Thursday, September 14, 2017

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യലതാദികള്‍ക്കും വൃക്ഷങ്ങള്‍ക്കും -മൃത്യു അനിവാര്യമാണ്. എല്ലാവര്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ ആറു അവസ്ഥകള്‍ അനുഭവിക്കേണ്ടിവരും. ജനനം, വളര്‍ച്ച, നിലനില്‍പ്പ്, സന്തത്യുത്പാദനം ക്ഷയം, അവസാനം മരണം. വാസ്തവത്തില്‍ ജനനം മുതല്‍ മരണം നമ്മെ വിഴുങ്ങിക്കൊണ്ടേയിരിക്കുകയാണ്. ഒടുവിലത്തെ വിഴുങ്ങലാണ് മരണം. ഭഗവാന്‍ പറയുന്നു-ഭൗതിക പ്രപഞ്ചത്തെ ഒറ്റയടിക്ക് വിഴുങ്ങുന്ന-സര്‍വ്വഹരനായ-മൃത്യു-മരണം ഞാനാണ് ഭഗവാന്റെ പുരികം ഒന്നിളകിയാല്‍ നശിക്കും എഴുത്തച്ഛന്‍ പാടുന്നു.
”ഉലകം സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭൃംഗിയും” – ഇതുകേള്‍ക്കാന്‍പോലും നമുക്ക് സമയമില്ല.
ഭവിഷ്യതാം ഉദ്ഭവശ്ച (50)
എല്ലാറ്റിനെയും ഒന്നിച്ച് ഞാന്‍ വിഴുങ്ങുംപോലെ എല്ലാറ്റിനെയും ജനിപ്പിക്കുന്നതും ഞാന്‍ തന്നെ. മനുഷ്യനെ സംബന്ധിച്ച് പറഞ്ഞാല്‍ ജനനമാണല്ലോ എല്ലാത്തിന്റെയും ആരംഭം. ആ ആരംഭത്തില്‍ ഞാന്‍ ഉണ്ട്.
താഴെ എഴുതുന്ന ഏഴു ഭാവങ്ങളും ഭഗവാന്റെ വിഭൂതികളാണ്
(51) കീര്‍ത്തി:- ധാര്‍മ്മികവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ കര്‍മ്മങ്ങള്‍ മാത്രം ചെയ്താല്‍ നാനാപ്രദേശങ്ങളില്‍ നിവസിക്കുന്നവരില്‍ നിന്ന് കിട്ടുന്ന അനുമോദനങ്ങള്‍.
(52) ശ്രീ: – ധര്‍മ്മാനുസൃതമായി മാത്രം പ്രയത്‌നിച്ച് ലഭിക്കുന്ന സമ്പത്തും പ്രഭാവവും; വേദപുരാണേതിഹാസങ്ങള്‍ അധ്യയനം ചെയ്ത് ഉണരുന്ന ആത്മപ്രഭവും, -ശ്രീ-തന്നെയാണ്.
(53) വാക്- അക്ഷരങ്ങളും പദങ്ങളും വ്യക്തമാവുംവിധം ഉച്ചരിച്ചും ശ്രവണമധുരമായും ഉള്ള സംഭാഷണം.
(54) സ്മൃതി:- മുമ്പ് വായിച്ചതും കേട്ടതുമായ കാര്യങ്ങള്‍ ഓര്‍മ്മിക്കുവാനുള്ള കഴിവ്.
(55) മേധാ-വിവിധ വിഷയങ്ങളെ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ വിശദമായി പഠിക്കാനും ബുദ്ധിയില്‍ ഉറപ്പിച്ചു നിര്‍ത്താനുമുള്ള കഴിവ്.
(56) ധൃതി:- ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും ക്ഷീണം സംഭവിച്ചാല്‍ പോലും അവയ്ക്ക് വീണ്ടും പ്രചോദനം കൊടുത്ത് മുന്നേറാനുള്ള കഴിവ്.
(57) ക്ഷമാ- സന്തോഷം ഉണ്ടായാല്‍ അതിര് വിട്ട് ആഹ്ലാദിക്കാതെയും സങ്കടം വന്നാല്‍ ദുഃഖിക്കാതെയും സമചിത്തതയോടെ നില്‍ക്കാനുള്ള കഴിവ്.
സ്ത്രീരൂപത്തില്‍ അനേകം ദേവതകള്‍ സ്വര്‍ഗ്ഗാദി ലോകങ്ങളില്‍ സ്തിതി ചെയ്യുന്നു എന്ന് പുരാണങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. അവരെ ഭജിക്കുന്നവര്‍ക്ക് ഇഷ്ടവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഇവിടെ മേല്‍ എഴുതിയ കീര്‍ത്തി മുതല്‍ ക്ഷമ വരെയുള്ള ഏഴു സല്‍ഗുണങ്ങളും ആ സ്ത്രീദേവതമാരില്‍ ഉള്‍പ്പെടുന്നു. അവര്‍ ശ്രീകൃഷ്ണഭഗവാന്റെ വിഭൂതികളാണെന്ന് മനസ്സിലാക്കുക. ഈ ദേവതകമാരെ ഭജിച്ച് അവരില്‍നിന്ന്-കീര്‍ത്ത്യാദി ഗുണങ്ങള്‍ നമുക്ക് നേടാം.


ജന്മഭൂമി: http://www.janmabhumidaily.com/news704312#ixzz4sh8nTY3t

No comments: