ആഗ്രഹം, വിചാരം, പ്രവൃത്തി എന്നീ കര്മ്മഗതിയനുസരിച്ച് ജീവന്റെ ദേഹാന്തരപ്രാപ്തിയുണ്ടാവുന്നു. സൃഷ്ടിവൈചിത്ര്യങ്ങളും ലോകവൈരുദ്ധ്യങ്ങളുമെല്ലാം പുനര്ജ്ജന്മസിദ്ധാന്തത്തിന്റെ തെളിവാണ്. സംസര്‍ഗ്ഗം മാത്രമല്ല ഇതിന്റെ കാരണം. നല്ല മാതാപിതാക്കന്മാരുടെ മകന് ദുഷ്ടനാവുന്നതിനും ദുഷ്ടന്റെ മകന് ശിഷ്ടനാവുന്നതിനും പ്രഹ്ളാദന്, ധ്രുവന്, വിഭീഷണന് മുതലായ പുരാണ കഥകള്‍ തൊട്ടിങ്ങോട്ടു എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. അതുപോലെ യാദൃച്ഛികസംഭവങ്ങളുമല്ല ജനനമരണങ്ങള്‍. കാര്യകാരണതത്ത്വത്തിന്റെ അഗാധതലത്തിലെത്തിക്കഴിഞ്ഞ ഹിന്ദുധര്‍മ്മാചാര്യന്മാര്‍ മനഃസ്വരൂപം, ആത്മസ്വരൂപം, സൃഷ്ടിസ്വരൂപം, മുക്തിസ്വരൂപം മുതലായവ കണ്ടറിഞ്ഞവരാണ്. ഭൗതികശാസ്ത്രമോ, വികാസവാദമോ വിവരിക്കാത്ത, ആഭ്യന്തരമായ മനുഷ്യന്റെ ഭിന്നവാസനകളെപ്പറ്റി പുനര്‍ജന്മസിദ്ധാന്തം പൂര്‍ണ്ണമായും വിവരിക്കുന്നു.