Monday, September 12, 2016

ശാശ്വതം, ക്ഷണികം, ശൂന്യം, നിത്യം, അനിത്യം, കര്‍തൃത്വം, അഹങ്കാരാഗ്രിമത്വം എന്നിങ്ങിനെയുള്ള ഏഴ് ഭേദങ്ങള്‍ ഉണ്ട്. മഹത്തത്വത്തില്‍ നിന്നാണ് അഹങ്കാരം. അതില്‍ നിന്നാണ് സൃഷ്ടിയുടെ ആരംഭം. ബ്രഹ്മാവേ, അങ്ങ് മുന്‍പത്തെപ്പോലെ തന്നെ സൃഷ്ടി സമാരംഭിക്കുക. നിങ്ങള്‍ മൂവരും സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക. സ്വഗേഹങ്ങളില്‍ വസിച്ചു കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക. ബ്രഹ്മാവേ, മഹാസരസ്വതി എന്ന നാമമുള്ള സദാ പ്രസന്നവതിയായ ഈ ശക്തിശാലിനിയെ, രജോഗുണപ്രധാനിയായ ഈ വനിതയെ നീ വേട്ടാലും. വെള്ളപ്പട്ടും ദിവ്യാഭാരണങ്ങളും ചാര്‍ത്തി ഉത്തമയായിരിക്കുന്ന ഈ ദേവിയെ നിന്റെ സഹധര്‍മ്മിണിയാക്കുക. എന്റെ വിഭൂതിയായ ഇവളെ ഒരിക്കലും അവഗണിക്കാതെ അവളുമായി ക്രീഡിച്ചു സസുഖം വാഴുക. നാല് തരത്തിലുള്ള ജീവജാലങ്ങളെ നിന്റെ ബീജത്തില്‍ നിന്നും സൃഷ്ടിക്കുക. ബീജം എന്നത് മഹത് തത്വം തന്നെയാണ്. അതില്‍ മുന്‍പത്തെ ലോകചക്രത്തില്‍ നിന്നുമുള്ള ജീവന്റെ സൂക്ഷ്മമായ അംശങ്ങള്‍ നിലകൊള്ളുന്നുണ്ട്. അവയെ കാലകര്‍മ്മസ്വഭാവ വൈജാത്യങ്ങളോടെ വെവ്വേറെയാക്കി സൃഷ്ടിജാലങ്ങളായി പുന:സൃഷ്ടിക്കുകയാണ് നിന്റെ ധര്‍മ്മം. devibhagavatam