Monday, September 25, 2017

ജനനം-മരണം-പുനര്‍ജനനം
മനസ്സ് അതിന്റെ വാസനകള്‍ക്കനുസരിച്ച്, അതിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഒരു സ്ഥൂലശരീരത്തെ സൃഷ്ടിച്ച് ആ ശരീരത്തെയുംകൊണ്ട് ലോകത്തിലേക്കുവരുന്നു. ഇതിനെ ജനനം എന്നുപറയുന്നു. ഈ ലോകത്ത് മനസ്സിന്റെ വാസനാപൂര്‍ത്തീകരണത്തിനായി കര്‍മ്മം ചെയ്യുമ്പോള്‍ അത് വ്യവഹാരമായി. സ്ഥൂലശരീരം ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ അതിന്റെ പ്രാരാബ്ധത്തിനനുസരിച്ച് നശിച്ചുപോകുന്നു; ഇതാണ് മരണം.
ഈ സ്ഥൂലശരീരം അതിന്റെ പ്രാരാബ്ധത്തിനനുസരിച്ചുള്ള മുഴുവന്‍ കര്‍മ്മവും ചെയ്തുതീര്‍ത്താല്‍ മനസ്സ് വീണ്ടും ശരീരമെടുത്ത് പുനര്‍ജനിക്കേണ്ട ആവശ്യമില്ല. എങ്കിലും ഈ ജന്മത്തില്‍ മനസ്സ് പുതുതായി ഉണ്ടാക്കിയെടുത്ത വാസനകളും അതാതിന്റെ ആഗ്രഹങ്ങളും മനസ്സില്‍ വീണ്ടും സ്റ്റോര്‍ ചെയ്യപ്പെടുന്നു. ഇങ്ങനെ മനസ്സിന്റെ ആഗ്രഹങ്ങളുടെയും വാസനകളുടേയും സ്റ്റോര്‍ നിറഞ്ഞിരിക്കുന്നിടത്തോളം കാലം സൂക്ഷ്മശരീരം എന്നു വിളിക്കുന്ന മനസ്സിന് സ്ഥൂലശരീരങ്ങളെ ഉണ്ടാക്കി പുനര്‍ജനിക്കേണ്ടിവരുന്നു.
വീണ്ടും ഒരിക്കല്‍ക്കൂടി കലുഷമായ ഈ ലോകത്ത് ജനിച്ച് സുഖദുഃഖങ്ങളില്‍പെട്ടുഴറാന്‍ താല്പര്യമില്ലെങ്കില്‍ വാസനകളുടെയും ആഗ്രഹങ്ങളുടെയും സ്റ്റോര്‍ കാലിയാക്കുകതന്നെവേണം. അല്ലാതെ രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ല. അതിനു ഭഗവദ്ഭക്തിയുണ്ടാവണം, എല്ലാം ആ പാദത്തില്‍ കാഴ്ചവയ്ക്കാനുള്ള തന്റേടമുണ്ടാവണം; കേവലഭക്തികൊണ്ട് വാസനകളെ ഒന്നൊന്നായി ഭഗവാശ്രിതമായ കര്‍മ്മംകൊണ്ട് ഒഴിച്ചുമാറ്റണം, പുതുതായ വാസനകളുണ്ടാവേണ്ട സകല പഴുതുകളും അടച്ച് ഇനി ഭഗവാന്‍ മാത്രം മതി മറ്റൊന്നും വേണ്ടാ എന്നു ദൃഢനിശ്ചയംചെയ്ത് മുന്നോട്ടുപോകണം. ഇങ്ങനെ ജീവിതം ശ്രേഷ്ഠമാക്കുന്നയാളാണ് ധീരന്‍....sudhabharat

No comments: