Monday, September 26, 2016

ആത്മാവ്, ജീവന്‍, പുനര്‍ജന്മം
Order your Copy at https://goo.gl/Va0pQI
ഞാന്‍ ആരാണ്? ഞാന്‍ ജനിക്കുന്നതിന് മുന്‍പ് എവിടെയായിരുന്നു? മരിച്ചുകഴിഞ്ഞാല്‍ എനിക്കെന്തു സംഭവിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ജീവാത്മാവ് അനാദിയാണ്. അവ്യക്തവുമാണ്. ഓരോ പ്രളയവും കഴിയുമ്പോഴും സുപ്താവസ്ഥയിലാവുന്ന ജീവജാലങ്ങള്‍ തങ്ങളുടെ കര്‍മവാസനകള്‍ക്കനുസൃതമായി പുതിയ കല്പത്തില്‍ വിവിധ രൂപങ്ങള്‍ ധരിക്കുന്നുവെന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമായ വേദത്തില്‍ പറയുന്നുണ്ട് . ഇക്കാര്യത്തെക്കുറിച്ച് വേദങ്ങള്‍ അതിമനോഹരമായ ഭാഷയില്‍ വാചാലമാകുന്നതും നമുക്ക് കാണാം. ഋഗ്വേദത്തിലെ പ്രഖ്യാതമായ അഘമര്‍ഷണ മന്ത്രങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഓം ഋതം ച സത്യം ചാഭീദ്ധാത്തപസോളധ്യജായത
തതോ രാത്ര്യജായത തതഃ സമുദ്രോ അര്ണവഃ
ഓം സമുദ്രാദര്ണവാദധി സംവത്സരോ അജായത
അഹോരാത്രാണി വിദധദ്വിശ്വസ്യമിഷതോ വശീ.
ഓം സൂര്യാചന്ദ്രമസൗ ധാതാ യഥാപൂര്‍വമകല്പയത്.
ദിവം ച പൃഥിവീം ചാന്തരിക്ഷമഥോ സ്വഃ
(ഋഗ്വേദം 10.190)
അര്‍ഥം : (ഋതം ച സത്യം ച) ഈശ്വരന്റെ ഋതം സത്യം എന്നിവകൊണ്ടും (അഭീദ്ധാത്തപസഃ) ജ്ഞാനമയ സാമര്‍ഥ്യം കൊണ്ടും (അധ്യജായത) ഈ ലോകം പ്രകടമായി (തതഃ) ആ സാമര്‍ഥ്യം കൊണ്ടുതന്നെ (രാത്രിഃ അജായത) പ്രളയരാത്രിയും ഉണ്ടായി. (തതഃ സമുദ്രഃ അര്‍ണവഃ) അതിനുശേഷം ആകാശം ജലംകൊണ്ടു നിറഞ്ഞു. ഈശ്വരന്റെ സാമര്‍ഥ്യംകൊണ്ട് ഋതം, സത്യം, പ്രപഞ്ചം, പ്രളയം, ആകാശം, സമുദ്രം എന്നിവയെല്ലാമുണ്ടായി എന്നുസാരം. (അര്‍ണവാത് സമുദ്രാത്) ജലം നിറഞ്ഞ ആകാശത്തിനുശേഷം (സംവത്സരഃ അധി അജായത) എല്ലാ പ്രാണികളെയും വസിപ്പിക്കുന്ന കാലം സൃഷ്ടിച്ചു (വിശ്വസ്യ മിഷതഃ വശീ) വിശ്വത്തിലെ എല്ലാ ചേതനാപ്രാണികളെയും നിയന്ത്രിക്കുന്ന ഈശ്വരന്‍ (അഹോ രാത്രാണി വിദധത്) അഹോരാത്രങ്ങളെയും സൃഷ്ടിച്ചു. (ധാതാ) ഈശ്വരന്‍ (സൂര്യാചന്ദ്രമസൗ) സൂര്യചന്ദ്രന്‍മാരെയും (യഥാപൂര്‍വം അകല്പയത്) മുന്‍സൃഷ്ടിയിലെപ്പോലെതന്നെ സൃഷ്ടിച്ചു. (ദിവം ച പൃഥിവീം ച) പ്രകാശലോകത്തെയും പ്രകാശരഹിതലോകത്തെയും (അഥ അന്തരിക്ഷം) അതിനുശേഷം അന്തരീക്ഷത്തെയും (സ്വഃ) ലോകലോകാന്തരങ്ങളെയും രചിച്ചു.
ഇതാണ് അഘമര്‍ഷണ മന്ത്രത്തിന്റെ സാമാന്യമായ അര്‍ഥം. ഇതേ സൂക്തത്തിനുതന്നെ നിഗൂഢമായ അര്‍ഥങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ വേദപഠനം നിലച്ചപ്പോള്‍, ഗുരുകുലങ്ങള്‍ ഇല്ലാതായപ്പോള്‍ സൃഷ്ടിയെക്കുറിച്ചും ജീവാത്മാവിനെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ കാലാതിപാതം വന്ന ആശയങ്ങളായി പരിണമിച്ചു. ഇന്ന് ജീവനെക്കുറിച്ച്, കര്‍മത്തെക്കുറിച്ച്, അതാര്‍ജിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് അറിയുന്നവര്‍ ഏറെ ചുരുങ്ങും എന്ന അവസ്ഥയാണ്. ഇന്നിപ്പോള്‍ എന്താണ് ജീവാത്മാവെന്നും, ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളില്‍ എന്തുപറയുന്നുവെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുകയാണ് ഈ ലഘുഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നത്. ഏറെ ആഴവും പരപ്പുമുള്ള ഒരു വിഷയമാണിത്. അനേകശതം മന്ത്രങ്ങളിലും ഉപനിഷദ്‌സൂക്തികളിലും ഉപാംഗസൂത്രങ്ങളിലുമായി പരന്നുകിടക്കുന്ന ആശയങ്ങളെ ഒരു ചെറുഗ്രന്ഥത്തില്‍ ക്രോഡീകരിക്കുക ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും ആശയങ്ങളുടെ സ്വാതന്ത്ര്യത്തിലൂടെ വിഷയത്തിന്റെ പ്രാധാന്യം പകര്‍ത്തിയെടുക്കുക എന്നതായിരുന്നു ഗ്രന്ഥകാരന്റെ ലക്ഷ്യം. കഴിയാവുന്നത്ര ചുരുക്കി, എന്നാല്‍ ഗൗരവമേറിയ പ്രധാന വിഷയങ്ങള്‍ വിട്ടുപോവാതെ അടുക്കിവെക്കുവാന്‍ ശ്രമിച്ചിട്ടുമുണ്ട്.Acharya Rajesh