Friday, September 29, 2017

വിദ്യാരംഭസംസ്കാരം

വേദത്തിൽ വിദ്യാരംഭത്തെത്തന്നെ വേദാരംഭമെന്നും വിവക്ഷിച്ചിട്ടുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൌകികവുമായ വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാക്കുന്ന സംസ്കാരമാണ് വേദാരംഭം. വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരിയയ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേയ്ക്ക് ആനയിക്കുന്നു. ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നടക്കുന്ന യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി (കിഴക്കോട്ട് തിരിഞ്ഞ്) ഇടത്തേ കാൽമുട്ടു മടക്കി ഇരുത്തണം. ഇങ്ങനെയിരുന്ന് കൈകൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു: “അധീഹിഭുഃ സാവിത്രീംഭോ അനുബ്രൂഹി”. (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൃതിയും, സാവിത്രിയും ഇങ്ങനെ യഥാക്രമം മൂന്നും ചേർന്ന പരമാത്മവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും.) അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധനായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പരപ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചര്യജീവിതത്തിന്റെ എല്ലാ ചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു. 

ഇവിടെയൊരിടത്തും നാവിൽ ഹരിശ്രീ കുറിക്കുന്ന ചടങ്ങിനെപ്പറ്റി പറയുന്നില്ല. കാളിദാസനു ലഭിച്ച അനുഗ്രഹ കഥയുടെ അടിസ്ഥാനത്തിലാണെങ്കിൽ എഴുതുന്നത് വാളുകൊണ്ടോ ചുരുങ്ങിയപക്ഷം നാരായം കൊണ്ടെങ്കിലും ആയിരിക്കണം. എല്ലാ കുട്ടികൾക്കും ഒരേ മോതിരം തന്നെയാണോ, അതോ ഓരോരുത്തരും മോതിരവും കോണ്ടാണോ എഴുത്തിനിരുത്താൻ ചെല്ലേണ്ടത് എന്നൊന്നും ആരും ചോദിക്കാറില്ല...parthans

No comments: