Monday, September 25, 2017

സത്യത്തിന്റെ സൌന്ദര്യം

                                     ( പി.എം. നാരായണന്‍ അക്കിത്തവുമായി നടത്തിയ അഭിമുഖം)


 ?"ഈ പൂണുനൂല്‍ ഞാന്‍ പലപ്പോഴും അഴിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതെന്റെ സൂക്ഷ്മശീരത്തില്‍നിന്നഴിഞ്ഞിട്ടില്ല;' എന്ന് താങ്കളൊരു കവിതയില്‍ പറയുന്നുണ്ട്. പാരമ്പര്യവും പൈതൃകമായി ലഭിച്ച ബ്രാഹ്മണസംസ്കാരവും താങ്കളുടെ കവിതയില്‍ അഴിയാത്ത പൂണുനൂലായി ഇന്നും നിലനില്‍ക്കുന്നു. താങ്കളുടെ പാരമ്പര്യവും പൈതൃകവും എന്താണ്? അവ താങ്കളുടെ കവിതയെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്?
* ആറാണ്‍കുട്ടികളുടേയും അഞ്ചു പെണ്‍കുട്ടികളുടേയും അച്ഛനായിരുന്നു എന്റെ വലിയച്ഛന്‍. എനിക്കഞ്ചുവയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിച്ചത്. തറ്റുടുത്ത വസ്ത്രം കൊണ്ട് ഇടയ്ക്കിടയ്ക്ക്, കണ്ണട ഊരി, കണ്ണുതുടയ്ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹം വടക്കുപുറത്തുള്ള ശാലപ്പറമ്പില്‍ രണ്ടേക്കര്‍ സ്ഥലത്ത് പയറു വിതയ്ക്കുക പതിവാണ്. അത് പൂത്തുകായ്ച്ചു നില്‍ക്കുമ്പോള്‍ രണ്ടു തൊഴുത്തുകളിലുമുള്ള പത്തുപതിനഞ്ചു പശുക്കളെ ശാലപ്പറമ്പിലേക്ക് വിടും. അവ പയറു മുഴുവന്‍ തിന്നുതീര്‍ക്കുന്നതുവരെ വലിയച്ഛന്‍ രാമന്‍ സോമയാജിപ്പാട് അതുകണ്ടു നില്‍ക്കും. വസ്തുവിന് നീളം, വീതി, ഉയരം എന്നിവ മാത്രമല്ല കാലം എന്നൊരു ഘടകം കൂടിയുണ്ടെന്ന ബോധം എനിക്കുണ്ടായത് പില്‍ക്കാലത്താണ്. എന്നാലതിന്റെ ബീജം ബാല്യത്തില്‍ തന്നെ എന്നില്‍ ആധാനം ചെയ്യപ്പെട്ടിരുന്നു എന്ന് ചുരുക്കം.


? ബാല്യകൌമാരാനുഭവങ്ങള്‍ എല്ലാ കവികളെ സംബന്ധിച്ചിടത്തോളവും പ്രധാനം തന്നെ. എന്നാല്‍ താങ്കളുടെ കവിതയില്‍ ആദ്യകാലം മുതലിന്നോളം 'കുമ്പാളച്ചെറുകോണക്കീറില്‍ക്കൂടിപ്പഞ്ച പുറത്തിട്ടു' നടക്കുന്ന ഒരുണ്ണിയുടെ സാന്നിദ്ധ്യമുണ്ട്. താങ്കളുടെ ബാല്യകാലത്തേയും അന്നു കണ്ട കിനാക്കളേയും ഒന്നുകൂടി ഓര്‍മിക്കാമോ?

* ഉറങ്ങും മുമ്പുണരുകയും കളിതീരാതെ നിര്‍ത്തുകയും ചെയ്തിരുന്ന ആദ്യകാലത്ത് ആശാവഹങ്ങളായ കിനാക്കളുണ്ടായിരുന്നുവോ, പേടിസ്വപ്നങ്ങളല്ലാതെ? നിശ്ചയമില്ല. ആളുകള്‍ എന്നെ ഒരു മന്ദബുദ്ധിയായി കണക്കാക്കിയിരുന്നതുകൊണ്ട് ഞാനന്നു വിചാരിക്കാറുണ്ടായിരുന്നു: 'ഞാനീ ജീവിതം ഹരജി കൊടുത്ത് മേടിച്ചതൊന്നുമല്ലല്ലോ എന്തായാലും കയ്യില്‍ കിട്ടിയ സാധനം താഴെ വീണ് ഉടയാതിരിക്കണേ, ഭഗവതീ, ഗുരുവായൂരപ്പാ, പൊരണ്ടേക്കാട്ട് തേവരേ!' ചിത്രം വരക്കാരന്‍ കുടിയായ പരമേശ്വരമുത്തപ്ഫന്റെ മാതൃക കൊണ്ടാവാം നിലത്തും ചുമരിലുമൊക്കെ ഞാനും ചിത്രം വരയാന്‍ തുടങ്ങി; മുതല ഇടവഴിയിലൂടെ പോകുന്ന ആന രാജാജി എന്നിങ്ങനെ വഴിയേ കഥകളി കാണല്‍, നാടകം കാണല്‍, അക്ഷരശ്ളോകം, നാടകരചന, പാട്ടെഴുത്ത്, കവിത, ലേഖനം, എന്നിങ്ങനെ ആ പ്രവണതമാറി. ഈ മാറ്റത്തിന്റെ തുടക്കം ഹരിമംഗലം അമ്പലച്ചുമരില്‍ കുട്ടികള്‍ കോറിയ വൃത്തികെട്ട രൂപങ്ങള്‍ക്കെതിരെ കരിക്കട്ടയില്‍ത്തന്നെ എഴുതിവെച്ച പ്രതിഷേധമായിരുന്നു:
'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും.'

തുടര്‍ന്ന് സ്രഗ്ദ്ധരയിലോ ശാര്‍ദ്ദൂല വിക്രീഡിതത്തിലോ ഗുരുവായൂരപ്പനെപ്പറ്റി ശ്ളോകങ്ങള്‍. അതിനുകാരണം പിഷാരിക്കല്‍ ഭഗവതീക്ഷേത്രത്തില്‍ തൊഴുതൂവരുന്ന ഓനിച്ചുണ്ണിയായ ഞാന്‍ തിന്നാന്‍ പാടില്ലാത്ത പറങ്കിമാങ്ങ പൊട്ടിച്ചുതിന്നപ്പോള്‍ ഉള്ളില്‍നിന്നുയര്‍ന്ന പശ്ചാത്താപം.
? ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ താങ്കളെഴുതിയ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' വ്യക്തി എന്ന നിലയില്‍ മനുഷ്യാത്മാവിന്റെ ശുദ്ധീകരണപ്രക്രിയയുടെ കഥയാണ്. മലയാളത്തിലെ ആദ്യത്തെ പ്രസക്തമായ കുമ്പസാരകവിതയാണത്. ഒപ്പം തന്നെ അത് ആ നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലെ കേരളീയന്റെ സാമൂഹ്യപാഠം കൂടിയാണ്. കമ്മ്യൂണിസ്റ്റുകാരില്‍ നിന്നു വ്യാപകമായ വിമര്‍ശനങ്ങളും വലതുപക്ഷ ചിന്താഗതിക്കാരില്‍നിന്ന് കൈമെയ് മറന്ന അഭിനന്ദനങ്ങളും അതുനേടി. വാസ്തവത്തില്‍ മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിന്റ അടിസ്ഥാനശിലകളായ വര്‍ഗ്ഗസമരം, സാമ്പത്തികവും സാമൂഹികവുമായ സ്ഥിതിസമത്വം എന്നീ ആശയങ്ങള്‍ക്കെതിരാണോ താങ്കള്‍? അതോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ക്കശമായ പട്ടാളച്ചിട്ട, ഭൌതികമാത്രവാദം, മാര്‍ഗ്ഗശുദ്ധിയിലും അഹിംസയിലുമുള്ള അവിശ്വാസം എന്നിവയെയാണോ താങ്കളെതിര്‍ക്കുന്നത്?
"ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ'ത്തെപ്പറ്റി ധരിക്കാനുള്ള പ്രധാന സംഗതി: ആദ്യത്തെ മൂന്നു ശ്ളോകം എഴുതിവെച്ച ദിവസത്തെ ധാരണ, കവിത കഴിഞ്ഞു എന്നായിരുന്നു. പിന്നീട് 'സ്വര്‍ഗ്ഗം', 'നരകം', 'പാതാളം', 'ഭൂമി' എന്നീ ഖണ്ഡങ്ങള്‍ ഓരോ ദിവസംകൊണ്ട് എഴുതപ്പെടുകയാണുണ്ടായത്. ഓരോ ദിവസവും ഇന്ന് കവിത മുഴുവനായി എന്നായിരുന്നു ബോധം. ഇതെന്തിനു പറയുന്നു എന്നു ചോദിച്ചാല്‍: ഈ വസ്തുത മറ്റൊരു കാര്യം തെളിയിക്കുന്നു. രാഷ്ട്രീയമായ ഒരു വിരോധവും ഒരു കക്ഷിയോടും ഉണ്ടായിരുന്നില്ല. ഒരു മനഃസ്സാക്ഷിയുടെ അനുദിന വികാസമായിരുന്നു അത്. ഇനി ചോദ്യത്തിനുള്ള മറുപടി. വര്‍ഗ്ഗസമരക്കാരുടെകൂടെ നടന്നപ്പോഴും ഞാനതിനോട് പൂര്‍ണ്ണയോജിപ്പിലായിരുന്നില്ല. സാമ്പത്തിക സാമൂഹ്യസ്ഥിതികളില്‍ സമത്വം അവരെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അത് ഇന്നും എനിക്കുള്ളതുമാണ്. അതിനുകാരണം ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍ത്തന്നെ ആ കാര്യമുണ്ടെന്ന ബോധമാണ്. 'സമാനോമന്ത്രസ്സമിതിസ്സമാനീ സമാനം മനസ്സഹ ചിത്തമേഷാം' (സമാനമായ മന്ത്രം, സമാനമായ കൂടിച്ചേരല്‍, സമാനമായ മനസ്സ്, സമാനമായ ചിത്തം) എന്ന ഋക്ക് സുപ്രസിദ്ധമാണല്ലോ. ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം എന്ന ബോധത്തിലേക്ക് വളരാന്‍ ഒരു കാരണമുണ്ട്. ഹ്രസ്വമായ മനുഷ്യജീവിതത്തില്‍ ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ? ഞാന്‍ സംശയിക്കുന്നു. മാര്‍ഗ്ഗം ശുദ്ധമായാല്‍ അത്രത്തോളം ഞാന്‍ ലക്ഷ്യത്തോടടുത്തു എന്നു സമാധാനിക്കാന്‍ എനിക്കു കഴിയുമല്ലോ. പിന്നെ ഭൌതികം, ആത്മീയം എന്നിങ്ങനെ വസ്തുക്കളെ വിഭജിക്കുന്നതിലും എനിക്കു താല്പര്യമില്ല. ഭൌതികം എന്ന വാക്കിനകത്തുള്ളത് പൃഥിവ്യപ്തോജോവായുരാകാശങ്ങളാണല്ലോ. ഇതില്‍ അവസാനത്തേതായ ആകാശ ഭൂതത്തിലുള്ളതോ? പുരുഷനാണ്. പുരുഷന്‍ എന്ന വാക്കിന് 'ആണ്' എന്നല്ല അര്‍ത്ഥം 'മുമ്പേ പോകുന്നത്' എന്നാണ്. ചുരുക്കത്തില്‍ ബിഗ്ബാങ് എന്നോ പ്രണവമന്ത്രം എന്നോ പറയാവുന്ന ആദിമസത്യത്തിന്റെ പരിണാമമാണ് ഭൌതിക വസ്തുക്കളാകെ - ഈ കടലാസും ഈ തൂവലും വരെ.

?'നിരൂപാധികമായ സ്നേഹം' എന്ന വൈരക്കല്ലാണല്ലോ, ' ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ'ത്തില്‍നിന്ന് താങ്കള്‍ കുഴിച്ചെടുത്തത്. അനുതാപത്തിന്റെ കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കുന്നതിലൂടെയും സമാശ്വാസത്തിന്റെ പുഞ്ചിരി മറ്റുള്ളവര്‍ക്കായി ഉതിര്‍ക്കുന്നതിലൂടെയുമാണ് വ്യക്തിതലത്തില്‍ ഇത് സാഫല്യം നേടുന്നത്. സമൂഹതലത്തില്‍ നിരൂപാധികമായ സ്നേഹം എങ്ങനെ പ്രായോഗികമാക്കാം? മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥിയായൊരു ജീവിയാണല്ലോ.
* നിരുപാധികമായ സ്നേഹം എന്നു പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് അഖണ്ഡമായ വികാസമെന്നാണ്. പ്രണവത്തിന്റെ അഖണ്ഡമായ വികാസമാണ് ഇന്ന് കാണുന്ന പ്രപഞ്ചം മുഴുവനും. ഏറ്റവും ഒടുവിലത്തെ കാര്യം പറയാം. ഇപ്പോള്‍ പൂനയ്ക്കടുത്ത് നാരായണന്‍ ഗോണില്‍ 250 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിതമായ മുപ്പതു കണ്ണുകളും കാതുകളും (അതായത് 30 ഴശമി ാലൃല ംമ്ല ഞമറശീ ഠലഹലരെമുല  അഥവാ ഏ.ങ.ഞ.ഠ. വ്യാഴഗ്രഹത്തിന്റെ ചന്ദ്രന്മാരിലൊന്നില്‍ വെള്ളമുണ്ടെന്നും അവിടെ ജീവികളുണ്ടായിരിക്കണമെന്നും സൂചന നല്‍കിയ യന്ത്രസജ്ജീകരണം) ബ്രഹ്മത്തിന്റെ അഖണ്ഡമായ വികാസത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രതീകമാണെന്നു ഞാന്‍ വിചാരിക്കുന്നു. സമൂഹതലത്തില്‍ സ്നേഹം പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണിത്. മനുഷ്യന്റെ  ഖണ്ഡഭാവം ഞാന്‍ എന്ന വിചാരം - ഭയം- ഉളവാക്കിയതാണ് ആറ്റംബോബ്. അതേ സമയത്ത് ഈ ഞാന്‍ എന്ന ബോധമില്ലെങ്കില്‍ വൈയക്തികപ്രതിഭ വികസിക്കാനാവശ്യമായ കര്‍മ്മം ഉണ്ടായിത്തീരുകയില്ല എന്ന വസ്തുതയും നാം കാണേണ്ടതുണ്ട്. വിജയം എന്നാല്‍ ഖണ്ഡതയും അഖണ്ഡതയും തമ്മിലുള്ള സന്തുലനത്തിന്റെ ഫലമത്രേ.

? അപ്പോള്‍ ശാസ്ത്രത്തിന്റെ മനുഷ്യനന്മക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നിരൂപാധികസ്നേഹത്തിന്റെ ഭൌതിക സാമൂഹിക തലങ്ങളിലുള്ള പ്രതിഫലനങ്ങള്‍ എന്നാണ് താങ്കളുദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ശരിയല്ലേ?
* ശരിയാണ്. മാത്രമല്ല. നാം നിരൂപാധികസ്നേഹമെന്ന് പറയുന്ന വസ്തു മൌലികമായി സത്വഗുണം തന്നെയാണ്. സത്വഗുണം എന്നാല്‍ സത്തായ ഗുണം. അതുതന്നെയാണീശ്വരന്‍. ഈ ഐക്യം കണ്ടിട്ടാണ് ഏകം സത്വിപ്രാബഹുധാവദന്തി എന്ന് മഹര്‍ഷി ജപിച്ചത്.

? കര്‍മ്മത്തിന്റെ വിയര്‍പ്പും ദുഃഖത്തിന്റെ കണ്ണുനീരും നനഞ്ഞ് കുതിര്‍ന്നവയാണ് താങ്കളുടെ കവിതകളില്‍ ഭൂരിഭാഗവും. ഒപ്പം തന്നെ നിഷ്കളങ്കമായ ചിരിയുടെ ഇളവെയിലും അവയില്‍ തിളങ്ങിനില്‍ക്കുന്നു. വേദനയുടേയും വേവലാതികളുടേയും ഇടയില്‍ ചിരിയ്ക്കുവാനും തന്നെത്തന്നെ പരിഹസിക്കുവാനുമുള്ള കഴിവ് താങ്കള്‍ക്കെവിടെനിന്നുകിട്ടി? പഞ്ച പുറത്തിട്ടുനില്‍ക്കുന്ന ഉണ്ണിയില്‍നിന്നോ ഫലിതക്കാരനായ കാരണവരില്‍ നിന്നോ?
* താന്‍ പാതി ദൈവം പാതി- കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന - ഇതു ഭാരതത്തില്‍ എല്ലാവരുടേയും രക്തത്തിലുള്ള ദര്‍ശനമാണ്. ചെയ്യുന്ന ഒരു കര്‍മ്മത്തിനും പൂര്‍ണ്ണഫലം പ്രതീക്ഷിച്ചുകൂടാ. അതേസമയത്ത് കര്‍മ്മം ചെയ്യാതെ കൈയും കെട്ടിയിരുന്നാല്‍ പൂലാവില പെറുക്കാനും കഞ്ഞികുടിക്കാനും ഇടയാവുകയുമില്ല മാത്രമല്ല, നല്ല കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ ചീത്ത കര്‍മ്മത്തിനു പ്രേരിതനാകും. അകര്‍മ്മം അസാധ്യം. പരാജയം പിന്നീടുള്ള കര്‍മ്മത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള ഒരു മുഖ്യമായ ഉപാധിയാണ് നര്‍മ്മം, ചിരി. ഈ ബോധം എന്റെ കവിതയില്‍ 'സംസ്കാരം'എന്ന ദ്വയാര്‍ത്ഥപ്രയോഗം വഴി കടന്നുകൂടി എന്ന കാരണത്താലാണ് ഇടശ്ശേരി എന്ന മഹാകവി ആറുമാസത്തിനുള്ളില്‍ തനിക്കുള്ളത്ര പ്രസിദ്ധി എനിക്കുണ്ടാവുമെന്ന് പ്രവചിച്ചത്. അതദ്ദേഹം ആറുമാസത്തിനുള്ളില്‍ സാര്‍ത്ഥകമാക്കുകയും ചെയ്തു. 1942 കാലത്ത് പൊന്നാനിയില്‍ വെച്ച് പരിചയപ്പെട്ട എന്‍.വി. കൃഷ്ണവാരിയര്‍ 'അറിയാമല്ലോ, കവിയല്ലേ?' എന്നു ചോദിച്ച നിമിഷത്തില്‍. ഇടശ്ശേരിയുടെ ഒരു കവിതാസമാഹാരത്തിനദ്ദേഹം 'ചിരിക്കുന്ന മനുഷ്യന്‍' എന്ന പേരിട്ടത് പിന്നീടാണ്. അതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു?'ശരിയല്ലേ? മനുഷ്യനുമാത്രമേ ചിരിക്കാനാവൂ. കഴുതയുടേയും നത്തിന്റേയും ചിരി ചിരിയല്ല. അവയുടെ ചേഷ്ടക്കു മനുഷ്യന്‍ നല്‍കിയ ഓമനപ്പേരോ ശകാരപ്പേരോ മാത്രമാണ്.'

? നിഷ്കളങ്കനായ ഉണ്ണി വളരുമ്പോള്‍ അവന്‍ പരുക്കന്‍ ജീവിതവുമായേറ്റുമുട്ടുന്നു. അവന്‍ ആദര്‍ശ ശാലിയാണെങ്കിലും ധീരനല്ലാത്തതിനാല്‍ സമൂഹത്തിന്റെ സങ്കീര്‍ണ്ണവും വഞ്ചനാത്മകവുമായ സത്യത്തോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍ അവനാവുന്നില്ല. അതിനാല്‍ അവന്‍ ഭ്രാന്തനാകുന്നു. അഥവാ ഭ്രാന്തനാവാന്‍ ആഗ്രഹിക്കുന്നു. അതുമല്ലെങ്കില്‍ തന്നിലേക്കുതന്നെ, ആത്മശുദ്ധീകരണം എന്ന പേരില്‍ അവന്‍ ഉള്‍വലിയുന്നു. താങ്കളുടെ കവിതകളില്‍ നിന്ന് ഇങ്ങനെയൊരു പാഠം നിരൂപകന്‍ വായിച്ചെടുത്താല്‍ അതിനോട് താങ്കളെങ്ങനെ പ്രതികരിക്കും?
* ഞാനാ നിരൂപകനെ പഴിയ്ക്കില്ല. എന്റെ മന്ദബുദ്ധി, കാതിന്റെ തട്ടവലിപ്പം തടിച്ച ദേഹം ഇതൊന്നും ഞാന്‍ ഹരജി കൊടുത്തു മേടിച്ചതല്ലായ്കയാല്‍ അവയെപ്പറ്റി ആളുകള്‍ പരിഹസിക്കുമ്പോള്‍ നന്ദിപൂര്‍വ്വം ഞാന്‍ എന്നിലേക്ക് ചൂഴ്ന്നിറങ്ങുമായിരുന്നു.

? കവി ആകാശത്തിലേക്ക് ചിറകുവിരുത്താനാഗ്രഹിക്കുന്നു. ഭൂമിയാകട്ടെ, സര്‍വ്വശക്തിയുമുപയോഗിച്ച് അവനെ തന്നിലേക്കടുപ്പിക്കാന്‍ വെമ്പുകയും ചെയ്യുന്നു. ഈ സംഘര്‍ഷം താങ്കളുടെ പ്രധാന കവിതകളിലെല്ലാം കാണാം. ഈ സംഘര്‍ഷം താങ്കളെങ്ങനെയാണ് പരിഹരിക്കുന്നത്?
* ഞാനൊരു പഴം തിന്നുമ്പോള്‍ തൊഴുത്തിലെ പശു അതു കാണുന്നു എന്നു വിചാരിക്കക. തല്‍ക്കാലം എനിക്കു ചെയ്യാവുന്ന ധര്‍മ്മം കയ്യിലുള്ള തൊലി ആ പശുവിന് സാദരം ദാനം ചെയ്യുക എന്നതാണ്. ഇങ്ങിനെ സദ്യോധര്‍മ്മം ലാഭേച്ഛയില്ലാതെ ചെയ്ത് സാധാരണ മനുഷ്യനാവുമ്പോള്‍ മനസ്സിലെ സംഘര്‍ഷം കുറയുന്നു. മനസാപറക്കാനുള്ള ശക്തി വര്‍ദ്ധിയ്ക്കുന്നു. ഇതെന്റെ അനുഭവമാണ്. അതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ എനിയ്ക്കു തോന്നിയത്: ഭൂമിയോടുള്ള കടമ എത്രത്തോളം നിറവേറുന്നുവോ അത്രത്തോളമാണ് ആകാശത്തേയ്ക്കുയരാനുള്ള ചിറകിനു കരുത്തുണ്ടായിത്തീരുന്നത്.

? അതായത്, ഒരു വലിയ മനുഷ്യനേ വലിയ കവിയാവാനാവു എന്നര്‍ത്ഥം?
* അതെ

? ദൈനംദിനവ്യവഹാരങ്ങളുടെ പല്‍ച്ചക്രത്തിലരയുമ്പോള്‍ കണ്ണീരും രക്തവും ചൊരിയുന്ന താങ്കളുടെ ആത്മാവ് സമാശ്വാസത്തിനായി നിരൂപാധികമായ സ്നേഹം എന്ന അമൂര്‍ത്തമായ ആശയത്തിലേക്കാണ് ആദ്യം തിരിഞ്ഞത്. പിന്നീടത് മൂര്‍ത്തമായ നാമജപത്തിലേക്കും ഭാഗവതപാരായണത്തിലേക്കും തിരിഞ്ഞു. ജീവിതത്തിന്റേയും സമൂഹത്തിന്റേയും പ്രശ്നങ്ങളെ നേരിടാനുള്ള ഇച്ഛാശക്തിയുടേയും കര്‍മ്മശക്തിയുടേയും അഭാവത്തില്‍ അവയില്‍ നിന്നൊളിച്ചോടാനുള്ള പ്രവണതയല്ലേ നാമജപവും മറ്റും കാണിക്കുന്നത്?
* അല്ല മുകളില്‍ കാണിച്ച ഉദാഹരണം ഈ ചോദ്യത്തിനുകൂടി മറുപടിയാണല്ലോ എങ്കിലും കൂടുതലായി പറയാനുള്ളതിതാണ്. നിരൂപാധികസ്നേഹം എന്ന അവസ്ഥയെ സാധാരണീകരിക്കാനുതകുന്ന ഉപാധി എന്ന നിലയ്ക്കാണ് 'ഭാഗവതം' ഉണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു. അതിന്റെതന്നെ പരമമായ ലളിതവല്‍ക്കരണമാണ് നാമജപം. നാമം ജപിക്കുന്നവരാണ് കൂടുതല്‍ കര്‍മ്മം ചെയ്തിട്ടുള്ളതെന്നുവരെ വാദിക്കാന്‍ തെളിവുകളുണ്ട്. എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ ജെനറ്റിക് ലക്ഷ്യംകൂടിയാണെന്നു വരാം. എന്നല്ല, ഇതില്ലായിരുന്നെങ്കില്‍ ഒരു എഴുപത്തഞ്ചുകാരന്  ഉറക്കമിളച്ചു കര്‍മ്മം ചെയ്യാന്‍ കഴിയുമായിരുന്നുവോ എന്നുതന്നെ സംശയിക്കാന്‍ വകയുണ്ട്. ഇപ്പോള്‍ ഞാന്‍ തയ്യാറാക്കി വെച്ചിട്ടുള്ള 'ധര്‍മ്മസൂര്യന്‍' എന്ന ഖണ്ഡകാവ്യം (മഹാത്മജിയെക്കുറിച്ചുള്ളത്.) എന്റെ നാല്പത്തിയൊന്നാമത്തെ പുസ്തകമാണല്ലോ.

? 'ജലകാമനയുടെ വേദാന്തം' എന്ന് താങ്കളുടെ കവിതയെ ഡോ. ആര്‍. വിശ്വനാഥന്‍ നിര്‍വ്വചിച്ചിട്ടുണ്ട്. താങ്കളുടെ കവിതയുടെ കേന്ദ്രമായി ഒരു ജലബിന്ദുവുണ്ടെന്നും അത് അശ്രുവും സ്വേദവും ജീവന്റെ സ്രോതസ്സുമാണെന്നും അദ്ദേഹം പറയുന്നു. ജലകാമനയിലേക്കുമാത്രം താങ്കളെ ഒതുക്കിയപ്പോള്‍ തന്റെ കട്ടിലില്‍ താങ്കളെ കിടത്തുകയല്ലേ നിരൂപകന്‍ ചെയ്യുന്നത്? ജലം പോലെതന്നെ താങ്കള്‍ ഉപയോഗിച്ച മറ്റു ബിംബങ്ങളാണല്ലോ വെയിലും നിലാവും അഗ്നിയും മറ്റും. അതിനാല്‍ വിശ്വനാഥന്റെ വീക്ഷണത്തോട് താങ്കളെങ്ങനെ പ്രതികരിക്കുന്നു?.
* വിശ്വനാഥന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ കണ്‍മുമ്പില്‍ വിടര്‍ന്നത് വലിയച്ഛന്റെ കണ്ണില്‍ ഗംഗാനദി പോലെ ഉറന്നുവരുമായിരുന്ന കണ്ണീരാണ്. ആകയാല്‍ മനസാ എനിക്കദ്ദേഹത്തെ നമസ്കരിക്കേണ്ടിവന്നു. പഞ്ചഭൂതങ്ങളൊക്കെയും എന്റെ കൃതികളില്‍ ബിംബിക്കാറുള്ളത് സത്യം തന്നെ. അതിനെയൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ലല്ലോ. എന്തായാലും എന്റെ മനസ്സില്‍ പെട്ടെന്ന് പ്രകാശിച്ചത് കണ്ണീര്‍പരന്ന കണ്ണുതുടയ്ക്കുന്ന വലിയച്ഛന്റെ ചിത്രമാണെന്ന വസ്തുത നിഷേധിക്കാനാവില്ല.

?'സ്പര്‍ശമണികള്‍' എന്ന താങ്കളുടെ കവിതയില്‍ ഇരുമ്പുപൊന്നാക്കിക്കിട്ടാന്‍ വന്ന അതിഥികളെ ചായ തിളയ്ക്കും വരേയ്ക്കു കാത്തിരുത്തി നാടകീയമായി വിരമിക്കുകയാണല്ലോ താങ്കള്‍. താങ്കളുടെ കവിതയുടെ സ്പര്‍ശമണിക്കെന്തു സംഭവിച്ചു? അതിപ്പോഴും ഇരുമ്പിനെ പൊന്നാക്കാന്‍ സമര്‍ത്ഥമാണോ? എന്തുതോന്നുന്നു.?
* ഇതിനു ഞാന്‍ വാക്കുകളില്‍ മറുപടി പറയുന്നില്ല. ഇതാ, ഇതു ഞാനിയിടെ, ഭാഗവതവിവര്‍ത്തനസമാപ്തിക്കുശേഷം എഴുതിയ ഒരു ഗീതകമാണ്. ഇതിന്റെ പേര്‍ 'കേശവായ നമഃ' ഇതു വായിച്ചിട്ട് എന്തുതോന്നുന്നു?

?'പശുവും മനുഷ്യനും എന്ന താങ്കളുടെ മനോഹരമായ കവിതയില്‍ ഒരു സംശയം. തമ്പുരാന്‍ പശുവിനെ നോക്കാന്‍ ഉണ്ണീരിയോട് പറയുമ്പോഴത്തെ വരികള്‍ ഇങ്ങനെയാണ്:അമ്പുറ്റമിഴിയോടേ
കോലായില്‍ നില്‍ക്കും മൂത്ത
തമ്പുരാന്‍ ചൊല്ലീ "നീയാ-
ണിതിനെശ്ശുശ്രൂഷിക്കാന്‍
പയ്യിനെത്തല്ലാം തെച്ചി-
പ്പൂവാരേഴൊന്നാല്‍, വെണ്ണ-
നെയ്യുരുളയാല്‍മാത്ര-
മെറിയാം വേണ്ടീടുകില്‍''.
പശുവിനോടിത്രയേറെ സഹഭാവവും മമതയുമുള്ള അതേ തമ്പുരാന്‍ തന്നെയാണോ  പശു വൃദ്ധയായി ഉപയോഗശൂന്യയായപ്പോള്‍ 'വിറ്റാലെന്തുകിട്ടുമിച്ചാവാളിക്കൊരൂഹം നീ പറഞ്ഞാട്ടേ' എന്നു ചോദിച്ചത്. അവിടെ തമ്പുരാന്റെ സ്വഭാവത്തില്‍ ഒരു പരസ്പരവൈരുദ്ധ്യം തോന്നുന്നില്ലേ?
* നേരത്തെ പറഞ്ഞ വലിയച്ഛന്‍ രാമന്‍സോമയാജിയുടെ പത്നി നീലിപ്പത്തനാടി - എന്റെ വലിയമ്മ - അവരാണ്എന്നോടു പറയാറുണ്ടായിരുന്നത്. 'പയ്യിനെത്തല്ലണമോ? തച്ചോളു പക്ഷേ അത് തെച്ചിപ്പൂവിന്റെ ആര് ഏഴായിച്ചീന്തിയിട്ട് അതിലൊന്നുകൊണ്ടായിരിക്കണം. വെണ്ണ നെയ്യുരുള കൊണ്ടുമാത്രമേ പയ്യിനെ എറിയാവൂ.' ഇതാണ് കാല്‍നൂറ്റാണ്ടിനു ശേഷം 'പശുവും മനുഷ്യനും' എന്ന കവിതയെഴുതിയപ്പോള്‍ അതിലെ തമ്പുരാന്റെ നാവിന്മേലേക്കു പകര്‍ന്നത്. പക്ഷേ, ആ തമ്പുരാന്‍ 'വിറ്റാലെന്തു കിട്ടുമിച്ചാവാളിക്ക്?' എന്ന് പിന്നീട് ഉണ്ണീരിയോടു ചോദിക്കുന്നു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്ന താങ്കളുടെ  ദര്‍ശനം അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ 'പശുവും മനുഷ്യനും' എഴുതപ്പെടുന്നതിനെത്രയോ മുമ്പാണ് ഇടശ്ശേരി എഴുതിയത്.
'ഉപദേശത്തെ ശ്രദ്ധാ-
പൂര്‍വ്വമേ കൈക്കൊള്‍വൂനാ-
മപഥങ്ങളില്‍ വീഴു-
മന്യര്‍ക്കായ് സമ്മാനിയ്ക്കാന്‍'
എന്നു വച്ചാല്‍ ശരാശരി മനുഷ്യന്‍- ഒരുപക്ഷേ, ഭൂരിപക്ഷം മനുഷ്യരും
അവനവനോട് പറയുന്നതല്ല,അന്യരോട് പറയുന്നത്. ഈ വൈരുദ്ധ്യമാണ് ആ തമ്പുരാനിലും താങ്കള്‍ കണ്ടെത്തിയത് എന്നെനിക്കിപ്പോള്‍ തോന്നുന്നു.

?'ബലിദര്‍ശന'ത്തിന്റെ  ആമുഖത്തില്‍ താങ്കള്‍ പറയുന്നു: 'ശുക്രന്റെ കണ്ണിലെ രക്തം ഇപ്പോഴും വറ്റാതെ കട്ടപിടിച്ചു കിടക്കുന്നു. ആ ദൃശ്യത്തിന്റെ വിദൂരച്ഛായപോലും കവിതയിലേക്ക് കടന്നുവരികയുണ്ടായില്ല...അനാദൃന്തമായ മനുഷ്യചരിത്രത്തിന്റെ അടിയൊഴുക്കിനെ ധര്‍മൈകശരണനായ പ്രാപഞ്ചികമനുഷ്യന്റെ പരിശുദ്ധവും നിസ്സഹായകവുമായ സത്യസന്ധതയെ, അവസാനമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ ചതിമൂലം മനസ്സിലെ പാതിവെളിച്ചം കെട്ടുപോയ വിവേകത്തിന്റെ കഥ പറയാന്‍ പുറപ്പെട്ട ഞാന്‍ എഴുതിവെച്ചതെന്തൊരു സാധനമായിപ്പോയി? ഇതൊരു ശാശ്വതദുഃഖംപോലെ എന്നെ ശല്യപ്പെടുത്തുന്നു.'
ശുക്രന്റെ രക്തം കട്ടപിടിച്ച ഒറ്റക്കണ്ണിന് താങ്കളെന്നാണ് ശാപമോക്ഷം നല്‍കുക?
* താങ്കള്‍ ഉദ്ധരിച്ച വാചകത്തിലെ 'അവസാനമായി' എന്ന പദം അച്ചടിത്തെറ്റുവഴി, പ്രൂഫ്റീഡറുടെ അശ്രദ്ധവഴി ഉണ്ടായിത്തീര്‍ന്നതാണ്. 'അനവസാനമായി' എന്നാണ് ഞാനെഴുതിക്കൊടുത്തിരുന്നത്. ശുക്രന്റെ ഒറ്റക്കണ്ണിന് ഞാന്‍  എന്നാണ് മോക്ഷം നല്കുക? -അതെന്റെയും ചോദ്യമാണ്. ഒരു പക്ഷേ, ആ കവിത ഒരിക്കലുംഎഴുതാനിടവന്നില്ലെന്നു വരാം. ഞാനെപ്പൊഴും വിചാരിക്കുന്നത് 'ഇനി ഞാനൊന്നും എഴുതുകയില്ല.' എന്നാണ്. മുമ്പെഴുതിയവ എടുത്തു വായിക്കുമ്പോള്‍ ഇതൊക്കെ ഞാനെങ്ങനെ എഴുതി?' എന്നും തോന്നും. ഈയനുഭവം കാരണമാണ് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളത്, എന്നിലുള്ള മറ്റൊരാളാണ് കവിത എഴുതുന്നത് എന്ന്. ആ മറ്റൊരാള്‍ എന്റെ ഇച്ഛാശക്തിക്ക് വിധേയനല്ല എന്നതാണ് വാസ്തവം.

?എഴുതുമ്പോഴും എഴുതിക്കഴിഞ്ഞിട്ടും താങ്കള്‍ക്കേറെ ആനന്ദം നല്‍കിയ, താങ്കള്‍ താങ്കളെത്തനെ അതിക്രമിച്ചു എന്നു തോന്നിയ ചില കവിതകളെക്കുറിച്ച് പറയാമോ?
ഇതൊക്കെ ഞാനെങ്ങനെ എഴുതി? എന്ന് മിക്ക കവിതകളും പില്‍ക്കാലത്ത് എന്നെ അമ്പരിപ്പിക്കാറുണ്ട് എന്നു പറഞ്ഞുവല്ലോ. അതിനര്‍ത്ഥം അവയെല്ലാം എന്നെ - ഞാനെന്നു വിചാരിക്കപ്പെടുന്നവനെ - അതിക്രമിച്ചു എന്നല്ലേ? അക്കൂട്ടത്തില്‍ വലിയവ  എന്ന നിലയില്‍ പറയാവുന്ന ചിലത് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം','ബലിദര്‍ശനം', വാടാത്ത താമരയും കെടാത്ത സൂര്യനും', കണ്ടവരുണ്ടോ?', 'പശുവും മനുഷ്യനും' 'ആര്യന്‍';  'പണ്ടത്തെ മേല്‍ശാന്തി', 'വെണ്ണക്കല്ലിന്റെ കഥ', ഇടിഞ്ഞുപൊളിഞ്ഞ ലോകം; 'കുണ്ടുണ്ണി' 'മാധവിക്കുട്ടി'; മുതലായവയാണെന്ന് പറയാമെന്നു മാത്രം.

 ? മലയാളസാഹിത്യരംഗത്ത് താങ്കളുടെ സ്ഥാനം താങ്കള്‍ സ്വയം എങ്ങനെവിലയിരുത്തുന്നു?
* സ്ഥാനമാനങ്ങള്‍ ഒരിക്കലും എന്നെ ആകര്‍ഷിച്ചിട്ടില്ല. വാസ്തവത്തില്‍ എപ്പോഴും എന്റെ പ്രശ്നം മനസ്സിലെ കടച്ചിലില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്നതായിരുന്നു. അതിനെ വാക്കുകളിലേക്ക് പകര്‍ന്നു കഴിഞ്ഞു എന്നാശ്വസിക്കുന്ന നിമിഷങ്ങളിലെ നിഗമനം തെറ്റായിരുന്നിരിക്കാം. എങ്കിലും ആ ധന്യത ആയിരം നിമിഷങ്ങളിലെങ്കിലും എന്നെ അനുഗ്രഹിച്ചു. അതുകൊണ്ടാണ് ഞാന്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍ സൂര്യന്റെ മുമ്പില്‍ മഞ്ഞുകട്ടപോലെ വിലയിക്കുന്നത്.

?കവിതാരചനയേക്കാള്‍ താങ്കള്‍ വിലമതിക്കുന്ന മറ്റെതെങ്കിലും കര്‍മ്മമുണ്ടോ ജീവിതത്തില്‍?
*പശുവിന് പഴത്തൊലി കൊടുക്കുന്ന കാര്യം പറഞ്ഞുവല്ലോ. കാക്കയ്ക്ക് പിണ്ഡം വെച്ചുകൊടുത്ത് കൈകൊട്ടിയാല്‍ അവവന്നുകൊത്തുമ്പോഴുള്ള സന്തോഷം ഇപ്പോള്‍ പണ്ടത്തെ മാതിരി അനുഭവപ്പെടാറില്ല. അവ കൈകൊട്ടലിന്റെ ഭാഷ മറന്നതുപോലെ തോന്നും. ചുരുക്കത്തില്‍ ജീവപ്രീണനം എനിക്കെപ്പോഴും കവിതയെഴുത്തിനേക്കാള്‍ അഥവാ കവിതയെഴുത്തിനോളം സന്തോഷം ഉളവാക്കുന്നു.

? അതായത് താങ്കളെ സംബന്ധിച്ചിടത്തോളം കവിതയും ജീവിതവും രണ്ടല്ല ഒന്നുതന്നെയാണ്?
* അതെ ഏറ്റവും വലിയ സത്യത്തില്‍ നിന്നുതന്നെയാണ് ഏറ്റവും വലിയ സൌന്ദര്യമുണ്ടാവുന്നത്. അതുതന്നെയാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ധര്‍മ്മമായി മാറുന്നതും.

?ഇതൊന്നും എഴുതുന്നതു ഞാനല്ല. മറ്റേതോ കൈകള്‍ ഇതെല്ലാം എന്നെക്കൊണ്ടെഴുതിക്കുന്നതാണ് എന്നു താങ്കള്‍ നേരത്തെ പറഞ്ഞു. ഇതു താങ്കള്‍ പലപ്പോഴും പറയാറുമുണ്ട്. തൊണ്ണൂറുശതമാനം ഇച്ഛാപൂര്‍വ്വകമായ കര്‍മ്മത്തിന്റെ ശക്തിയും പത്തുശതമാനം മാത്രം അനിച്ഛാപൂര്‍വ്വകമായ പ്രചോദനത്തിന്റെ ശക്തിയും ചേര്‍ന്നാണ് കവിതയുണ്ടാവുന്നതെന്നാണെനിക്കു തോന്നിയിട്ടുള്ളത്. അങ്ങിനെയിരിക്കെ താങ്കളുടെ കവിതകളെഴുതുന്നത് മറ്റേതോ ശക്തിയാണെന്നു പറയുമ്പോള്‍, കവികര്‍മ്മത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തന്നെ ഒഴിഞ്ഞുമാറുകയല്ലേ താങ്കള്‍ ചെയ്യുന്നത്.
"എന്റെ കവിതയെഴുതുന്നത് എന്നിലുള്ള മറ്റൊരാളാണ്'' എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി പണ്ട് ഇടശ്ശേരി എന്‍.ബി.എസ്. ഡയറക്ടറായിരുന്ന കാലത്ത് എന്നോടു പറയുകയുണ്ടായി. 'തനിക്കുള്ള റോയല്‍റ്റി തനിക്കുതന്നെയാണോ തരേണ്ടത്' എന്നു ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കേട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത്, 'താന്‍ പറഞ്ഞതാണ് സത്യം. ഇതുപറയാനുള്ള ധീരത കാണിച്ചതില്‍ ഞാന്‍ അഭിനന്ദിക്കുന്നു.' എന്ന് ഇടശ്ശേരി പറയുന്നതായിട്ടാണ്. അതായത് 'കര്‍മ്മം ചെയ്യാനേ എനിക്കു കഴിയൂ. ഫലം ഉണ്ടാവുന്നത് മറ്റൊരു കാര്യമാണ്' എന്നബോധം കൂടുതല്‍ നിഷ്കൃഷ്ടമായി കര്‍മ്മം ചെയ്യാനുള്ളകരുത്തായിട്ടാണ് എപ്പോഴും എന്നെ അനുഗ്രഹിച്ചിട്ടുള്ളത്. അതുകൊണ്ടാണ്  ഇത്ര ചുരുങ്ങിയ കാലത്ത് ഇത്രവളരെ എഴുതിയതെന്നും ഞാന്‍ വിചാരിക്കുന്നു. എഴുതിയതിന്റെ പകുതിപോലും സഫലമായില്ല എന്നു കാണുമ്പോഴും എനിക്കൊരു കൂസലുമില്ല.

? എന്തൊരു പ്രസ്ഥാനവും എസ്റ്റാബ്ളിഷ്മെന്റായി മാറുമ്പോള്‍ അതിന്റെ ചലനാത്മകത്വം നശിക്കുകയും അതൊരു സ്ഥാപിതതാല്പര്യമായി മാറുകയും ചെയ്യുന്നു. അതോടുകൂടി അതു ജീര്‍ണ്ണിക്കാന്‍ തുടങ്ങുന്നു. ക്രിസ്തുമതം, മാര്‍ക്സിസം എന്നിവ ഉദാഹരണങ്ങള്‍ ഈ ജീര്‍ണ്ണത ബ്രാഹ്മണമതത്തിനും സംഭവിച്ചുവല്ലോ. ആര്‍ഷഭാരതത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രാഹ്മണമതം കാലക്രമേണ ജീര്‍ണ്ണിച്ച് വിഭാഗീയതയുടേയും ജാത്യന്ധതയുടേയും അനാചാരങ്ങളുടേയും കൂടാരമായി മാറി. ബ്രാഹ്മണമതത്തെ, അതിലെ നന്മകള്‍ നിലനിര്‍ത്തി, തിന്മകള്‍ ഒഴിവാക്കി, ഒരു ചലനാത്മകശക്തിയാക്കാന്‍ താങ്കള്‍ക്ക് വല്ല നിര്‍ദ്ദേശവുമുണ്ടോ?
* ബ്രാഹ്മണമതം എന്ന പദപ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. മതം എന്ന പദപ്രയോഗത്തോടുപോലും യോജിപ്പില്ല എന്നാവും പറയേണ്ടിവരിക. ഭാരതത്തില്‍ മതമില്ല, സനാതനധര്‍മ്മമേയുളളൂ, ഭാഗവതമെന്ന ഒറ്റ ഗ്രന്ഥത്തില്‍ മതമെന്ന പദം ആയിരം തവണ ഉപയോഗിച്ചിട്ടുണ്ടാവാം. എണ്ണി നോക്കിയിട്ടില്ല. ഒരിടത്തുപോലും അതിന് Religion എന്നര്‍ത്ഥമില്ല Opinion എന്നാണ് അര്‍ത്ഥം. ഇവിടെ Religion എന്ന അര്‍ത്ഥത്തില്‍ മതം പ്രയുക്തമാകാന്‍ തുടങ്ങിയത് ബുദ്ധമതകാലഘട്ടം മുതല്‍ക്കാവണം. അതായത് സനാതനധര്‍മ്മവിശ്വാസമാണ് ഈ രാജ്യത്തിന്റെ ഭൂതകാലത്തെ നിയന്ത്രിച്ചത്. അതില്‍നിന്നുണ്ടായ ചാതുര്‍വര്‍ണ്യം മതമല്ല, ജാതിയുമല്ല, തൊഴില്‍ വിഭജനമാണ്. ഇതുണ്ടാക്കിയത് ബ്രാഹ്മണരാണെന്നു പറയുമ്പോള്‍ മറ്റെല്ലാവരും മോശക്കാരായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ശുദ്ര - വൈശ്യ - ക്ഷത്രിയന്മാര്‍ മോശക്കാരായിരുന്നുവെന്ന് വിചാരിക്കാന്‍ ഞാന്‍ ആളല്ല. സംഗതി അതല്ല. സനാതനധര്‍മ്മത്തിന്റെ അജയ്യതയില്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. ഈശ്വരാരാധനയില്‍ നിന്നാരംഭിക്കുകയും ഈശ്വരാരാധനയില്‍ സമാപിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യഘടനക്കാണവര്‍ രൂപം കൊടുത്തത്. മനുഷ്യന്റെ എല്ലാ ചെയ്തികളും ഈശ്വരാര്‍പ്പണമായിട്ടായിരിക്കണം എന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ഒരു കാലഘട്ടത്തെ മനസ്സിലാക്കാന്‍ കഴിയാത്തത്ര ഭൌതികവാദികളായിപ്പോയി ഇന്നത്തെ നാം എന്നിടത്താണ് വിന കടക്കുന്നത്. മനുഷ്യന്‍ ദൈവത്തിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്, മറ്റു ജീവികള്‍ എന്നപോലെ. എങ്കില്‍ മനുഷ്യന്റെ ബുദ്ധി ഈശ്വരനെ നിഷേധിക്കരുത്. ഈശ്വരന്റെ ഏറ്റവും ശോഭനമായ രൂപം സ്നേഹമാണ്. ഈ വഴിക്ക് ചിന്തിച്ചാല്‍ അത്യാധുനികയാന്ത്രികതകളെല്ലാം സ്ഥാനേഘടിതമായ ഒരു വീക്ഷണത്തില്‍ നമ്മള്‍ എത്തിച്ചേരും. ശ്രീ ശങ്കരന്‍ സൌന്ദര്യലഹരിയില്‍ പറഞ്ഞു: 'ഞാനൊരു ദ്രമിഡശിശുവാണ്' എന്ന്. ചാതുര്‍വര്‍ണ്യം മനുഷ്യജീവിയിലെ അഹങ്കാരം വഴി ജാതികളായി മാറിയതാണ് ഭാരതത്തിലെ ദുര്യോഗം. അഹങ്കാരമാകട്ടെ, ഭാരതത്തില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ടുതാനും. രാമകൃഷ്ണപരമഹംസന്‍, വിവേകാനന്ദന്‍, മഹാത്മജി, ഡോ. ഹെഡ്ഗേവര്‍, അരവിന്ദമഹര്‍ഷി, അംബേദ്കര്‍ എന്നിങ്ങനെയുള്ള മഹാന്മാരായ ഭാരതീയരുടെ ചിന്തകളെ സനാതനധര്‍മ്മാടിസ്ഥാനത്തില്‍ നോക്കിക്കാണാനുള്ള വിവേകമാണ് ഇന്നാവശ്യം. ജയപ്രകാശ്, എം.എന്‍ റോയ്, ലോഹ്യ, വിനോബ ഭാവേ, സുഭാഷ് ബോസ്, ദീനദയാല്‍ ഉപാദ്ധ്യായ എല്ലാവരേയും മുന്‍ധാരണകളില്ലാതെ മനസ്സിലാക്കാനുള്ള ക്ഷമയും വിവേകവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനാവശ്യം.
? സംസ്കൃതഭാഷയുടെ പുനരുദ്ധാരണവും അതിലൂടെ ദേശീയോദ്ഗ്രന്ഥനവും താങ്കളെ വളരെ ആവേശം കൊള്ളിച്ച ഒരു വിഷയമാണല്ലോ. അതേക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.

* അ,ആ,ഇ,ഈ,ഉ,ഊ എന്നിങ്ങനെയുള്ള അക്ഷരമാലയെ ആശ്രയിക്കുന്ന എല്ലാ ഭാഷകളും സംസ്കൃതം തന്നെയാണ്. എന്നാല്‍ ദേവനാഗരി ലിപി യെത്തന്നെ ആശ്രയിക്കുന്ന ഹിന്ദിപോലുള്ള ഭാഷകളാണ് ഇന്ന് സംസ്കൃതത്തോട് കൂടുതല്‍ അടുത്ത് സ്ഥിതി ചെയ്യുന്നത്. 
വാസ്തവത്തില്‍ വിനോബാജി ആവശ്യപ്പെട്ട രീതിയില്‍ ദേവനാഗരിലിപി ഇവിടുത്തെ എല്ലാ ഭാഷകളും സ്വീകരിക്കുക മാത്രമേ വേണ്ടതുള്ളു. വാഹനങ്ങളും ആശയവിനിമയോപാധികളുംകൊണ്ട് ഇപ്പോള്‍ തന്നെ വലിയൊരളവോളം ഏകീഭവിച്ചുകഴിഞ്ഞ ഒരു ജനത ലിപിവൈവിദ്ധ്യം എന്ന തടസ്സത്തെ ഒഴിവാക്കുക കൂടി ചെയ്താല്‍ ലോകത്തെ അമ്പരിപ്പിക്കത്തക്കവിധം ഏകീഭവിക്കും. ക്രമേണ ആ ഭാരതീയഭാഷ ആധുനിക സംസ്കൃതം തന്നെയായിത്തീരുകയും ചെയ്യും. പക്ഷേ, അത് പുസ്തകത്തില്‍ കാണുന്ന സംസ്കൃത വരമൊഴിയായിക്കൊള്ളണമെന്നില്ല. ഇപ്പോള്‍ത്തന്നെ കര്‍ണ്ണാടകം, ഹിമാചല്‍പ്രദേശം എന്നീ സംസ്ഥാനങ്ങളില്‍ സംസ്കൃതം സംഭാഷണഭാഷയായ ജനസമൂഹങ്ങളുണ്ട്. പക്ഷേ, സംസ്കൃതപ്രചരണാര്‍ത്ഥം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ ഇടവരുത്തിക്കൂടാ. ലിപിബാഹുല്യം പോയാല്‍ ജനങ്ങള്‍ക്കുണ്ടാകാവുന്ന ആശ്വാസം വാചാമഗോചരമാണ്. ഇസ്രേല്‍ ഹീബ്രു പുനരുദ്ധരിച്ചതറിയുമല്ലോ.



 ? താങ്കള്‍ മഹാഭാഗവതം അടുത്തകാലത്ത് തര്‍ജ്ജമചെയ്തുത്തീര്‍ത്തുവല്ലോ. ആ മഹത്തായ അനുഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്

* മഹാഭാഗവതം വിവര്‍ത്തനം ചെയ്യാനിടവന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാണ്. അതുകഴിഞ്ഞതോടുകൂടി മനസ്സിലുളാവയ സന്തോഷം അവര്‍ണനീയം തന്നെ. ഭഗവാന്റെ ഈ അനുഗ്രഹം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളു. ഇവിടെയുള്ളതെല്ലാം ഭഗവാനാണെന്ന് എനിക്കു ബോദ്ധ്യപ്പെട്ടിരി          ക്കുന്നു.

"അനായാസേനമരണം

വിനാ ദൈന്യേന ജീവനം

ദേഹി മേ കൃപയാ കൃഷ്ണ,

ത്വാമഹം  ശരണംഗതഃ''

ഇതാണിപ്പോള്‍ എന്റെ പ്രാര്‍ത്ഥന.


? മഹാഭാഗവതം വിവര്‍ത്തനം ചെയ്യാന്‍ താങ്കളെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ ഒന്നു വിവരിയ്ക്കാമോ?

* ചേകൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, എന്റെ അമ്മാമന്റെ മകന്‍ രണ്ടുകൊല്ലത്തോളം മുമ്പ് ദിവംഗതനായി. അദ്ദേഹം അഞ്ചാറുതവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു. ഗുരുവായൂരപ്പനെ തൊട്ടു തലോടിയ മനുഷ്യന്‍. ഗുരുവായൂരുവെച്ച് ഒരിയ്ക്കല്‍ അദ്ദേഹം എന്നോടു ചോദിച്ചു:"അച്യുതേട്ടന്‍ ഭാഗവതം നോക്കാറില്ലേ?'' ഉണ്ടായിരുന്നു. എന്നാലും ഒരു ദൈനന്ദിനവൃത്തി എന്നനിലയില്‍ അനുസന്ധാനം ചെയ്തിരുന്നില്ല. അദ്ദേഹം സ്നേഹപൂര്‍വ്വം എന്നോടു പറഞ്ഞു. "എന്തായാലും ഒന്നു പരിശ്രമിച്ചു നോക്കൂ. ദിവസേന ഒരു ശ്ളോകമെങ്കിലും വായിച്ചുചിന്തിയ്ക്കു. എന്തെങ്കിലും എഴുതിവെയ്ക്കുകയും ചെയ്യുക.'' ഞാന്‍ പെട്ടെന്നു മറുപടി പറഞ്ഞില്ല. മടങ്ങിപ്പോരുമ്പോള്‍ ചിന്തിച്ചത് വാസുദേവന്റെ വാക്കുകളെപ്പറ്റിയായിരുന്നു. എന്തിനാണ് ഗുരുവായൂരപ്പന്റെ പരിസരത്തുവെച്ചുതന്നെ വാസുദേവന്‍ ആ നിര്‍ദ്ദേശം ഉന്നയിച്ചത്? സാക്ഷാല്‍ വാസുദേവന്‍ തന്നെയല്ലേ എന്നോടതു പറഞ്ഞത്?


?താങ്കളുടെ നോട്ടത്തില്‍ മഹാഭാഗവതത്തിന്റെ സന്ദേശമെന്താണ്?

* ദേഹം മനസ്സിന്ദ്രിയവും വചസ്സും

ബുദ്ധ്യാത്മവൃത്തിപ്രകൃതിസ്വഭാവം

ചെയ്യുന്നതെന്തും പരിപൂര്‍ണനായ

നാരായണന്നര്‍പ്പണമായ് വരട്ടെ.

                                (ഭാഗവതം - 11-2-36)

ബോധാവസ്ഥനിലനില്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ഏറ്റവും മൌലികമായ പ്രാര്‍ത്ഥനയാണിത്. നമ്മളാരും ശരിയായ അര്‍ത്ഥത്തില്‍ ഇല്ല; ഉള്ളതു ഭഗവാന്‍ മാത്രം എന്ന പ്രകൃതിസത്യബോധമാണ് ഭാഗവതസന്ദേശം.


? ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗം ഭക്തിയോഗമാണെന്നാണല്ലോ, ഭാഗവതം പറയുന്നത്. ഫലചിന്തയില്ലാത്ത കര്‍മ്മം ചെയ്യുവാനും അഹങ്കാരം പുരളാത്ത ജ്ഞാനം നേടുവാനും ഒരു ഭക്തനു മാത്രമേ കഴിയൂ എന്നതു കൊണ്ടായിരിക്കുമോ ഭക്തിയോഗത്തെ മറ്റെല്ലാ യോഗങ്ങളിലുമുല്‍കൃഷ്ടമായി ഭാഗവതം പ്രകീര്‍ത്തിക്കുന്നത്?

 * താങ്കള്‍ പറഞ്ഞതു വാസ്തവമാണ്. അതുതന്നെയാണ് ഭക്തിയോഗത്തിന്റെ വൈചാരിക പ്രാധാന്യം. എന്നാല്‍ അതുമാത്രമല്ലതാനും. ആളുകള്‍ ഭക്തിയോഗത്തില്‍ എത്തിച്ചേരുന്നത് ബാഹ്യപ്രേരണകള്‍ കൊണ്ടു മാത്രമല്ല. ഓരോ ആത്മാവും താനറിയാതെ എത്തിച്ചേരുന്ന വൈകാരികസത്യത്തില്‍നിന്നാണല്ലോ, 'ഈശ്വര, അമ്മേ' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉറന്നു പൊന്തുന്നത്?


? താങ്കളുടെ ജീവിതത്തില്‍ ഇനിയും നിറവേറാത്ത അരുമയായ ആഗ്രഹം വല്ലതുമുണ്ടോ? ഉണ്ടെങ്കില്‍ എന്താണവ?

* ആഗ്രഹം എന്നു പറയാന്‍ ഒന്നുമില്ല. എങ്കിലും മനുഷ്യന് വെറുതെയിരിക്കാന്‍ ആവില്ലല്ലോ ആ നിലയ്ക്ക് എന്തെങ്കിലും ഒക്കെ ചെയ്തെന്നു വരും. 'പഞ്ചതന്ത്രത്തെ അടിസ്ഥാനപ്പെടുത്തി കുറേ കവിത എഴുതിയിട്ടുണ്ട്. ഇനിയും അവ തുടരാം.


?താങ്കളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഒരു കൃതിയാണല്ലോ. അരവിന്ദഘോഷിന്റെ 'സാവിത്രി'. ഉദാത്തമായ കര്‍മ്മത്തിലൂടെ മരണത്തെ  ജയിക്കുന്ന ജീവിതംതന്നെയാണല്ലോ സാവിത്രി എന്ന ബിംബം സാവിത്രിയുടെ സന്ദേശം എന്താണ് താങ്കളുടെ നോട്ടത്തില്‍?

* സാവിത്രി കുറെ വിവര്‍ത്തനം ചെയ്തിരുന്നു. രണ്ടു തവണ. ആദ്യത്തെ Canto മാത്രം. ആ സ്ക്രിപ്ടില്‍ കുറേ നഷ്ടപ്പെട്ടു. ആ Canto തന്നെ ഈയിടെ മറ്റു ചിലര്‍  തര്‍ജ്ജമ ചെയ്തത് പുറത്തുവന്നിട്ടുണ്ട്. അതിലൊരെണ്ണം എന്നെ തൃപ്തനാക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ ആ വഴിക്കു തന്നെ ഞാനിനി പരിശ്രമിക്കുക എന്നതുണ്ടാകുമോ? ഇല്ലെന്ന് പറയാനും വയ്യ. എല്ലാം ഗുരുവായൂരപ്പന്റെ ഇച്ഛപോലെ എന്നേ പറയാനാവൂ. ഇപ്പോള്‍ തയ്യാറായിട്ടുള്ളത് 'ധര്‍മ്മസൂര്യന്‍' എന്ന ഗാന്ധികാവ്യമാണ്.

'ഉദാത്തമായ കര്‍മ്മത്തിലൂടെ മരണത്തെ ജയിക്കുക' എന്ന് സാവിത്രി
നമ്മോടു പറയുന്നു എന്ന താങ്കളുടെ നിഗമനം ശരിതന്നെയാണ്. പക്ഷേ, അതവിടെ നില്‍ക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, സാവിത്രിയിലെ നാലുവരി ഞാനുദ്ധരിക്കാം.
                                        'The world is not built of random bricks
                                             A blind god is not destiny's architect.
                                   A conscious power has drawn the plan of life
                                       There is a meaning in each curve and line'


എന്നുവച്ചാല്‍ പ്രകൃതിയില്‍ നിന്നു നാം മനസ്സിലാക്കേണ്ടത് പ്രകൃതിയെ ഉല്പാദിപ്പിച്ച പുരുഷനെയാണ് എന്നാണല്ലോ. അങ്ങനെ വരുമ്പോള്‍ ആ കൃതിയുടെ ആകെത്തുക.

A passage from matter into timeless self '' എന്ന  വരിയിലായിത്തീരുകയില്ലേ?''


? ഇതുവരെ ജീവിതത്തെക്കുറിച്ചാണല്ലോ പറഞ്ഞിരുന്നത്. മരണത്തെ താങ്കളെങ്ങനെ നോക്കിക്കാണുന്നു? ഒരു നാള്‍ മരണം താങ്കളുടെ അടുത്തുവന്ന് കൂടെപ്പോരു' എന്ന് വിളിക്കുമ്പോള്‍ താങ്കളെന്തു പറയും?

*വികൃതിര്‍ജീവിതമുച്യതേബുധൈഃ' എന്ന കാളിദാസന്റെ വചനമാണല്ലോ ഭാഗവതവും എന്നെ പഠിപ്പിച്ചത്. അതായത് ഈ കാണുന്നതെല്ലാം മായയാണെന്ന് മരണത്തിലെത്തുന്നതുവരെയുള്ള നിമിഷങ്ങളാണ് ഭയാനകം. മരണമല്ല. എന്നാല്‍ വഴിക്കുള്ള ഭയാനകതയ്ക്കും മരുന്നുണ്ട്. അതാണ് നാരായണനാമം എന്നെസ്സംബന്ധിച്ചിടത്തോളം. ലോകാസ്സമസ്താസ്സുഖിനോ ഭവന്തു.

No comments: