Friday, September 23, 2016

സദാചാരം
-----------
സത്യത്തിനു യോജിച്ച ആചാരം സദാചാരം. സത്യസ്വരൂപമാണ് ധര്‍മ്മം. സദാചാരം സത്യധര്‍മ്മദികളോടു ബന്ധപ്പെട്ടിരിക്കുന്നു. വിപരീതമായ അസത്യം, അധര്‍മ്മം, അശാന്തി എന്നിവകളോടു ബന്ധപ്പെട്ടതാണു ദുരാചാരം. അതിനാല്‍ സന്മാര്‍ഗ്ഗം നല്ല വഴി എന്നുകൂടി അര്‍ത്ഥമുള്ള സദാചാരത്തിനു ഹിന്ദുധര്‍മ്മശാസ്ര്തങ്ങളില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നു. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ന്യായമായ നടപടിക്രമമെന്തെന്നു പ്രതിപാദിക്കുന്നതാണ് സദാചാരശാസ്ര്തം. ഒരാള്‍ പ്രഭാതത്തില്‍ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ ചിന്തിക്കുകയും പറയുകയും പെരുമാറുകയും ചെയ്യേണ്ടതെങ്ങനെയെന്നു അത് ഉപദേശിക്കുന്നു. ഈ അടിസ്ഥാനത്തില്‍ താന്‍ തന്നോടുതന്നെ എത്രത്തോളം നീതി ചെയ്തു; തന്റെ ബന്ധുജനങ്ങളോടും അയല്‍ക്കാരോടും സമുദായത്തോടും രാജ്യത്തോടും ഉള്ള കടമ എത്രമാത്രം നീതിയുക്തമായി നിര്‍വ്വഹിച്ചു; എന്നീവിധം ചിന്തിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യരും ഇതരജീവികളും തമ്മിലും സ്വരച്ചേര്‍ച്ചയോടുകൂടി വര്‍ത്തിക്കേണ്ട രീതി സദാചാരം പഠിപ്പിക്കുന്നു.
''ആചാരം പരമോ ധര്‍മ്മഃ ശ്രുത്യുക്തഃ സ്മാര്‍ത്ത ഏവ ച''
വേദത്തിലും സ്മൃതിയിലും വിധിച്ചിരിക്കുന്ന ആചാരമാണ് ശ്രേഷ്ഠമായ ധര്‍മ്മം. അതുകൊണ്ട് ആത്മജ്ഞാനമാഗ്രഹിക്കുന്ന വിവേകി ഈ സദാചാരനിഷ്ഠയില്‍ സദാ ജാഗരൂകനായിരിക്കണം. ഇപ്രകാരം സദാചാരത്തില്‍നിന്നു ധര്‍മ്മം ഉത്ഭവിക്കുന്നു എന്നു കണ്ടിട്ട് മുനിമാര്‍ സദാചാരത്തെ സകല തപസ്സുകളുടെയും ഉല്‍കൃഷ്ടമായ ആദികാരണമായി സ്വീകരിച്ചു.