Friday, September 23, 2016

വേദാരാംഭം:
***************
ഉപനയനാന്തരം അടുത്ത ദിവസമോ ഒരു വര്‍ഷത്തിനകമായോ ഗുരുസന്നിധിയില്‍ വസിച്ചു വിദ്യ അഭ്യസിക്കുന്നതിനു ബാലികാ ബാലന്മാര്‍ക്ക് അവസരമുണ്ടാക്കുന്നു. വേദാഭ്യാസത്തിനു കുട്ടികളെ ഈ സംസ്‌കാരംകൊണ്ടു അധികാരികളാക്കുന്നു.
വേദാരംഭപ്രകരണത്തില്‍, ഇതിനെപ്പറ്റി വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. കുട്ടിയെ വേദാഭ്യാസത്തിനയക്കുമ്പോള്‍ പിതാവ് നല്‍കുന്ന ഒരു ഉപദേശഭാഗം നോക്കുക:
''ഇന്നു മുതല്‍ നീ ബ്രഹ്മചാരിയാണ് . നിത്യസന്ധ്യോപാസനയും ഭക്ഷണത്തിനുമുന്‍പ് ആചമനവും ചെയ്യണം. നല്ലപോലെ പ്രവൃത്തി ചെയ്യുക. പകല്‍ കിടക്കരുത്, ആചാര്യന്റെ കൂടെയിരുന്നു നിത്യവും അംഗോപാംഗസഹിതം വേദമഭ്യസിക്കുക. വേദാഭ്യാസം പൂര്‍ണ്ണമാക്കുന്നതുവരെ ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ആചാര്യന്റെ അടുക്കല്‍ വസിച്ചു വേദം പഠിക്കുക. അദ്ദേഹം അധര്‍മ്മമാചരിച്ചാല്‍ അതിനെ അനുകൂലിക്കരുതെന്നു മാത്രമല്ല നിഷേധിക്കുകയും വേണം. ക്രോധവും നേരമ്പോക്കു പറയലും ഉപേക്ഷിക്കണം. എട്ടു പ്രകാരത്തിലുള്ള മൈഥുനം പുരുഷന്‍ സ്ര്തീയെപ്പറ്റിയോ സ്ര്തീ പുരുഷനെപ്പറ്റിയോ കാമോദ്ദീപകമായി ചിന്തിക്കുക. കഥ, സ്പര്‍ശം, ക്രീഡ, നോട്ടം, ആലിംഗനം, ഇരുവരും തനിച്ചിരിക്കല്‍, സമാഗമം എന്നിവ ഉപേക്ഷിക്കണം. തറയില്‍ ശയിക്കുക, കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. പാട്ടും കൂത്തും, നൃത്തവും സുഗന്ധദ്രവ്യ ലേപനവും മറ്റും ബ്രഹ്മചാരിക്കു പറ്റിയതല്ല. അധികനേരം കുളിക്കരുത്, അമിതമായി ഭക്ഷിക്കരുത്, അധികം ഉറങ്ങരുത്, ഉറക്കമിളയ്ക്കരുത്, രാത്രി നാലാം യാമത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തത്തില്‍) ഉണര്‍ന്നെഴുന്നേല്‍ക്കുക. ശൗച്യം, ദന്തധാവനം, സ്‌നാനം എന്നീ കൃത്യങ്ങള്‍ നിര്‍വഹിച്ചിട്ടു സന്ധ്യോപാസനം, ഈശ്വരസ്തുതി, പ്രാര്‍ത്ഥന, യോഗാഭ്യാസം എന്നിവ നിത്യവും ആചരിക്കുക.''