Thursday, September 28, 2017

വൃഷ്ടിയും സമഷ്ടിയുമായ (വ്യക്തിയും പ്രകൃതിയും) പരാശക്തീഭാവത്തെ നാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനി ഒരു മനുഷ്യശരീരത്തില്‍ എപ്രകാരം ഈ ശക്തികള്‍ ഉള്‍ക്കൊള്ളുന്നുവെന്നു ചിന്തിക്കാം. ആയുര്‍വേദപ്രകാരവും യോഗശാസ്ത്രപ്രകാരവും മനുഷ്യശരീരം സ്ഥൂല-സൂക്ഷ്മ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാണപ്പെടുന്ന സ്ഥൂലശരീരം അന്നമയ കോശങ്ങൡ നിര്‍മ്മിതമാണ്. അതായത് കഴിക്കുന്ന ആഹാരത്തില്‍നിന്നും വളരുന്ന ശരീരം. ഇതുകൂടാതെ സൂക്ഷ്മവും അതിസൂക്ഷ്മവുമായ മറ്റ് നാലുതരം കോശങ്ങളും കൂടി ചേരുന്നതാണ് മനുഷ്യശരീരം.
അവ പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ്. ഇൗ കോശങ്ങളാല്‍ നിര്‍മ്മിതമായ ഓരോ തലവും ഒന്നിനു മുകളില്‍ അഥവാ ഒന്നിനൊന്നിലുള്ളില്‍ മറ്റൊന്ന് എന്ന വിധത്തില്‍ ആണ് എങ്കിലും, ഉള്ളിയുടെ തൊലികള്‍ അടുക്കിവച്ചിരിക്കുന്ന വിധമല്ലതാനും. ഇവയുടെ ഘടന സംസ്‌കൃതത്തില്‍ ‘ഓതപ്രോത’മെന്നു പറയുന്നു. അതായത് ഓരോ തലവും പരസ്പരം കയറിയിറങ്ങിയും, നട്ടെല്ലിനുള്ളില്‍ സ്ഥിതിചെയ്യുന്ന സുഷുമ്‌ന എന്ന നാഡിയിലെ മൂലാധാരം മുതല്‍ ഉപരിയുപരിയായുള്ള ചക്രങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഈ അഞ്ചുതരം കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ശരീരതലങ്ങളെ ആകെക്കൂടി സൂക്ഷ്മ (പരീവേഷശരീരം/Aura) ശരീരമെന്നറിയപ്പെടുന്നു.
ആധികാരികമായ ഈ ഘടനാ വിശേഷങ്ങള്‍ യോഗശാസ്ത്രപ്രകാരമുള്ളതും, ഹൈന്ദവമായ എല്ലാ ആധ്യാത്മികതത്വങ്ങളുടെയും (മന്ത്ര-തന്ത്ര-യോഗശാസ്ത്രം) അടിസ്ഥാനവുമാണ്. ഏറെക്കാലം വിശ്വാസം മാത്രമായിരുന്ന ഈ ശരീരസൂക്ഷ്മഘടന ശരിയാണെന്ന് ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു കണ്ടുപിടിച്ചതായ ‘കിര്‍ലിയന്‍ ക്യാമറ’യിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എനര്‍ജിയുടെയും ശബ്ദത്തിന്റെയും വരെ ഫോട്ടോ എടുക്കുവാന്‍ പ്രാപ്തമായ ക്യാമറയാണ് കിര്‍ലിന്‍ ക്യാമറ. ഈ ക്യാമറ വഴി മനുഷ്യശരീരത്തിലെ ‘ഓറ’യുടെയും ആധാരചക്രങ്ങളുടെയും വ്യക്തമായ ഫോട്ടോകള്‍ എടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയില്ല.
ആധുനികശാസ്ത്രം ഒരു വസ്തുവിന്റെ (matter) അവസ്ഥകളെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അവ ഘരം, ദ്രാവകം, വാതകം, പ്ലാസ്മ, ബയോപ്ലാസ്മ എന്ന അഞ്ച് അവസ്ഥകള്‍/തലങ്ങളാണ്. ഇതില്‍ അതിസൂക്ഷ്മമായ ബയോപ്ലാസ്മകൊണ്ടാണ് മനുഷ്യന്റെ സൂക്ഷ്മശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ശക്തിയേറിയ മൈക്രോസ്‌കോപ്പിലൂടെപോലും സൂക്ഷ്മശരീരത്തിന്റെ പടമെടുക്കുക അസാധ്യമാണ്. ദേവീചൈതന്യത്തിന്റെ പ്രഭാവവും സാന്നിധ്യവും മനുഷ്യശരീരത്തില്‍ എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാകണമെങ്കില്‍ സൂക്ഷ്മശരീരഘടനയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news712674#ixzz4u1Jxw75u

No comments: