Monday, September 25, 2017

തെക്കന്‍ കാശി എന്ന പേരില്‍ പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രം പരബ്രഹ്മത്തിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമാണ്. നാഷണല്‍ ഹൈവേയുടെ ഓരത്ത് 22 ഏക്കറോളം വിസ് തൃതിയില്‍ പരന്നു കിടക്കുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും പല കാര്യങ്ങളിലും ഈ ക്ഷേത്രം വ്യത്യസ്തമാണ്. ശ്രീകോവിലൊ, ചുറ്റമ്പലമൊ ഇല്ലാത്തതും, പ്രത്യേക പൂജാ ക്രമങ്ങളൊ, ആചാരപദ്ധതികളോ ഇല്ലാത്തതും അനാഥര്‍ക്കും, ആലംബഹീനര്‍ക്കും ആശ്രയമരുളുന്നതുമായ ക്ഷേത്രമാണ് ഓച്ചിറ.
ഓച്ചിറയെപ്പറ്റിയും, ക്ഷേത്രത്തിന്റെ ഉത്ഭവത്തേപ്പറ്റിയും നിരവധി രസാവഹമായ കഥകളാണ് പ്രചരിക്കുന്നതെങ്കിലും ഏറെ പ്രശസ്തമായത് പറയിപെറ്റ പന്തിരുകുലത്തിലെ അകവൂര്‍ ചാത്തനുമായി ബന്ധപ്പെട്ടു കിടക്കുന്നു. അകവൂര്‍ മനയ്ക്കലെ തമ്പുരാന്റെ ആശ്രിതനായ അകവൂര്‍ ചാത്തന്‍ തന്റെ യജമാനനോട് അങ്ങ് ആരാധിക്കുന്ന ദൈവത്തിന്റെ രൂപം എന്താണ് എന്ന് ചോദിയ്ക്കുകയും,അത് മാടന്‍പോത്തി നെ പോലെ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. നിഷ്‌കളങ്കനായ ചാത്തന്‍ അന്നു മുതല്‍ മാടന്‍പോത്തിന്റെ രൂപത്തില്‍ ഭഗവാനെ ആരാധിച്ചു പോന്നു. നിഷ്‌കളങ്കനായ ചാത്തന്റെ ഭക്തിയില്‍ സംപ്രീതനായ ഭഗവാന്‍ മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷനായി.
ഒരിയ്ക്കല്‍ നമ്പൂതിരി തെക്കന്‍ ദേശത്തേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. തന്റെ കെട്ടും ഭാണ്ഡവും ചുമക്കാന്‍ ചാത്തനെ കൂടെക്കൂട്ടി. ചാത്തന്‍ മാടന്‍പോത്തിനെ കൂടി സഹായത്തിനു വിളിച്ചു. മുന്നേ യജമാനനും, പിന്നില്‍ ചാത്തനും മാടന്‍പോത്തുമായി യാത്ര തുടര്‍ന്നു. അങ്ങനെ ഒരു വനപ്രദേശത്ത് എത്തിയപ്പോള്‍ മാടന്‍പോത്തിനോട് കൊമ്പ് വളളിയില്‍ കുരുങ്ങാതെ ചരിച്ചു കയറുവാന്‍ ചാത്തന്‍ ഉപദേശിച്ചു. ചാത്തന്റെ സംസാരം കേട്ട് നീ ആരോടാണു സംസാരിക്കുന്നതെന്ന് യജമാനന്‍ ചോദിച്ചപ്പോള്‍ നമ്മുടെ മാടന്‍പോത്തിനോട് എന്നു പറഞ്ഞു. ഏതു മാടന്‍പോത്ത് എന്ന് ചോദിച്ചപ്പോള്‍ യജമാനന്‍ പറഞ്ഞതുപ്രകാരം ഞാന്‍ മാടന്‍പോത്തിനെ ആരാധിച്ചതും, മാടന്‍പോത്ത് പ്രത്യക്ഷപ്പെട്ടതും, ഇതുവരെയും ഭാണ്ഡക്കെട്ട് മാടന്‍പോത്ത് ചുമന്നതുമൊക്കെ പറഞ്ഞിട്ടും മാടന്‍പോത്തിനെ യജമാനന് കാണാന്‍ സാധിച്ചില്ല.
എവിടെയാണു നിന്റെ മാടന്‍പോത്ത് എനിക്ക് കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന് യജമാനന്‍ പറഞ്ഞപ്പോള്‍, തന്നെ തൊട്ടുകൊണ്ട് നോക്കാന്‍ പറഞ്ഞു. ചാത്തനെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ സാക്ഷാല്‍ പരബ്രഹ്മത്തെ മാടന്‍പോത്തിന്റെ രൂപത്തില്‍ കാണാന്‍ സാധി്ക്കുകയും, അത് അപ്പോള്‍ തന്നെ അന്തര്‍ധാനം ചെയ്യുകയുമാണുണ്ടായത്. ഇത്രനാളും ഭക്തിപൂര്‍വ്വം പൂജ നടത്തിയിട്ടും കിട്ടാത്ത ഭാഗ്യം തന്റെ ആശ്രിതനു ലഭിച്ചത് അവന്റെ നിഷ്‌കാമ ഭക്തി മൂലമാണെന്ന് തിരിച്ചറിഞ്ഞ യജമാനന്‍ ചാത്തന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ച് ചാത്തനെ തന്റെ ഗുരുവായി വരിച്ച് അവിടെത്തന്നെ തപസ്സു ചെയ്തു. ആ മഹിഷത്തിന്റെ കൊമ്പുകളുടെ അഗ്രം അവസാനമായി കൊണ്ട സ്ഥലമാണ് ഇന്ന് ഓച്ചിറയില്‍ കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്ന ആല്‍ത്തറകള്‍.
(തുടരും)


ജന്മഭൂമി: http://www.janmabhumidaily.com/news711104#ixzz4tkKz0RcK

No comments: