപത്യം നല്‍കി. അതും കൂടാതെ സര്‍വ്വദാ ദര്‍ശനമരുളിക്കൊണ്ട് സുതലത്തിന്‍റെ കാവൽക്കാരനായി വാമനമൂര്‍ത്തി മഹാബലിയോടൊപ്പം സുതലത്തില്‍ സദാ വസിക്കുന്നു.
പ്രപഞ്ചത്തിന്‍റെ നാഥനായ ഭഗവാനെ സര്‍വ്വാത്മനാ ശരണം പ്രാപിച്ചാല്‍ കാരുണ്യ മൂര്‍ത്തിയായ ഭഗവാന്‍റെ ഭക്തവാത്സല്യത്താല്‍ സായൂജ്യം നേടാം എന്ന സത്യമാണ് ഈ ചരിത്രം നമുക്ക് മനസിലാക്കി തരുന്നത്. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും
വളരെയധികം ഉണ്ട്. ശ്രദ്ധാഭക്തിഭാവത്തോടെ സര്‍വ്വം സമര്‍പ്പിച്ച്‌ ഗുരുനാഥനെ ആശ്രയിച്ചാല്‍ അദ്ദേഹം ശിഷ്യന്‍റെ അജ്ഞാനത്തെ അകറ്റി അവനെ പരിപൂര്‍ണനാക്കുന്നു. ജീവന്‍ ഹാനി സംഭവിക്കും എന്ന് വന്നാലും സത്യ ധര്‍മ്മങ്ങളെ വെടിയരുത്. ശ്രദ്ധാഭക്തി ഭഗവാനില്‍ ഉണ്ടെങ്കില്‍ ജീവിത ചര്യയില്‍ കോട്ടം സംഭവിച്ചാലും ച്യുതിയില്ലാതെ അച്യുതനായ ഭഗവാന്‍ സംരക്ഷിക്കും. നമ്മെ ആശ്രയിക്കുന്നവര്‍ക്ക് ഒരു വീഴ്ച വരും എന്ന് കാണുമ്പോള്‍ എത്ര വലിയവനായാലും അതിനെ വെടിഞ്ഞു അശ്രിതന് തുണയായി കൂടെ ഉണ്ടാകണം. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ആനന്ദിക്കണം. പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാകുമ്പോള്‍ അവിടെ ആനന്ദം കടന്നു വരുന്നു.