Monday, September 12, 2016

അവനവന്റെ സ്ഥിതിയിൽ അലംഭാവത്തോടെ തൃപ്തനായിരിക്കുന്നവൻ മനുഷ്യനാമത്തിനർഹനല്ല. സ്വന്തം അഭിവൃദ്ധിയിൽ എപ്പോഴും ജാഗരൂകനായിരിക്കുന്നവനേയും, താൻ പഠിച്ചത് മറ്റുള്ളവർക്കു പകർന്നു നൽകുന്നവനേയും, സത്യത്തിന്റെ പാത പിന്തുടരുന്നവനേയും മാത്രമേ മനുഷ്യനെന്ന് വിളിക്കാനാകൂ. മറ്റുള്ളവരെല്ലാം വേഷപ്രച്ഛന്നരായ മൃഗങ്ങൾ മാത്രം. മാനുഷീകതയുടെ ദുഗ്ദ്ധം ഹൃദയത്തിൽ നിറഞ്ഞവൻ ശ്രീഹരിയുടെ ഇരിപ്പിടമത്രേ. (ശ്രീഹരിയുടെ വാസം പാൽ ക്കടലിൽ ആണല്ലോ). വിജ്ഞാനിയായ ഒരാൾ ആസ്വദിക്കേണ്ടതെല്ലാം ആസ്വദിച്ചു കഴിഞ്ഞു; കാണേണ്ടതെല്ലാം കണ്ടും കഴിഞ്ഞു. അയാൾക്ക് ഈ ലോകത്തിൽ നിന്നും ഇനിയെന്തുണ്ട് നേടാൻ? അതുകൊണ്ട് എല്ലാ വിഷയസുഖാസക്തികളേയും വെടിഞ്ഞ് ശാസ്ത്രോക്തമായ കർമ്മങ്ങളിൽ ഏർപ്പെട്ടു കഴിയുന്നതാണുചിതം. മഹാത്മാക്കളെ പൂജിക്കൂ. അതുകൊണ്ട് നിനക്ക് മൃത്യുവിൽ നിന്നുപോലും രക്ഷ നേടാം. ശാസ്ത്രാനുസാരിയായ ജീവിത രീതിയും സാധനയും അനുഷ്ഠിച്ച്, ക്ഷമയോടെ പരിപൂർണ്ണതയ്ക്കായി കാത്തിരിക്കുക. സമയമാവുമ്പോൾ അതു സംഭവിക്കും. അധ:പ്പതനത്തിലേയ്ക്ക് നീങ്ങാതെയിരിക്കാൻ മഹത്തായ ദിവ്യഗ്രന്ഥങ്ങളുടെ പഠനം സഹായിക്കും.yogavasishtam