Tuesday, September 26, 2017

ജീവിതത്തിന്റെ വിജയമാണു വിജയദശമി. വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന കലകള്‍ ഇന്നാരംഭിക്കാം. അമരത്വത്തിലേയ്ക്ക് വഴി തെളിയിക്കുന്ന അക്ഷരവിത്തുകള്‍ അരിയിലും മണലിലും നടാം. നീളുന്ന നാവിന്‍തുമ്പത്ത് അവിഘ്‌നമായ ഹരിഃശ്രീ പൊന്നുകൊണ്ട് എഴുതാം.
കാരണം, ഇത് അമ്മ അസുരനെ വെന്ന്, അധര്‍മ്മത്തെ കൊന്ന്, അനശ്വരധര്‍മ്മമെന്ന ആകാശക്കൊടി പാറിക്കുന്ന അനാദിമുഹൂര്‍ത്തം! അശുഭം കളഞ്ഞ ശുഭം!
നമ്മുടെ ആശകള്‍, ആവേശങ്ങള്‍, ആയോധനമാദ്ധ്യമങ്ങള്‍ ഒക്കെ നാം പൂജയ്ക്കുവെച്ചു. അമ്മയുടെ തൃപ്പാദങ്ങളില്‍.
അവിടുത്തെ തൃക്കണ്ണോട്ടത്തിന്റെ തേന്‍ തഴുകലിനായി, അനുഗ്രഹത്തിനായി. അഷ്ടമിക്കും നവമിക്കും അവ കണ്ണടച്ചു തപമിരുന്നു. വിജയത്തിലേക്കു മിഴിതുറക്കാന്‍. വരുന്ന സംവത്സരം മുഴുവന്‍ വാസനകൊണ്ടു നിറയ്ക്കാന്‍.
ശരത്കാലത്തിലും വസന്തകാലത്തിലും നവരാത്രിപൂജ ആകാം എന്നാണു വിധി. കാലദംഷ്ട്രകളാണത്രേ ഈ രണ്ട് ഋതുക്കളും. രോഗമരണമാരണങ്ങളുടെ സംഭവകാലം. അമ്മ അതൊക്കെ പരിഹരിച്ച് ആരോഗ്യഭിക്ഷ നല്‍കും. ആയുസ്സുനല്‍കും.
നവരാത്രി
നവരാത്രി പൂജയ്ക്കുള്ള ചിട്ടപ്പെടുത്തലുകള്‍ വ്യാസമുനി പറയുന്നുണ്ട്. അമാവാസിക്കുതന്നെ പൂജാദ്രവ്യങ്ങള്‍ ഒരുക്കണം. അന്ന് ഹവിസ്സു മാത്രമേ ഭക്ഷിക്കാവൂ. ശുദ്ധിയാര്‍ന്ന സ്ഥലത്ത് മണ്ഡപമുണ്ടാക്കാണം. തോരണാദികളെക്കൊണ്ട് മണ്ഡപം അലങ്കരിക്കണം.
വേദിമദ്ധ്യത്തിലെ വെള്ളവിരിച്ച പീഠം സിംഹാസനം. അമ്മയെ സിംഹാസനത്തിലിരുത്താം. ചതുര്‍ബ്ഭുജയും ചന്ദ്രകലാവതംസയുമായ ശക്തിസ്വരൂപിണിയോടു പ്രാര്‍ത്ഥിക്കാം. ഹൃദയം കാണിക്കയായി അര്‍പ്പിക്കാം. അമ്മ എല്ലാ വിജയങ്ങളും നല്‍കും!
ഒന്‍പതു ദിവസം നീണ്ട് പത്താംനാള്‍ വിജയപരിസമാപ്തിയിലെത്തുന്ന പൂജ. അമ്മയെ ഏതു രൂപത്തില്‍ പൂജിക്കണം? കുമാരി മുതലുള്ള വിഭിന്നരൂപങ്ങളിലാവാം.
‘കുമാരികാതു സാ പ്രോക്താ
ദ്വിവര്‍ഷായാ ഭവേദിഹ’
എന്നുവച്ചാല്‍ രണ്ടുവയസ്സുളവള്‍ കുമാരി. മൂന്നുവയസ്സായവള്‍ ത്രിമൂര്‍ത്തി. നാലായവള്‍ കല്യാണി. അഞ്ചു വയസ്സിലെത്തിയവള്‍ രോഹിണി. ആറു വയസ്സായവള്‍ കാളി, ഏഴായവള്‍ ചണ്ഡിക. എട്ടുവയസ്സെത്തിയവള്‍ ശാംഭവി. ഒമ്പതായാല്‍ ദുര്‍ഗ്ഗ. പത്തുവയസ്സെത്തിയവള്‍ സുഭദ്ര!
-നവകന്യകകളെ വേണം ദേവീസങ്കല്പത്തില്‍ നവരാത്രികളില്‍ പൂജിക്കാന്‍.
മഹിഷാസുരനെ മാത്രമല്ല, ദാരികനെക്കൊന്നതും അമ്മ മഹാകാളിതന്നെ. അതാണു ഭാരതാംബികയുടെ മഹത്വം. അസുരന്‍ ഓരോകാലത്ത് ഓരോ പേരില്‍ മുളച്ചുപൊന്തും. ഈ നാട് അവന്റേതാണെന്നു വീമ്പിളക്കും.
ജനത അവന്റെ അടിമകളാണെന്ന് ആക്രോശിക്കും. നമ്മുടെ ദേവസങ്കല്പങ്ങളെ അപമാനിക്കും. അവന്റെ അന്ത്യം അടുത്തു എന്നര്‍ത്ഥം. അതെപ്പോള്‍ വേണമെന്ന് അമ്മയ്ക്കുമാത്രമേ അറിയാവൂ. ആ വിജയമുഹൂര്‍ത്തമാണു വിജയദശമി!
അവിദ്യയ്ക്കുമേല്‍ വിദ്യനേടുന്ന വിജയത്തിന്റെ അടയാളമുഹൂര്‍ത്തമാണ് വിജയദശമി. അജ്ഞാനം പോയൊഴിഞ്ഞ് ജ്ഞാനം തെളിയുന്ന പ്രഭാതം. ഈ ജ്ഞാനവും വിദ്യയും പ്രഭാതവും വിജയവും പ്രദാനം ചെയ്യുന്നതോ, സാക്ഷാല്‍ ശക്തിസ്വരൂപിണിയായ സകലാംബിക! പരമപവിത്രയായ ജഗദംബിക!


ജന്മഭൂമി: http://www.janmabhumidaily.com/news711621#ixzz4tpWLX2Kq

No comments: