Saturday, September 30, 2017

ശിവപ്രീതിയ്ക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവന്‍ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നാണ് വിശ്വാസം. അന്ന് കൂവളത്തിലകൊണ്ട് ശിവഭഗവാനെ അര്‍ച്ചിച്ചാല്‍ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം’ എന്നാണ് ശിവപുരാണത്തില്‍ പറയുന്നത്.
സ്ത്രീകളാണ് പ്രദോഷവ്രതം പ്രധാനമായും അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാല്‍ രാത്രിയുടെ ആഗമനം എന്നാണര്‍ത്ഥം. ഈ സമയത്ത് പൂജ നടക്കുന്നതിനാല്‍ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേക പക്ഷത്തുവരുന്ന ത്രയോദശിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്.
സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവര്‍ ശിവദര്‍ശനവും പൂജയും നടത്തി അല്‍പഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാല്‍ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് പറയുന്നു.
പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഒരു കഥയിങ്ങനെ. പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവര്‍ വിദര്‍ഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാല്‍ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരന്‍. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയില്‍ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു.
ഒരുദിവസം രാജകുമാരന്‍ കാട്ടില്‍ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങള്‍ വിദര്‍ഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധര്‍മ ഗുപ്തന്‍. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകള്‍ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരന്‍ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദര്‍ഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തില്‍ വരുത്തി താമസിപ്പിച്ചു. അങ്ങനെ അവരുടെ ദുഃഖം ശമിച്ചു.
ഒരിക്കല്‍ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങനെ നടന്നു? രാജകുമാരന്‍ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ. ദാരിദ്ര്യമുക്തി, കീര്‍ത്തി, സദ്‌സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വ പാപനാശം എന്നീ ഫലങ്ങള്‍ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം.
രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അര്‍ച്ചന, കൂവളമാല എന്നീ വഴിപാടുകള്‍ വിശേഷ ഫലം നല്‍കുമെന്നാണ് വിശ്വാസം. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്‌സന്താന ലബ്ധി ഇവയ്ക്കായുളള പ്രാര്‍ഥന വിശേഷകരമെന്ന് വിശ്വാസം.


ജന്മഭൂമി: http://www.janmabhumidaily.com/news713336#ixzz4uCuwauhr

No comments: