പ്രമാണമെന്നതു ശാസ്ത്രമാകും. ആ ശാസ്ത്രവും ശബ്ദരൂപമായിരിക്കും. ആ ശബ്ദവും നാദബ്രഹ്മമെന്നു വ്യവഹരിക്കപ്പെടും. അപ്രകാരമുള്ള നാദബ്രഹ്മമെന്ന തത്വമാകട്ടെ പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്നിങ്ങനെ നാലു പിരിവോടുകൂടിയിരിക്കും. അവയിൽ പരാ എന്നതു ജ്ഞാനികളാലും, പശ്യന്തി കേവലം യോഗികളാലും, മദ്ധ്യമാ ധ്യാനശക്തിയോടുകൂടിയ ഉപാസകരാലും, വൈഖരി വേദശാസ്ത്രജ്ഞന്മാരാലും പണ്ഡിതന്മാരാലും അനുഭവിക്കത്തക്കത്. ഇവയിൽ മൂന്നു ഭാഗവും ആന്തർമുഖമായും വൈഖരിയെന്ന ഒരു ഭാഗം ബഹിർമുഖമായും ഇരിക്കും. ആ വൈഖരിയായതു ബഹുവിധ വേദശാസ്ത്രഭാഷാവിശേഷങ്ങളായി വികസിച്ചിരിക്കും. അപ്രകാരം വികസിച്ചിരിക്കുന്ന ആ വൈഖരി സ്വയം ഏകാക്ഷരമായിരിക്കും. ഉപാധിസംബന്ധങ്ങളാൽ ഏകമായും മൂന്നായും പതിനാറായും അൻപതായും അക്ഷരങ്ങളെ വർണ്ണങ്ങളെന്നു പറയും. ഈ അൻപതു വർണ്ണങ്ങളിലും അവർണ്ണം കവർണ്ണം ലവർണ്ണം എന്നിങ്ങനെ വർണ്ണസത്ത ഏകമായി കാണപ്പെടുകയാൽ ആ ഏകമായ വർണ്ണസത്ത ദന്ത താലു ഓഷ്ഠാദി സ്ഥലഭേദങ്ങളിൽ ഇച്ഛയാൽ ചലിക്കപ്പെടുന്ന ക്രിയാശക്തി സംബന്ധത്താൽ, ശർക്കര, പുളി, വലണം, ഏലം ഇത്യാദി സംബന്ധങ്ങളാൽ നിർഗന്ധമായും ഏകരസമായും ഉള്ള ജലം ബഹുരസഗന്ധഭേദങ്ങളോടുകൂടി കാണപ്പെടുന്നതു പോലെ, അൻപതു ഭേദത്തോടുകൂടിയതായി കാണപ്പെടും. അപ്രകാരം തന്നെ, വ്യവഹാരത്തിനായിട്ടു പദം, വാക്യം എന്നിങ്ങനെ സങ്കേതിക്കപ്പെടും. ഈ വക സങ്കേതവും ഈശന്റെ ഇച്ഛാശക്തിയാൽ നിയമിക്കപ്പെട്ടതുതന്നെയാണ്. അപ്രകാരം ഈശന്റെ ഇച്ഛാശക്തിയോടുകൂടിയ വൈഖരീരൂപ ശാസ്ത്രപ്രമാണമായത് പ്രബലം,..(നിജാനന്ദവിലാസം_(ചട്ടമ്പിസ്വാമികൾ.)
No comments:
Post a Comment