Thursday, September 15, 2016

ബഹുദൈവ വിശ്വാസം നല്ലതിനോ ?
രാമകൃഷ്ണദേവന്‍ പറഞ്ഞ ഒരു കഥ പറയാം. ഒരു ദേശത്ത് തൊപ്പികള്‍ വില്‍ക്കുന്ന രണ്ട് കടകളുണ്ട്. ഒരു കടയിലുള്ള എല്ലാ തൊപ്പികളും ഒരേ അളവിലാണ്. വാങ്ങാന്‍ വരുന്നവന്‍റെ തലയുടെ അളവ് ചെറുതോ, വലോതോ ഏതായാലും ഈ തൊപ്പി തന്നെ ധരിക്കാന്‍ നിര്‍ബന്ധിതനാകും. എന്നാല്‍ രണ്ടാമത്തെ കടയില്‍ അവരവരുടെ തലയുടെ അളവിനനുസരിച്ചുള്ള തൊപ്പി ലഭിക്കുന്നു. ഏത് കടയില്‍ നിന്നാണ് നിങ്ങള്‍ തൊപ്പി വാങ്ങിക്കുക?
നോക്കൂ. ഇതാണ് ബഹുദൈവതത്ത്വം. ഓരോ മനുഷ്യന്‍റേയും, മനസ്സും, ബുദ്ധിയും, ചിന്തകളും , ജീവിതരീതിയും വ്യത്യസ്ഥമാണ്. ഒരുവന്‍റെ ദൈവം അവന്‍റെ ചിന്തക്കും സങ്കല്പ്പത്തിനുമനുസരിച്ചിട്ടുള്ളതാവണം എന്ന് മനസ്സിലാക്കിയ ഭാരതീയ ഋഷികള്‍ മനുഷ്യന്‍റെ മാറുന്ന മാനുഷിക വികാരങ്ങള്‍ക്കനുസരിച്ച് ദൈവങ്ങളെ രൂപകല്പന ചെയ്ത് തന്നു.
ഓരോ ദൈവീക സങ്കല്പങ്ങള്‍ക്കും ഓരോ ഭാവങ്ങള്‍ കൊടുത്തിരിക്കുന്നത് കാണാം. ആനത്തലയും മൂഷികവാഹനവുമൊക്കെയായി ഗണപതിരൂപം കുട്ടികള്‍ക്ക് വേണ്ടിയാവാം. കൃഷ്ണന് പരമ പ്രേമരൂപമാണ് പൊതുവേ സങ്കല്പിച്ചിരിക്കുന്നത്. ഇനി മാതൃവാത്സല്യം അനുഭവിക്കാൻ
ആഗ്രഹിക്കുന്നവര്‍ക്ക് ദേവീ സങ്കല്പങ്ങളുണ്ട്. ദുഷ്ടന്മാരെപ്പോലും നേര്‍വഴി നടത്താനായി ഉഗ്രരൂപിണിയായ കാളീ സങ്കല്പം. ഇതൊന്നുമല്ലാത്ത നിര്‍ഗുണ ബ്രഹ്മതത്ത്വത്തേയും നമ്മുടെ മഹര്‍ഷിമാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ ചിന്താമണ്ഡലങ്ങളിലൊതുങ്ങുന്ന ദൈവീകസങ്കല്പങ്ങള്‍. എത്ര മഹത്തരമാണിത്.
ഹിന്ദുമതത്തില്‍ എല്ലാത്തിനേയും ദൈവമായി കണ്ടുകൊള്ളുവാന്‍ ഋഷിമാര്‍ ആഹ്വാനം ചെയ്തു. നാളെ ഒരു പുതിയ ദൈവത്തെ ഉണ്ടാക്കിയാലും ഭാരതീയര് ആ ദൈവത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. ഇവിടെ ആള്‍രൂപങ്ങളോ, വിഗ്രഹങ്ങളോ മാത്രമല്ല, മലയും, മരവും, പുഴയും, സൂര്യനും , ചന്ദ്രനുമെല്ലാം ദൈവങ്ങളാണ്. എലിയും , പാമ്പും , പട്ടിയും വരെ ദൈവത്തിന്‍റെ വാഹകരാണെന്ന് ഈ മതം പഠിപ്പിക്കുന്നു. അതേ നാമെല്ലാവരും ദൈവത്തെ ശരീരത്തിനുള്ളില്‍ സദാ വഹിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സത്യമറിഞ്ഞവന് ഒരു ദൈവവും പ്രശ്നമല്ല, ഒരു മതവും പ്രശ്നമല്ല. ആരുവേണമെങ്കിലും ഏതു ദൈവത്തെ വേണമെങ്കിലും പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അത് അവന്‍റെ അവകാശമാണ്. അതില്‍ കൈകടത്താനുള്ള അധികാരം എനിക്കില്ല എന്ന് സനാതനധര്‍മ്മി തിരിച്ചറിയുന്നു.
ഹേ മനുഷ്യാ... നീ ഏതു ദൈവത്തെ വിശ്വസിക്കുന്നുവോ ആ ദൈവത്തില്‍ മാത്രം ആഴത്തില്‍ ശ്രദ്ധിക്കുക. നീ ഹിന്ദുവിനെ ക്രിസ്ത്യാനിയാക്കാനോ, ക്രിസ്ത്യാനിയെ മുസല്‍മാനാക്കാനോ , ഒന്നും പരിശ്രമിച്ച് തളരേണ്ട. ഇതാണ് ലോകസമാധാനത്തിനായി ഭാരതം മുന്നോട്ട് വച്ചിട്ടുള്ള ബഹുദൈവതത്ത്വം. ഇതുമാത്രമാണ് ആരാലും തര്‍ക്കാനാകാത്ത സനാതനതത്ത്വം.savithri p elayat.